കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷമെന്ന് സുപ്രീം കോടതി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ കാലാവധിയാണ് അഞ്ചു വര്‍ഷമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. 2015 ജനുവരി ഒമ്പതിന് സിരിസേന അധികാരമേറ്റപ്പോള്‍ ഭരണഘടന പ്രകാരം പ്രസിഡന്റ് പദവിയുടെ കാലാവധി ആറു വര്‍ഷമായിരുന്നു. പ്രസിഡന്റ് കാലാവധി സംബന്ധിച്ച് അന്തിമനിര്‍ണയം നടത്തണമെന്ന സിരിസേനയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.
2015 മേയ് 15ന് ഭരണഘടനാ ഭേദഗതി വരുത്തി പ്രസിഡന്റ് കാലാവധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തി. എന്നാല്‍, നേരത്തെ ചുമതലയേറ്റ പ്രസിഡന്റിന് 19-ാം ഭരണഘടനാ ഭേദഗതി ബാധകമാണോ എന്ന തര്‍ക്കമുണ്ടായപ്പോഴാണ് സുപ്രീംകോടതിയുടെ അഭിപ്രായം തേടിയത്. ജനുവരി 11ന് പരിഗണിച്ച കേസില്‍ മൂന്നു ദിവസത്തിന് ശേഷം സുപ്രീംകോടതി തീരുമാനം അറിയിക്കുകയായിരുന്നു. ശ്രീലങ്കന്‍ ബാര്‍ അസോസിയേഷന്‍, അറ്റോര്‍ണി ജനറല്‍ എന്നിവരുടെ അഭിപ്രായവും സുപ്രീംകോടതി ആരാഞ്ഞിരുന്നു.
Post Your Comments