വാഷിങ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യക്കാരനെ അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കാനൊരുങ്ങുന്നു. ഇന്ത്യക്കാരിയായ വൃദ്ധയെയും 10 മാസം പ്രായമുണ്ടായിരുന്ന പേരക്കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദന് യാന്ദമുരി എന്നയാളെയാണ് 2014ല്‍ വധശിക്ഷക്ക് വിധിച്ചത്. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഇയാള്‍ നല്കിയ അപ്പീലും തള്ളിയതിന് പിന്നാലെ ഫെബ്രുവരി 23ന് ഇയാളുടെ ശിക്ഷ നടപ്പാക്കാന്‍ പ്രദേശിക ഭരണകൂടം തീരുമാനമെടുത്തിരിക്കുകയാണ്.
എഞ്ചിനീയറിങ് ബിരുദധാരിയായ രഘുനന്ദന് എച്ച് വണ്‍ ബി വിസയിലാണ് അമേരിക്കയിലെത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് 61 വയസുകാരിയെയും അവരുടെ 10 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയെയും ഇയാള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഇവരെ കൊലപ്പെടുത്തി. വിചാരണയ്ക്കൊടുവില് 2014ല്‍ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. തുടര്‍ന്ന് അപ്പീല്‍ നല്‍കിയെങ്കിലും കഴിഞ്ഞ ജൂലൈയില്‍ ശിക്ഷ ശരിവെച്ചുകൊണ്ടാണ് വിധിവന്നത്. പെന്‍സില്‍വാനിയയില്‍ ഫെബ്രുവരി 23ന് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ അറിയിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരനെ അമേരിക്കയില്‍ വധശിക്ഷക്ക് വിധിക്കുന്നത്. പെന്‍സില്‍വാനിയയില്‍ കഴിഞ്ഞ 20 വര്‍ഷമായി ആരുടെയും വധശിക്ഷ നടപ്പാക്കിയിട്ടില്ല.
അതേസമയം പെന്‍സില്‍വാനിയ ഗവര്‍ണര്‍ 2015 മുതല്‍ വധശിക്ഷകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ വൈകുമെന്ന സൂചനയുമുണ്ട്. നിയമപ്രകാരം വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവില്‍ നിശ്ചിത സമയത്തിനകം ഗവര്‍ണര്‍ ഉത്തരവിട്ടില്ലെങ്കില്‍ വധശിക്ഷ നടപ്പാക്കാന്‍ കറക്ഷന്‍സ് വകുപ്പ് സെക്രട്ടറി 30 ദിവസത്തിനകം മറ്റൊരു നോട്ടീസ് പുറപ്പെടുവിക്കേണ്ടതുണ്ട്. വധശിക്ഷ സംബന്ധിച്ച് സ്റ്റേറ്റ് ടാസ്ക് ഫോഴ്സും ഉപദേശക സമിതിയും നടത്തിവരുന്ന പഠനം പൂര്‍ത്തിയാകുന്നത് വരെയാണ് വധശിക്ഷകള്‍ക്ക് 2015ല്‍ ഗവര്‍ണര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്.
Post Your Comments