Latest NewsKeralaNews

സ്വേച്ഛാധിപധികളെ ആദർശ പുരുഷൻമാരായി കാണുന്ന നേതാക്കള്‍ വോട്ടിനു വേണ്ടി കപട വേഷം അണിയുന്നു ; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം•ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശ വിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സി.പി.എം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. മാതൃ രാഷ്ട്രത്തെ സ്നേഹിക്കാൻ ആവില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയ്യാറാകണം. ചൈനാ ഭക്തൻമാരായ കോടിയേരിയെപ്പോലുള്ളവർക്ക് അതാണ് നല്ലത്. ഇന്ത്യാ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണ്.

രാജ്യം പാകിസ്ഥാനിൽ നിന്നുള്ളതിനേക്കാൾ ഭീഷണി ചൈനയിൽ നിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിനാൽ ഇന്ത്യൻ സൈന്യം ചൈനാ അതിർത്തിയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനത്തിന്‍റെ സംസ്ഥാന സെക്രട്ടറി ശത്രു രാജ്യത്തിന് വേണ്ടി സംസാരിക്കുന്നത്. 1962 ലെ ഇന്ത്യാ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്ന് തന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവെക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയിരിക്കുന്നത്. അകത്ത് നിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാർഗ്ഗം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത് പോലും അതിന് വേണ്ടിയായിരുന്നു. ചോറിങ്ങും കൂറങ്ങുമെന്ന നിലപാട് ഇത്രകാലമായിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ ഉപേക്ഷിച്ചില്ലെന്ന് ഇതോടെ വ്യക്തമായി. രാജ്യത്തിന് വേണ്ടി പോരാടി മരിച്ച വീര സൈനികരെ കോടിയേരി അവഹേളിക്കുകയാണ്. നേരത്തെ സൈനികരുടെ ധാർമ്മികതയെ ചോദ്യം ചെയ്തും കോടിയേരി രംഗത്തെത്തിയിരുന്നു. ഏകാധിപത്യ രാജ്യങ്ങളായ ഉത്തരകൊറിയയേയും ചൈനയേയും കോടിയേരിയും പിണറായിയും പ്രകീർത്തിക്കുന്നത് ജനാധിപത്യത്തിൽ തരിമ്പും വിശ്വാസമില്ലാത്തതിനാലാണ്. സ്വേച്ഛാധിപധികളെ ആദർശ പുരുഷൻമാരായി കാണുന്ന ഈ നേതാക്കള്‍ വോട്ടിനു വേണ്ടിയാണ് കപട വേഷം അണിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button