കൊല്ലം: മിച്ചഭൂമിസമര നേതാവ് പൂജപ്പുര സാംബനെ(78) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാൽക്കുളങ്ങരയിലെ വീട്ടിലാണ് പൂജപ്പുര സാംബനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പാടം ജപ്തിയായതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കാർഷിക ഗ്രാമവികസന ബാങ്കിൽനിന്നും അദ്ദേഹം വായ്പയെടുത്തിരുന്നു.
ബാങ്കിൽനിന്നെടുത്ത വായ്പത്തുകയും പലിശയും ചേർത്ത് 14.36 ലക്ഷം രൂപ മാർച്ച് 22-നുമുമ്പ് തിരിച്ചടച്ചില്ലെങ്കിൽ വീടും അഞ്ചേമുക്കാൽ സെന്റ് ഭൂമിയും ജപ്തി ചെയ്യുമെന്ന നിലയിലായിരുന്നു. മിച്ചഭൂമി സമരത്തിൽ എ കെ ജിക്കൊപ്പം പങ്കെടുത്ത് ജയിലിൽക്കിടന്നവരിൽ ജീവിച്ചിരുന്ന ഒരെ ഒരു വ്യക്തിയായിരുന്നു സാംബൻ. ഇദ്ദേഹത്തിന്റെ തോളിൽ ചവിട്ടിയാണ് തിരുവനന്തപുരത്തെ മുടവൻമുകൾ മിച്ചഭൂമിയിൽ കൊടി നാട്ടാനായി എ കെ ജി മതിൽ ചാടിക്കടന്നത്.
ഇദ്ദേഹത്തിന്റെ ‘പൂജപ്പുര’ വീടും സ്ഥലവും അളന്നുതിട്ടപ്പെടുത്താൻ സഹകരണ ബാങ്ക് നോട്ടീസ് പതിച്ചിരുന്നു. 2014-ലാണ് അദ്ദേഹം സഹകരണ ബാങ്കിൽനിന്നും വായ്പയെടുത്തത്. വായ്പാതുക നാലു വർഷം മുടങ്ങാതെ അടച്ചിരുന്നു. എന്നാൽ കൊവിഡും മറ്റും കാരണം അടവുകൾ മുടങ്ങുകയായിരുന്നു. ബാങ്കില്‍നിന്നെടുത്ത വായ്പത്തുകയും പലിശയും ചേര്‍ത്ത് 14.36 ലക്ഷം രൂപയായിരുന്നു.
അതേസമയം ഇദ്ദേഹത്തിന്റെ ഏകമകന്റെ കച്ചവടസ്ഥാപനം പൂട്ടി. ഇദ്ദേഹത്തിന്റെ ഭാര്യ ശാരദ കട്ടിലിൽനിന്നുവീണ് കിടപ്പിലായി. മിച്ചഭൂമി സമരത്തെ തുടർന്ന് 1972 മേയ് 25-നാണ് സാംബൻ അറസ്റ്റിലാവുന്നത്. എ കെ ജിക്കൊപ്പമാണ് അദ്ദേഹം ജയിലിൽ കിടന്നത്. തുടർന്ന് അദ്ദേഹം കെ എസ് വൈ എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സി പി ഐ എം വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗവുമായി മാറി.
അടിയന്തരാവസ്ഥക്കാലത്തും എട്ടുമാസം ഇദ്ദേഹം ജയിലിൽ കിടന്നിട്ടുണ്ട്. എ കെ ജിയുടെ അവസാനകാലത്ത് പരിചരിക്കാനുണ്ടായിരുന്നത് സാംബനാണ്. അത് അദ്ദേഹത്തിന്റെ വലിയ ഭാഗ്യമായാണ് കരുതിയിരുന്നത്. തുടർന്ന് ജയിലിൽ നിന്ന് ഇറങ്ങുകയും സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് കൊല്ലത്തെത്തി പ്രമുഖ ഹോട്ടലിൽ മാനേജരാവുകയും ചെയ്തു. മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.
Post Your Comments