സോഷ്യല്‍ മീഡിയക്ക് സുപരിചിതനായ ഒരു വ്യക്തിയാണ് തൃത്താല എം എല്‍ എ യും കോണ്‍ ഗ്രസ്സിന്റെ യുവനേതാക്കളില്‍ പ്രമുഖനുമായ വി ടി ബല്‍റാം. സാമൂഹികമായ വിഷയങ്ങളില്‍ തന്റെ അഭിപ്രായം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗിച്ചാണ് ബല്‍റാം ഇത്രയും സുപരിചിതനായത്. അല്ലാതെ പേരിനും പ്രശസ്തിക്കും വേണ്ടി വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സ്വന്തം പാര്ട്ടിക്കാര് അമ്മയെ തല്ലിയാല്‍ പ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചു നേടിയതല്ല. എന്നാല്‍ ഇപ്പോള്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ എ കെ ജിയെ ബാല പീഡകന് എന്ന് വിളിച്ചു അധിക്ഷേപ്പിച്ചതിലൂടെ വിവാദത്തില്‍ ആയിരിക്കുകയാണ് വി ടി ബല്‍റാം.
‘ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി’ എന്നാണ് ബല്‍റാമിന്റെ പക്ഷം. ‘ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു’. ഈ വാക്കുകള്‍ ഫയറിലോ മുത്തുച്ചിപ്പിയിലോ സോളാര്‍ റിപ്പോര്‍ട്ടിലോ അല്ല, പത്ത് നാല്‍പ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നല്കിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണ്- എന്ന് ബല്‍റാം പറഞ്ഞ വാക്കുകളാണ് ഇപ്പോഴത്തെ ചര്‍ച്ച.
പിണറായി വിജയന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന് പിന്തുണ നല്‍കിയതായുള്ള വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലാണ് ബല്‍റാം വിവാദ കമന്റുകളിട്ടത്. ഗ്രൂപ്പംഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബല്‍റാം ‘ഇങ്ങനെ ഇവരുടെ വിവരക്കേടും കയ്യിലിരിപ്പും കാരണം കേരളത്തിനുണ്ടാകുന്ന ചീത്തപ്പേര് മാറ്റാന്‍ കേരളം ആയുര്‍ദൈര്‍ഘ്യത്തിലും സാക്ഷരതയിലുമൊക്കെ നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി രാജ്യമൊട്ടുക്ക് പരസ്യം കൊടുക്കേണ്ടിവരുന്നതാണ് ഏറ്റവും കഷ്ടം’ എന്ന കമന്റുമായി രംഗത്തെത്തിയത്.
‘എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്കിയ വീടുകളില്‍ നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരിക്കും’ എന്നാണ് ബല്‍റാം കമന്റിട്ടിരിക്കുന്നത്. പത്ത് നാല്‍പ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നല്കിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണ്. അവരെ ദൈവങ്ങളാക്കിക്കൊണ്ടു നടക്കുന്നവരില്‍ നിന്ന് നിലവാരത്തിന്റെ ക്ലാസ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നും ബൽറാം പറഞ്ഞു.
’14 വയസ്സുള്ള മോഹന്‍ദാസ് എന്ന ബാലന് ഏതാണ്ട് സമാനപ്രായക്കാരിയായ കസ്തൂര്‍ബയെ അന്നത്തെ നാട്ടാചാരപ്രകാരം വിവാഹം ചെയ്യുന്നത് പോലെയല്ല നാല്‍പ്പത് കഴിഞ്ഞ വിവാഹിതനായ ഒരാള്‍ അഭയം നല്കിയ വീട്ടിലെ പന്ത്രണ്ട് വയസ്സായ ഒരു ബാലികയുമായി ബന്ധം സ്ഥാപിക്കാന്‍ മുതിരുന്നത്. നാട്ടിലെ അനാചാരങ്ങളും പീഡോഫീലിയയും തമ്മിലുള്ള വ്യത്യാസം അന്തം കമ്മികള്‍ക്കല്ലാത്ത ബാക്കിയുള്ളവര്‍ക്ക് മനസ്സിലാവും’ എന്നും കമന്റ് ഇട്ടു. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി വിവാദങ്ങള്‍ ശക്തമാകുമ്പോള്‍ പ്രതികരണവുമായി പാര്‍ട്ടി അംഗങ്ങള്‍ എത്തുന്നത് സ്വാഭാവികം.
സ്വന്തം പാര്‍ട്ടിയിലെ യുവ രക്തത്തെ അനുകൂലിയ്ക്കാതെ തള്ളിക്കളയുകയാണ് പല കോണ്‍ഗ്രസ് നേതാക്കന്മാരും ചെയ്തത്. നീച് ആദ്മി എന്ന് മോഡിയെ വിളിച്ച അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസ് വിടിയെയും പുറത്താക്കുമോ എന്നായി അടുത്ത ചോദ്യം. അങ്ങനെ ആണെങ്കില്‍ ആദ്യം പുറത്താകേണ്ട സിപിഎം അംഗം മന്ത്രി എം എം മണി ആകില്ലേ? എന്തായാലും വി ടി ബല്‍റാം പറഞ്ഞത് തെറ്റാണ്. എന്നാല്‍ തെറ്റ് തെറ്റാണെന്നു പറയുന്നതിനൊപ്പം ശരിയുമാണ്. എത്രയോ വിവരക്കേടുകള്‍ പറഞ്ഞ മന്ത്രി മണി ഇപ്പോഴും മന്ത്രി സഭയില്‍ തുടരുന്നു. പിന്നെ സരിത കേസിലും ചാരക്കേസിലും കോണ്‍ഗ്രസിന് നേരെ അധിക്ഷേപ വാക്കുകള്‍ ഉണ്ടായപ്പോള്‍ അതിനെതിരെ ആരും ഇത്രയും വിവാദങ്ങള്‍ ഉയര്‍ത്തിയില്ല. എന്തെ എകെജിയ്ക്ക് ഉള്ള മാനാഭിമാനങ്ങള്‍ ഒരു വ്യക്തി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയ്ക്കും കരുണാകരനും ഇല്ലെ? അതുകൊണ്ട് ആരും വിമര്‍ശനത്തിനു അതീതരല്ല. ഇത്രയും പറഞ്ഞത് കൊണ്ട് വിടിയെ ന്യായീകരിക്കുന്നുവെന്നു ചിന്തിക്കേണ്ട. മരിച്ചുപോയ ഒരാളെക്കുറിച്ച് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് ശരിയല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആരാധകര്‍ ഏറെയുള്ള ഒരു നേതാവാണ് എ കെ ജി. അത്തരം ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കണമായിരുന്നു. വെളിവില്ലാതെ വല്ലതും വിളിച്ചു പറഞ്ഞ കേമന്മാരും പ്രശസ്തരും ആകുന്ന ഇക്കാലത്ത് ഇത്തിരി ബുദ്ധിയും വിവേകവും കൂട്ടത്തില്‍ ഉണ്ടെന്നു ചിന്തിക്കുന്ന വിടിയില്‍ നിന്നും ഇത് പ്രതീക്ഷിക്കാത്തതാണു ഇപ്പോഴത്തെ ഈ വിമര്‍ശനങ്ങള്‍ക്ക് കാരണം.
ഒരു എം എല്‍ എ ഫേസ് ബുക്കിലെ താരം താണ രീതിയില്‍ ഒരു പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചത് ശരിയല്ല. കമ്മി സുടാപ്പി തുടങ്ങിയ ന്യൂജന്‍ വാക്കുകള്‍ കൊണ്ട് വിമര്‍ശിച്ച ബലറാം എ കെ ജിയെ വിമര്‍ശിച്ചതിന്റെ ന്യായീകരണ ഭാഗത്ത് പറയുന്നുണ്ട് 14 വയസ്സുള്ള മോഹന്‍ദാസ് എന്ന ബാലന് ഏതാണ്ട് സമാനപ്രായക്കാരിയായ കസ്തൂര്‍ബയെ അന്നത്തെ നാട്ടാചാരപ്രകാരം വിവാഹം ചെയ്യുന്നത് പോലെയല്ല നാല്‍പ്പത് കഴിഞ്ഞ വിവാഹിതനായ ഒരാള്‍ അഭയം നല്കിയ വീട്ടിലെ പന്ത്രണ്ട് വയസ്സായ ഒരു ബാലികയുമായി ബന്ധം സ്ഥാപിക്കാന്‍ മുതിരുന്നത് എന്ന്. പക്ഷെ ഒരു സംശയം ആചാരങ്ങള്‍ക്ക് അനുസരിച്ച് വിവാഹം കഴിച്ചെങ്കിലും ഗാന്ധിജിയുടേത് ബാല വിവാഹത്തില്‍ വരില്ലേ ?. അല്ല അങ്ങനെ ആണെങ്കില്‍ ആചാരത്തിന് വഴങ്ങി ബാലവിവാഹം കഴിച്ചതിനാല്‍ ഗാന്ധിജി വെറും ഗാന്ധിയാണെന്നും മഹാത്മയല്ലെന്നും പറയുമോ? വിവാഹബന്ധത്തിലെ ചില പ്രശ്നങ്ങള്‍, കസ്തൂര്‍ബയുടെ താല്പര്യം നോക്കാതെ നടത്തിയ അടിച്ചേല്‍പ്പിക്കലുകള്‍ എല്ലാം തന്റെ ആത്മകഥയില്‍ ഗാന്ധിജി പറയുന്നു. ഇത് വായിച്ചാല്‍ ഗാന്ധിജിയ്ക്ക് നേരെ ഗാര്‍ഹികപീഡനം ബലരാമന് ആരോപിക്കുമല്ലോ. പിന്നെ മറ്റൊരു കാര്യം ആരോപണങ്ങള്‍ അധിക്ഷേപങ്ങള്‍ ഉണ്ടായെന്നു പറഞ്ഞതിലൂടെ നഷ്ടപ്പെടുന്നതാണോ ഒരു വ്യക്തിത്വം? ബലരാമന് പറയുന്നത് പോലെ ബലരാമന്റെ വാക്കുകളിലൂടെ നഷ്ടപ്പെടാവുന്ന ഒന്നാണോ എ കെ ജിയോടും ഗാന്ധിജിയോടുമുള്ള ആരാധന.
Post Your Comments