KeralaLatest NewsNews

സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തി മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ ആവശ്യം ഇങ്ങനെ

തിരുവനന്തപുരം : സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ കസേര തിരിച്ചുപിടിച്ച ടി.പി. സെന്‍കുമാര്‍ നിയമനടപടിക്കു തനിക്കു ചെലവായ അഞ്ചുലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി. സര്‍ക്കാരിന്റെ തെറ്റായ നടപടിയെത്തുടര്‍ന്നാണ് തനിക്കു സുപ്രീം കോടതിയില്‍ പോകേണ്ടിവന്നതെന്നും അതിനു തന്റെ കൈയില്‍നിന്നു ചെലവായ 4,95,000 രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് ടി.പി. സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി.

രാജ്യത്തെ മുന്‍നിര അഭിഭാഷകനായ പ്രശാന്ത് ഭൂഷണു നല്‍കിയ 4,95,000 രൂപയുടെ ഫീസിന്റെ രേഖ അടക്കമാണ് സെന്‍കുമാറിന്റെ അപേക്ഷ. ചീഫ് സെക്രട്ടറി കത്ത് നിയമോപദേശത്തിനായി നിയമവകുപ്പിന് കൈമാറി. സര്‍ക്കാരിനെതിരെ നിയമയുദ്ധം നടത്തി, സര്‍ക്കാരില്‍നിന്നുതന്നെ ആ തുക തിരിച്ചുപിടിക്കാനുളള സെന്‍കുമാറിന്റെ നീക്കത്തില്‍ ആഭ്യന്തരവകുപ്പ് അങ്കലാപ്പിലാണ്. സെന്‍കുമാറിന്റെ കത്ത് നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയയുടന്‍ ടി.പി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി പദവിയില്‍നിന്നു നീക്കി പകരം ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കുകയായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും ജിഷ വധവും അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു ഇടതുസര്‍ക്കാര്‍ സെന്‍കുമാറിനെ നീക്കിയത്. സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്നു സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുളള സെന്‍കുമാറിന്റെ പ്രവേശനവും സര്‍ക്കാര്‍ തടഞ്ഞു. ഏകപക്ഷീയമായ നിലപാടുകളാണ് സര്‍ക്കാര്‍ സെന്‍കുമാറിനെതിരേ സ്വീകരിച്ചതെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്. തുടര്‍ന്ന് സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം നല്‍കേണ്ട ഗതികേടില്‍ സര്‍ക്കാരെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button