
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിസിനസുകാരന് ബിജെപി ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കാത്ഗോഡം നയി കോളനി സ്വദേശിയായ പ്രകാശ് പാണ്ഡെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഡെറാഡൂണിലെ ബിജെപി ഓഫീസില്‍ ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുഭോധ് ഉനിയല്‍ ജനസമ്ബര്‍ക്ക പരിപാടി നടത്തുന്നതിനിടെയായിരുന്നു സംഭവം.
ചരക്കുലോറിയില്‍ സാധനങ്ങള്‍ കടത്തുന്ന ബിസിനസായിരുന്നു പാണ്ഡെയുടേത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട്നിരോധനം പ്രഖ്യാപിച്ചതോടെ ബിസിനസ് നഷ്ടത്തിലായെന്ന് ഇദ്ദേഹം പറയുന്നു. കടക്കെണിയിലായതോടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തെഴുതിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല- ഇദ്ദേഹം മന്ത്രിയോട് വിശദീകരിച്ചു.
തന്റെ കഥ മന്ത്രിക്കു മുന്നില്‍ വിവരിക്കുന്നതിനിടെ പാണ്ഡെ കുഴഞ്ഞു വീണു. ഉടന്‍തന്നെ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണ്ഡെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബിജെപി ഓഫീസില്‍ എത്തുന്നതിനു മുമ്പ് തന്നെ വിഷം കഴിച്ചിരുന്നു.
Post Your Comments