തൃശൂര്‍: ഒടുവില്‍ സര്‍ജറി മാറ്റിവെച്ച് അവള്‍ സ്‌കൂള്‍ കലോത്സവ വേദിയിലേക്കെത്തി. വേദന കടിച്ചമര്‍ത്തിയവള്‍ സ്വന്തമാക്കിയത് ‘എ’ ഗ്രേഡും. കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ആശുപത്രിക്കിടക്കയില്‍ സര്‍ജറി കാത്തുകിടക്കുന്നിടത്തുനിന്ന് അവളെ പൂര നഗരിയിലെ കൗമാര കലോത്സവ വേദിയിലെത്തിച്ചത്. വേദന കടിച്ചമര്‍ത്തി ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്റ്റ് മത്സരത്തില്‍ പങ്കെടുത്ത് എ ഗ്രേഡുമായിട്ടിറങ്ങുമ്പോള്‍ താഴെ വേദിക്കരികില്‍ അച്ഛനും അമ്മയും നിറകണ്ണുകളോടെ കൈകൂപ്പി നില്‍ക്കുകയായിരുന്നു. കരുനാഗപ്പിള്ളി ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസുകാരി ചന്ദനയുടെ കലോപാസനയ്ക്കു പിന്നിലെ വേദനയുടെ കഥ കേട്ടാല്‍ എങ്ങനെ കൈകൂപ്പിത്തന്നെ അഭിനന്ദിക്കാതിരിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിന്റെ പടിക്കെട്ടുകള്‍ കയറുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കാലു നിലത്തു കുത്താന്‍ കഴിയാതെ പ്രാണന്‍ പിടയുന്ന വേദന ഉള്ളിലൊതുക്കി. കാണികള്‍ക്കു മുന്നില്‍ പല കഥാപാത്രങ്ങളും അവളുടെ മുഖത്തുകൂടി ഓടി മറയുമ്പോള്‍ താരത്തിന്റെ സ്വന്തം വേദനകള്‍ ആരുമറിഞ്ഞില്ല.
സ്‌കൂളില്‍ നാടകത്തിനുള്ള തയാറെടുപ്പിനിടെ സ്റ്റേജിലെ തട്ടില്‍ നിന്നു താഴെയ്ക്കിറങ്ങുമ്പോഴാണ് ദുരന്തം അവളെ തേടിയെത്തിയത്. കാലിടറി ചന്ദന മുട്ടുകുത്തി താഴെ വീണു. കാലിനു നല്ല വേദന തോന്നിയെങ്കിലും കാര്യമാക്കിയില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ വേദന അസഹനീയമായി. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും സര്‍ജറി മാത്രമായിരുന്നു പ്രതിവിധി. തുടര്‍ന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ സര്‍ജറി നടത്താനും ഡോക്റ്റര്‍മാര്‍ തീരുമാനിച്ചു. കാല്‍മുട്ടിലെ എസിഎല്‍ എലമെന്റിനേറ്റ ക്ഷതമാണ് ചന്ദനയുടെ കാലിന്റെ ചലനശേഷിയെ തന്നെ ബാധിച്ചത്.
സര്‍ജറി പത്താം തിയതിയിലേക്കു മാറ്റിവച്ച് ചന്ദന മോണോ ആക്റ്റിനു മത്സരിക്കാന്‍ തീരുമാനിച്ചു. പിന്തുണയുമായി അധ്യാപകനായ അച്ഛന്‍ സജിത്തും അമ്മ അനിതയും അനുജത്തി കൃഷ്ണയും അധ്യാപകരായ മീരയും സിറിലും കൂടി എത്തിയതോടെ കലോത്സവ വേദിയിലേക്ക്. ഗുരു കലാഭവന്‍ നൗഷാദിന്റെ ഇടപെടലാണ് ചന്ദനയെ ഇവിടെയെത്തിച്ചത്. ചന്ദനയ്ക്കു നിന്ന് അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തിലേക്ക് സ്‌ക്രിപ്റ്റ് ചിട്ടപ്പെടുത്തിയതും നൗഷാദ് തന്നെയാണ്.
Post Your Comments