Latest NewsKeralaNews

‘ആർ.എസ്.എസ് നിയന്ത്രിക്കുന്ന മോഡി ഭരണത്തിന്റെ അത്യാപത്തിലാണ് ഇന്ന് ഇന്ത്യ’: എം.എ ബേബി

തിരുവനന്തപുരം: കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും, അതിന്റെ അത്യാപത്തിലാണ് ഇന്നത്തെ ഇന്ത്യയെന്നും എം.എ ബേബി. എ.കെ.ജിയുടെ 46 വർഷത്തെ ഓർമകൾ പങ്കുവെച്ച തന്റെ പുതിയ ഫേസ്‌ബുക്ക് കുറിപ്പിലാണ് എം.എ ബേബി കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനങ്ങളില്‍ നിന്ന്‌ പഠിച്ച്‌ അവരോടൊപ്പംപൊരുതിമുന്നേറാൻ ജാഗ്രതകാട്ടിയ കമ്യൂണിസ്റ്റായിരുന്നു എ.കെ.ജിയെന്ന് ബേബി കുറിച്ചു.

എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പാവങ്ങളുടെ പടത്തലവൻ സഖാവ് എ കെ ജി യുടെ വേർപാടിന്റെ ഓർമ്മകൾക്ക് 46 വർഷം.കണ്ണൂർ പെരളശ്ശേരിക്കടുത്ത്‌ മക്രേരി ഗ്രാമത്തിലെ ആയില്യത്ത്‌ കുറ്റ്യേരി എന്ന ജന്മി തറവാട്ടില്‍ 1902-ലാണ്‌ സഖാവ് ജനിച്ചത്‌.കുറച്ച് കാലത്തെ അദ്ധ്യാപക ജോലിക്ക്‌ ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കാനായി ഒരു മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനായി സഖാവ് പൊതുരംഗത്തേയ്‌ക്കിറങ്ങി. 1930-ല്‍ ആണ് അങ്ങിനെ ഉദ്യോഗം രാജി വച്ച്‌ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തത്. അതിന്റെ ഭാഗമായി ജയില്‍വാസം വരിച്ചു കൊണ്ട്‌ ആരംഭിച്ച അദ്ദേഹത്തിന്റെ സമരഭരിതമായ പൊതുജീവിതം 1977 മാര്‍ച്ച്‌ 22-ാം തീയതി അന്തരിക്കുന്നവരെയും ഇന്ത്യയിലാകമാനം പ്രതിദ്ധ്വനിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനങ്ങളില്‍ നിന്ന്‌ പഠിച്ച്‌ അവരോടൊപ്പം പൊരുതിമുന്നേറാൻ ജാഗ്രതകാട്ടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

പണിയെടുക്കുന്നഅടിസ്ഥാന വര്‍ഗങ്ങളോട്‌ പുലര്‍ത്തിയ അചഞ്ചലമായ അടുപ്പമാണ്‌ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവനാക്കിയത്‌. താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും തനതായ വ്യക്തിമുദ്ര സഖാവ്‌ പതിപ്പിച്ചിരുന്നു. അതുകൊണ്ടാണ്‌ എ.കെ.ജി വ്യക്തി എന്നതിലുപരി ഒരു പ്രസ്ഥാനമായിരുന്നു എന്ന വിശേഷണം ലഭിച്ചത്‌. നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച സാമൂഹ്യ മാറ്റത്തിന്റെ അജണ്ടകളെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക്‌ വളര്‍ത്തിയെടുത്താണ്‌ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ശക്തിപ്രാപിച്ചത്‌. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്‌ട്രീയ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ പ്രധാന പോരാളിയായിരുന്നു എ.കെ.ജി. പാലിയം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നതിലും എ.കെ.ജി സുപ്രധാനമായ പങ്ക്‌ വഹിച്ചു. വഴിനടക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത്‌ സംഘടിപ്പിച്ച സമരം ഏറെ ശ്രദ്ധ ആകര്‍ഷിച്ചതാണ്‌.

കോഴിക്കോട്‌ – ഫറോക്ക്‌ മേഖലയില്‍ ആദ്യത്തെ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുത്തതും, പണിമുടക്കുകള്‍ സംഘടിപ്പിച്ചതും കൃഷ്‌ണപിള്ളയോടൊപ്പം എ.കെ.ജിയായിരുന്നു. വടക്കെ മലബാറില്‍ ഉശിരന്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ.കെ.ജിയുടെ സംഭാവന വളരെ വലുതാണ്‌. എത്തിയ ഇടങ്ങളിലെല്ലാം അനീതികള്‍ക്കെതിരായുള്ള പോരാട്ടം എ.കെ.ജി സംഘടിപ്പിച്ചു. ജയിലിലടച്ചാല്‍ എ.കെ.ജിയിലെ പ്രക്ഷോഭകാരിയെ ദുര്‍ബ്ബലപ്പെടുത്താമെന്നായിരുന്നു ഭരണാധികാരികള്‍ കരുതിയത്‌. ജയിലുകളിലും എ.കെ.ജി പ്രക്ഷോഭമുയര്‍ത്തി. സമരപോരാട്ടങ്ങളില്‍ സജീവമാകാന്‍ ജയില്‍ ചാടിയ അനുഭവവും എ.കെ.ജിക്കുണ്ട്‌. 1947 ല്‍ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോഴും എ.കെ.ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട്‌ പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ഒക്‌ടോബര്‍ 24-നാണ്‌ സഖാവ്‌ മോചിതനാകുന്നത്‌.

കോടതി പോലും എ.കെ.ജിക്ക്‌ സമരവേദിയായിരുന്നു. ഭരണഘടനയുടെ 22-ാം വകുപ്പിലെ ചില പഴുതുകള്‍ ഉപയോഗിച്ച്‌ കരുതല്‍ തടങ്കല്‍ നിയമപ്രകാരം രാഷ്ട്രീയ എതിരാളികളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്‌ക്കാനുള്ള നിയമം സര്‍ക്കാര്‍ ഉണ്ടാക്കി. ഇത്‌ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ച്‌ അന്ന്‌ ജയിലിലായിരുന്ന എ.കെ.ജി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെയും സ്വതന്ത്ര ഇന്ത്യയിലെ നിയമവാഴ്‌ചയുടെയും ചരിത്രത്തില്‍ പ്രമുഖസ്ഥാനം നേടിയ ഈ കേസിനെ നിയമഭാഷയില്‍ ‘എ.കെ. ഗോപാലന്‍ വേഴ്‌സസ്‌ സ്റ്റേറ്റ്‌ ഓഫ്‌ മദ്രാസ്‌’ എന്ന പേരില്‍ വിളിക്കുന്നു. നിയമവിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ കേസ്‌ പഠനവിഷയമാണ്‌. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന്‌ സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത കമ്യൂണിസ്റ്റായിരുന്നു എ.കെ.ജി. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ.കെ.ജി പ്രവര്‍ത്തിച്ചു. ഈ ഘട്ടങ്ങളില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സഖാവ്‌ നടത്തിയ ഇടപെടലുകള്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ്‌.

എ.കെ.ജി നയിച്ചിട്ടുള്ള ജാഥകളെല്ലാം തന്നെ രാഷ്‌ട്രീയകൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ടിട്ടുള്ളവയാണ്‌. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടര്‍ന്ന്‌ കേരളമാകെ പര്യടനം നടത്തിയ പട്ടിണിജാഥ, തിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭത്തെ സഹായിക്കാന്‍ പോയ മലബാര്‍ ജാഥ, 1960 ല്‍ കാസര്‍കോട്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തിയ കര്‍ഷകജാഥ എന്നിവയെല്ലാം മുഴുവന്‍ ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയവയും സംഭവബഹുലവുമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനസത്യാഗ്രഹം, പാലിയം സത്യാഗ്രഹം എന്നീ അയിത്തവിരുദ്ധസമരങ്ങളില്‍ എ.കെ.ജി നേതൃത്വപരമായ പങ്ക്‌ വഹിച്ചു. അമരാവതിയിലെ കുടിയിറക്കലിനെതിരെ എ.കെ.ജി നടത്തിയ നിരാഹാരസമരം കേരളത്തിലെ ഐതിഹാസികസംഭവങ്ങിലൊന്നാണ്‌.ചുരുളി- കീരിത്തോട്ടിലേയും, കൊട്ടിയൂരിലേയും കുടിയിറക്കലിനെതിരായി എ.കെ.ജി നടത്തിയ സമരങ്ങളും പ്രസിദ്ധങ്ങളാണ്‌
ഇന്ദിരാഗാന്ധി 1975 ല്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥക്കെതിരായി എ.കെ.ജി നടത്തിയ ഉജ്ജ്വലസമരമാണ്‌ അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീരെ ക്ഷയിപ്പിച്ചതും പെട്ടെന്ന്‌ അന്ത്യത്തിനിടയാക്കിയതും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍അതിനെതിരായുള്ള സമരപരിപാടികളിലും പ്രവര്‍ത്തനങ്ങളിലും എ.കെ.ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അര്‍ദ്ധ ഫാസിസ്റ്റ്‌ ഭീകരവാഴ്‌ച നടപ്പിലാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്‌ത്തിയ ഘട്ടത്തിലാണ്‌ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌.
1977 മാർച്ച് 22 ന് തിരുവനന്തപുരം പാളയത്തുള്ള പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലിരുന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് ഫലം കേൾക്കുകയായിരുന്നു;ആകാശവാണിയിൽ. അന്ന് പാർട്ടിസംസ്ഥാനസെക്രട്ടറിയറ്റ് അംഗമായിരുന്ന സഖാവ് പുത്തലത്ത് നാരായണനും മറ്റും അവിടെ ഉണ്ട്. അടിയന്തരാവസ്ഥക്ക് അയവു വരുത്തിക്കൊണ്ട് നടത്തിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുന്നു. പക്ഷേ, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിലും സിപിഐഎമ്മിൻറെ നേതൃത്വത്തിലുള്ള മുന്നണി പരാജയപ്പെടുന്നു. ആഹ്ലാദവും ദുഖവും ഒരുമിച്ചു തന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം.
പെട്ടെന്നാണ് എ കെ ജിക്ക് അസുഖം മൂർച്ഛിച്ചിരിക്കുന്നു എന്ന അറിയിപ്പുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആളു വന്നത്. ഞങ്ങളെല്ലാം പെട്ടെന്ന് അങ്ങോട്ടു പോയി. അസുഖം വല്ലാതെ കൂടിയ എ കെ ജിയെ ആണ് ആശുപത്രിയിൽ കണ്ടത്. സഖാവ് കെ മോഹനൻ ഒരു റേഡിയോയിൽ വാർത്തകൾ കേട്ട് എ കെ ജിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സഖാവ് സുശീലയും ഡോ പി കെ ആർ വാര്യരും കൂടെ മുറിയിലുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ എ കെ ജിക്ക് ശ്വാസം എടുക്കാൻ തന്നെ ബുദ്ധിമുട്ടായി. വയറ് വല്ലാതെ ഉയരാനും താഴാനും തുടങ്ങി. സഖാവ് സുശീല വല്ലാതെ കരയുകയായിരുന്നു. അല്പനേരം കൊണ്ട് എ കെ ജിയുടെ ശരീരം നിശ്ചലമായി. ജനകോടികളെ സമരസംഘടനാരംഗങ്ങളിൽ ചടുലമായി ചലിപ്പിച്ചുകൊണ്ടിരുന്ന ആസമരനായകൻ എന്നേക്കും നിശ്ചലനായി. കേരള ചരിത്രത്തിലെ ഒരു യുഗം അവസാനിക്കുന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഞങ്ങൾ. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ പയ്യാമ്പലം കടപ്പുറത്തേക്ക് എ കെ ജിയുടെ മൃതദേഹവുമായി പോയ വാഹനത്തിൻറെ ഇരുവശവുമായി കൂടിയ ദുഖാർത്തരായ ജനങ്ങളുടെ സ്നേഹത്തിൽ എ കെ ജി അവർക്കല്ലാം ആരായിരുന്നു എന്നു എനിക്ക് നേരിട്ട് കാണാനായി.
ആർ എസ്സ് എസ്സ് നിയന്ത്രിക്കുന്ന മോഡിഭരണത്തിന്റെ അത്യാപത്തിലാണ് ഇന്ന് ഇന്ത്യ. എല്ലാ ഇന്ത്യാക്കാർക്കും സ്നേഹത്തിലും സമത്വത്തിലും സമാധാനത്തിലും ജീവിക്കാൻ കഴിയുന്ന ഒരിന്ത്യയുടെ സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ എ കെ ജി യുടെ മാതൃക നമുക്കു കരുത്തുപകരും

shortlink

Related Articles

Post Your Comments

Related Articles


Back to top button