ലോകത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഒരു ഭരണഘടന സ്വന്തമായപ്പോള്‍ അന്നത്തെ ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രമാണിത്വ രാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യയുടെ ആനയുടെ അത്രയും വലിപ്പമുണ്ടെന്നാണ് കളിയാക്കിയത്. ഇതിന് ഡോ. രാജേന്ദ്ര പ്രസാദ് നല്‍കിയ മറുപടി ‘ലോകത്ത് ഏറ്റവും ലക്ഷണമൊത്ത ആനകള്‍ ഇന്ത്യന്‍ ആനകളാണെന്നും അതുപോലെ തന്നെ ലോകത്തെ ലക്ഷണമൊത്ത ഭരണഘടന ഇന്ത്യയുടേയാണെന്നുമായിരുന്നു’. അന്ന് ഇന്ത്യയെ കളിയാക്കിയ രാഷ്ട്രങ്ങള്‍ക്ക് പിന്നീട് ഇന്ത്യയെ വാഴ്ത്തേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണിന്ന്. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും നമ്മുടേത് തന്നെ.
ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളില്‍ നിഷിപ്തമായിരിക്കുകയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുഖേന അത് നടപ്പാക്കാപ്പെടുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍’ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകം മാത്രമേ ഈ ആമുഖത്തിലുള്ളു എങ്കിലും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രൗഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു.
ഇന്ത്യയിലെ ജനങ്ങള്‍ ‘സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്‍കുന്നു’ എന്നാണ് ആമുഖ വാചകം. ഈ ആമുഖം അതിന്റെ ശില്‍പികളുടെ മനസ്സിന്റെ താക്കോലാണ്.
നമ്മുടെ ഭരണഘടനയെ കവച്ചുവെക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്തക്കും അഭിപ്രായപ്രകടനത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം, പദവിയിലും അവസരങ്ങളിലും സമത്വം എന്നിവ വിഭാവനം ചെയ്ത ഒരു ഭരണഘടന ഇന്ന് നിലവിലുണ്ടോ എന്ന് സംശയിക്കണ്ടിയിരിക്കുന്നു.
വളരെ സന്തോഷപരമായാണ് രാജ്യം 68 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു ഔപചാരിക തുടക്കമായി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനാണ് മുഖ്യാതിഥി. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഇന്ത്യയുടെ സൈനിക ശക്തി പ്രകടിപ്പിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കരനാവികവ്യോമ സേനയ്ക്കു പുറമെ അര്‍ധസൈനിക വിഭാഗങ്ങളും അണിനിരന്നു. യുഎഇ ല്‍ നിന്നുള്ള സൈനീകരും പരേഡില്‍ പങ്കെടുത്തു. റിപ്ലബ്ലിക്ദിന പരേഡിനു നേരെ വ്യോമ ആക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരുന്നു.
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി നിയോഗിക്കപ്പെട്ടത്.
ഈ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രപതിഭവനു സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റുണ്ടാകും. സേനയുടെ സുപ്രീം കമാന്‍ഡറായ ഇന്ത്യന്‍ പ്രസിഡന്റാകും പരേഡില്‍ സല്യൂട്ട് സ്വീകരിക്കുക. പരേഡില്‍ നിരവധി ഫ്‌ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും.
രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാറുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. ഗവര്‍ണ്ണര്‍ക്ക് അസുഖം തുടങ്ങിയ അവസ്ഥകളുണ്ടെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയര്‍ത്തുക.
ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാകുകയും ചെയ്തു. ഇതോടെ കോമണ്‍വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന അവസ്ഥ സംജാതമായി. എന്നാല്‍, ഇന്ത്യ കോമണ്‍വെല്‍ത്തില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു. ബ്രിട്ടീഷ് രാജ്ഞി കോമണ്‍വെല്‍ത്തിന്റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍, രാജ്യത്തിന്റെ അധിപയാകണ്ട എന്നും നെഹ്റു തീരുമാനമെടുത്തു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും പിന്നീട് ഇതേ പാത സ്വീകരിക്കാനിടയായി.
ഇന്ത്യയുടെ സാമാന്യ ജനത്തിന് വേണ്ടിയതെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെ യ്തിട്ടുണ്ട്. പലവിധ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും മറ്റു പല ഭേദഗതികള്‍ക്കും ശേഷം മൂന്നു വര്‍ഷത്തോളമെടുത്താണ് ഭരണഘടന തയ്യാറാക്കിയത്. ഓരോ ഇന്ത്യക്കാരനും തുല്യ അവകാശവും സ്വാതന്ത്ര്യവുമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന ആദര്‍ശാശയത്തില്‍ ഉറച്ചു നില്‍ക്കുന്നൊരു തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആണിക്കല്ല്. 22 ഭാഗങ്ങളുള്ള നമ്മുടെ ഭരണഘടനയില്‍ സാധാരണക്കാരനായ പൗരനെ ബാധിക്കുന്ന ‘മൗലികാവകാശങ്ങള്‍’ എന്ന മൂന്നാം ഭാഗമാണ് ഭരണഘടനയുടെ അന്തസത്ത. ഈ മൂന്നാം ഭാഗത്തുതന്നെയുള്ള 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങള്‍ സ്വന്തം വിശ്വാസങ്ങള്‍ പുലര്‍ത്താനും അഭിപ്രായങ്ങള്‍ പറയാനും വിദ്യയാര്‍ജിക്കാനും തൊഴില്‍ സ്വാതന്ത്ര്യവും സുരക്ഷിതമായി കുടുംബ ജീവിതം നയിക്കാനുമുള്ള പൗരന്റെ അവകാശം എടുത്തുകാട്ടുന്നു.
ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാതെ ദേശീയ പതാക ഉയര്‍ത്തുമ്പോഴും ധീര ഘോരം പ്രസംഗിക്കുമ്പോഴും ഭരണഘടനാശില്‍പികളുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും. ഭാരതത്തിന്റെ അഖണ്ഡതക്ക് വിഘാതമായി വരുന്ന ദുഷ്ട ശക്തികളെ ഉന്മൂലനം ചെയ്തു മുന്നേറാന്‍ കഴിയുമ്പോഴും രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാനുള്ള സന്മനസ് കൈവരുമ്പോഴും മാത്രമാണ് റിപ്പബ്ലിക്കിന്റെ പൂര്‍ണത കൈവരിക.
Post Your Comments