കൊച്ചി : കുമ്പളത്ത് വീപ്പയിലെ കോണ്‍ക്രീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത യുവതിയുടെ അസ്ഥികൂടത്തിന്റെ കണങ്കാലില്‍ കണ്ടെത്തിയ പിരിയാണി (മളിയോലര്‍ സ്‌ക്രൂ) സമീപകാലത്തു കേരളത്തില്‍ ഉപയോഗിച്ചത് ആറു രോഗികളില്‍. ഇത്തരം സ്‌ക്രൂ ഉപയോഗിച്ചു കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ ചികില്‍സ നടത്തിയതു രണ്ട് ആശുപത്രികളില്‍ മാത്രം.
അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലില്‍ ആറര സെന്റിമീറ്റര്‍ നീളത്തില്‍ കണ്ടെത്തിയ സ്‌ക്രൂവിന്റെ നിര്‍മാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാര്‍ കമ്പനിയുടെ സഹകരണത്തോടെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാന്‍ കേരളാ പൊലീസ് ശ്രമം തുടങ്ങി. മളിയോലര്‍ സ്‌ക്രൂവില്‍ കണ്ടെത്തിയ സീരിയല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയല്‍ നമ്പറില്‍നിന്ന് ഈ സ്‌ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാന്‍ കഴിയും.
രണ്ടര വര്‍ഷത്തിനുള്ളില്‍ ഇത്തരം ആറു പിരിയാണികള്‍ മാത്രമാണു കേരളത്തിലെ ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചിട്ടുള്ളൂ എന്നാണറിവ്. വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍തന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളില്‍ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
എന്താണുമളിയോലസ്?
മനുഷ്യന്റെ കണങ്കാലിന്റെ ഉള്‍ഭാഗത്തെ അസ്ഥിയുടെ ശാസ്ത്രീയമായ പേരാണ് മീഡിയല്‍ മളിയോലസ്. വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടത്തില്‍ ഇടതുകണങ്കാലിന്റെ മീഡിയല്‍ മളിയോലസ് അസ്ഥിക്കാണു പൊട്ടല്‍ കണ്ടത്.
വാഹനാപകടങ്ങള്‍, കെട്ടിട നിര്‍മാണ മേഖലയിലെ അപകടങ്ങള്‍ എന്നിവയില്‍ പരുക്കേല്‍ക്കുമ്പോഴാണു വിരളമായി ഇത്തരം എല്ലുപൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഇതിന്റെ ചികില്‍സയ്ക്കായാണ് മളിയോലര്‍ സ്‌ക്രൂ ഉപയോഗിക്കുക.
Post Your Comments