Latest NewsNewsNews Story

ലോകനേതാക്കളുടെ ആഗോള റാങ്കിംഗില്‍ അമേരിക്കന്‍ പ്രസിഡന്‍റ്, റഷ്യന്‍ പ്രസിഡന്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരെ പിന്നിലാക്കി നരേന്ദ്രമോദി അംഗീകരിക്കപ്പെടുമ്പോള്‍; സ്വിറ്റ്സര്‍ലന്‍ഡിലെ ഗ്യാലപ് ഇന്റർനാഷണൽ എന്ന വിഖ്യാതഏജന്‍സിയുടെ സര്‍വേ വിലയിരുത്തി കെ.വി.എസ് ഹരിദാസ് പറയുന്നത്

ലോകനേതാക്കളുടെ റാങ്കിങ്ങിൽ നരേന്ദ്ര മോഡി മൂന്നാമത് ; ജർമ്മനിയുടെ ആഞ്ചേല മെർക്കൽ, ഫ്രാൻസിന്റെ ഇമ്മാനുവൽ മാക്രോൺ എന്നിവർ മാത്രമാണ് ലോകത്തെ ഭരണകർത്താക്കളിൽ മോദിക്ക് മുന്നിലുള്ളത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി ഇത് കരുതപ്പെടുന്നു. ആഗോള രംഗത്ത് ഇന്ത്യക്ക് എത്രമാത്രം അംഗീകാരം ലഭിക്കുന്നു, നരേന്ദ്ര മോഡി എത്രമാത്രം ലോകജനതക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു എന്നതിനുള്ള സാക്ഷ്യപത്രമായി ഇത് വിലയിരുത്തപ്പെടുന്നു. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടുന്ന മറ്റൊരു കാര്യം ഇന്ത്യയിൽ നരേന്ദ്ര മോഡിക്കുള്ള ജനപിന്തുണയാണ്. 85 ശതമാനം പേര് അദ്ദേഹത്തെ പിന്തുണക്കുന്നു എന്നും എതിർപ്പ് പ്രകടിപ്പിച്ചവർ വെറും പതിനഞ്ച് ശതമാനമാണ് എന്നും സർവേ കാണിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ‘പോപ്പുലർ ലീഡർ’ എന്ന സ്ഥാനത്തിന് മോഡിയുടെ അടുത്തെങ്ങും ആരുമില്ലെന്നതാണ് ഇത് കാണിച്ചുതരുന്നത്.

സ്വിട്സർലന്റിലെ സൂറിച്ചിലുള്ള ഗ്യാലപ് ഇന്റർനാഷണൽ എന്ന ഏജൻസിയാണ് ഈ സർവേ നടത്തിയത്. സി-വോട്ടർ ഇന്റർനാഷണലുമായി ചേർന്നാണ് അവർ അത് നടത്തിയത്. 1947 -ൽ രൂപമെടുത്ത ഗ്യാലപ് ഇന്റർനാഷണൽ ഓരോ രണ്ടു് വര്ഷം കൂടുമ്പോഴും ഇത്തരത്തിൽ ഒരു പഠനം, സർവേ, നടത്താറുണ്ട്. ലോകമെമ്പാടുമാണ് സർവേ നടക്കുന്നത് എന്നതാണ് ഇതിന്റെ പ്രാധാന്യം. ഇത്തവണ 53, 769 പേരുടെ അഭിപ്രായമാണ് അവർ തേടിയത്. ഇതിനുമുൻപ് സർവേ നടന്നത് 2015- ലാണ്, രണ്ട്‌ വര്ഷം മുൻപ്. അന്ന് നരേന്ദ്ര മോഡി അഞ്ചാമനായിരുന്നു. ഒന്നാമത് യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയും രണ്ടാമത് ആഞ്ചേല മെർക്കൽ (ജർമ്മനി ), മൂന്നാമത് – ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂൺ, നാലാമത് ഫ്രഞ്ച് ഭരണത്തലവനായ ഫ്രാങ്കോയിസ് ഹൊളാണ്ടെയും. ലോകരാഷ്ട്രങ്ങൾ അത്രമാത്രം പ്രാധാന്യം ഈ ഏജൻസിയുടെ സർവേക്ക് നൽകുന്നു എന്നതാണ് പ്രധാനം. ഒബാമ അന്ന് ഒന്നാമതായിരുന്നുവെങ്കിൽ ഇത്തവണ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പത്താമതാണ്.

നരേന്ദ്ര മോദിയെപ്പോലെ ഇത്രമാത്രം ജനപ്രീതിയുള്ള മറ്റൊരു നേതാവ് ഇന്ത്യയിൽ അടുത്തെങ്ങും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആഗോള രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മോദിയുടെ വിദേശ പര്യടനങ്ങൾ ശ്രദ്ധയോടെ ആസൂത്രണം ചെയ്തതും അതൊക്കെ വലിയ സംഭവമായി മാറിയതും നാം കണ്ടതാണ്. എൻആർഐ-കളുമായുള്ള മോദിയുടെ ആശയവിനിമയം, അവരുമായുള്ള കൂടിക്കാഴ്ചകൾ മാത്രമല്ല ഇന്ത്യ സർക്കാർ സ്വീകരിക്കുന്ന ജനോപകാരപ്രദമായ നടപടികൾ വിശദീകരിക്കുന്നത് എന്നിവയൊക്കെ വിദേശ ഇന്ത്യൻ സമൂഹം മാത്രമല്ല ലോക നേതാക്കളും ഏറെ ശ്രദ്ധയോടെയാണ് കണ്ടിരുന്നത്. സാമ്പത്തിക -ഭരണ രംഗത്ത് ഈ സർക്കാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ, അതിന് ലഭിച്ച പിന്തുണ എന്നിവയും ലോകം ശ്രദ്ധിക്കുന്നുണ്ട് എന്നതിനുള്ള തെളിവായി ഇതിനെ കാണാമെന്ന് തോന്നുന്നു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോഴും ഇന്ത്യക്ക് ആ മേഖലയിൽ വലിയ മുന്നേറ്റം നടത്താനായി എന്നതും ചെറിയ കാര്യമല്ല. അടുത്തിടെ ലോകബാങ്കും ഐഎംഎഫും മറ്റും പുറത്തുവിട്ട സാമ്പത്തിക അവലോകനത്തിൽ ഇന്ത്യ അടുത്ത വർഷങ്ങളിൽ കൈവരിക്കാൻ പോകുന്ന നേട്ടങ്ങൾ സൂചിപ്പിച്ചിരുന്നുവല്ലോ. 2018 മുതൽ ലോകത്തിലെ ഏറ്റവുമധികം വികസനം നടക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് ലോകബാങ്കിന്റെ പഠനം കാണിക്കുന്നത്. ദാവോസിൽ അടുത്തമാസം നടക്കാനിരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം സമ്മേളനത്തിൽ നരേന്ദ്ര മോഡി എത്തുന്നുണ്ട്. ഇപ്പോൾ ലഭിച്ച ഈ ലോക അംഗീകാരം ആ വേദിയിൽ നരേന്ദ്ര മോദിക്ക് ഏറെ സഹായകരമാവും എന്നതിൽ സംശയമില്ല.

ഇപ്പോഴത്തെ ഈ സർവേയുടെ ഫലം വിശകലനം ചെയ്താൽ ഓരോ മേഖലയിലും ആർക്ക് എത്ര പിന്തുണ ലഭിച്ചു എന്നത് മനസിലാക്കാനാവും. നരേന്ദ്ര മോദിയെ ഏറ്റവുമധികം പേര് എതിർത്തത് മൂന്ന് രാജ്യങ്ങളിലാണ് ; ഒന്ന്, പാകിസ്ഥാൻ, രണ്ടു് – സൗത്ത് കൊറിയ പിന്നെ പലസ്‌തീൻ. 2015 ൽ പാകിസ്ഥാനിൽ മോദിവിരുദ്ധ ചിന്ത 43 ശതമാനമായിരുന്നു എങ്കിൽ ഇപ്പോഴത് 54 ശതമാനമാണ്. ദക്ഷിണ കൊറിയയിൽ അത് 33 % ആയിരുന്നത് ഇപ്പോൾ 34 % ആയി വർധിച്ചു. പലസ്തിനിൽ അന്നും ഇന്നും 33 % തന്നെ. അതിൽ അസ്വാഭാവികതയില്ലതാനും. അതേസമയം വിയറ്റ്നാം, ഫിജി, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലാണ് മോദിക്ക് ഏറ്റവുമധികം പിന്തുണ നേടാനായത്. വിയറ്റ്നാമിൽ രണ്ടുവർഷം മുൻപ് അത് വെറും ഒൻപത് ശതമാനം ആയിരുന്നുവെങ്കിൽ ഇന്നിപ്പോൾ 71 ആയി കൂടി. അഫ്‌ഗാനിസ്ഥാനിൽ 45 ശതമാനത്തിൽ നിന്ന് 48 ശതമാനത്തിലേക്കുള്ളവർദ്ധനവ് കാണാനായി. ഫിജി അന്നുമിന്നും 59 % തന്നെ. റഷ്യയിൽ മോദിയുടെ പിന്തുണ ഗണ്യമായി കുറഞ്ഞിട്ടുണ്ട്; അതേസമയം യുഎസിൽ അത് മൂന്ന് ശതമാനം കണ്ട്‌ വർധിച്ചിരിക്കുന്നു. മംഗോളിയ, കസാക്കിസ്ഥാൻ, തുർക്കി, മെക്സിക്കോ എന്നീ രാജ്യങ്ങളിലും മോദിയുടെ പിന്തുണ വർദ്ധിക്കുകയുണ്ടായി.

ഇന്ത്യൻ ജനത എങ്ങിനെയാണ് ലോകനേതാക്കളെക്കുറിച്ചു ചിന്തിച്ചത് എന്നത് കൂടി ഈ വേളയിൽ പരിശോധിക്കേണ്ടതുണ്ട്.നരേന്ദ്ര മോദിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. മോഡി കഴിഞ്ഞാൽ ഇന്ത്യൻ ജനത ഏറ്റവുമധികം പിന്തുണച്ചത് യുഎസ് പ്രസിഡന്റ് ട്രംപിനെയാണ് ; 74 %. നിഷേധ വോട്ട് അദ്ദേഹത്തിന് വെറും എഴ് ശതമാനമാണ്. വ്ലാഡിമിർ പുടിൻ (റഷ്യ), ആഞ്ചേല മെർക്കൽ ( ജർമ്മനി), തെരേസ മെയ് (ബ്രിട്ടൻ), ഇമ്മാനുവേൽ മാക്രോൺ ( ഫ്രാൻസ്), ബെഞ്ചമിൻ നെതന്യാഹു (ഇസ്രായേൽ)സൽമാൻ ബിൻ അബ്ദുൽ അസീസ് സൗദ് ( സൗദി അറേബ്യ) എന്നിവരാണ് പിന്നിലുള്ളത്.

ഈ സർവേക്ക് ഇന്ത്യയിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അടിത്തദിവസങ്ങളിൽ കോൺഗ്രസ് നേതാക്കൾ നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെയുള്ള കുപ്രചാരണങ്ങൾ ശക്തമാക്കിയിരുന്നുവല്ലോ. പാകിസ്ഥാൻ എടുക്കുന്ന അതെ നിലപാടാണ് അവരിൽ ചിലർ അടുത്തിടെ സ്വീകരിച്ചത്. രാഹുൽ ഗാന്ധിയാവട്ടെ ഇന്ത്യക്ക് പുറത്തുചെന്ന് രാഷ്ട്രവിരുദ്ധ പ്രചാരണം തുടങ്ങുകയും ചെയ്തു. ആഗോളതലത്തിൽ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകർക്കുക എന്നത് ഈ ഉദ്യമങ്ങളിലൂടെ ലക്ഷ്യമിട്ടിരുന്നു എന്നുവേണം കരുതാൻ. ജമ്മുകശ്മീരിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്താനും അവിടെ ജനജീവിതം അസാധ്യമായി എന്ന് വരുത്തിത്തീർക്കാനുമായിരുന്നുവല്ലോ ശ്രമം. യഥാർഥത്തിൽ പാക്കിസ്ഥാൻ ആഗ്രഹിച്ചത് കോൺഗ്രസ് നേതാക്കൾ പറഞ്ഞുവെന്നു മാത്രം. ബഹ്‌റൈനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം അക്ഷരാർഥത്തിൽ വസ്തുതാവിരുദ്ധവും ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതുമായിരുന്നു. വിദേശമണ്ണിൽ ചെന്ന് ഇത്തരത്തിൽ ഒരു ഇന്ത്യ വിരുദ്ധ പ്രസംഗം ആരെങ്കിലും മുൻപ് നടത്തിയിട്ടുണ്ടോ എന്നതും സംശയാസ്പദമാണ്. അതിലൂടെയൊക്കെ അവർ ലക്ഷ്യമിട്ടത് മോദിയുടെ പ്രതിച്ഛായ തകർക്കലാണ് എന്നതിൽ സംശയമില്ല. അതിനൊക്കെയിടയിലാണ് ലോകനേതാക്കളുടെ നിരയിൽ മോഡി ഉയർന്നുവരുന്നത് എന്നത് ചെറിയകാര്യമല്ല.

കെ.വി.എസ് ഹരിദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button