ബീജിംഗ് : ഏറെ പ്രതീക്ഷകളോടെ ചൈന ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്‌പേസ് സ്റ്റേഷന്‍ ഭൂമിയിലേക്ക് വീഴാനൊരുങ്ങി നില്‍ക്കുകയാണ്. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ചൈനയുടെ ടിയാന്‍ ഗോങ് ബഹിരാകാശ നിലയമാണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. എന്നാല്‍ എവിടെയായിരിക്കും വീഴുകയെന്നോ എപ്പോഴാണ് വീഴുകയെന്നോ എത്ര കിലോ അവശിഷ്ടങ്ങള്‍ വന്നു വീഴുമെന്നോയൊന്നും ഗവേഷകര്‍ക്ക് കണക്കുകൂട്ടിയെടുക്കാനാകുന്നില്ല.
ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകള്‍ മുന്‍പു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നതു പോലും. ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും ചൈന നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതിനിടെ ഇടിച്ചിറങ്ങാന്‍ പോകുന്ന ചൈനീസ് ബഹിരാകാശ നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കളും ഭൂമിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഹൈഡ്രസൈന്‍ എന്ന് പേരുള്ള അപകടകാരിയായ രാസവസ്തുവാണ് ചൈനീസ് ബഹിരാകാശ നിലയമായ ടിയാങോങ് 1നൊപ്പം ഭൂമിയിലേക്ക് വരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ടിയാങോങ് 1 മാര്‍ച്ചില്‍ ഇടിച്ചിറങ്ങുമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കേരളവുമുണ്ടെന്നത് മറ്റൊരു വസ്തുതയാണ്.
ടിയാങോങ് 1ന്റെ ഭൂരിഭാഗം ഭാഗങ്ങളും ഭൂമിയിലേക്കുള്ള തിരിച്ചുവരവിനിടെ കത്തി തീരും. എങ്കിലും 10 മുതല്‍ നാല്‍പ്പത് ശതമാനം വരെ ഭാഗങ്ങള്‍ ഭൂമിയിലെത്താന്‍ സാധ്യതയുണ്ട്. ഇതില്‍ പല ഭാഗങ്ങളിലും ഹൈഡ്രസിന്‍ അടങ്ങിയിരുക്കുമെന്നതാണ് ഭീതിക്കു പിന്നില്‍. എന്തെങ്കിലും തരത്തിലുള്ള ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയാല്‍ തന്നെ അവ ഒരിക്കലും തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്. ഇക്കാര്യം ചൂണ്ടി കാണിച്ച് വിശദമായ ക്യാംപയിന്‍ രാജ്യാന്തര തലത്തില്‍ തന്നെ തുടങ്ങാനാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ തീരുമാനം.
നിറമില്ലാത്ത എണ്ണപോലെ വഴുവഴുപ്പുള്ള ദ്രാവകരൂപത്തിലാണ് ഹൈഡ്രസിന്‍ കാണപ്പെടുക. വ്യവസായങ്ങളിലും കൃഷി, സൈനിക മേഖലകളിലും റോക്കറ്റ് ഇന്ധനങ്ങളില്‍ വരെ ഹൈഡ്രസിന്‍ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രസിനുമായി അടുത്ത് പെരുമാറിയാല്‍ കണ്ണിനും മൂക്കിനും തൊണ്ടക്കുമെല്ലാം അസ്വസ്ഥത അനുഭവപ്പെടാം. തളര്‍ച്ചയും തലവേദനയും ഛര്‍ദ്ദിയും തുടങ്ങി ബോധം നഷ്ടമായി കോമയിലാകാനുള്ള സാധ്യത പോലുമുണ്ട്. നിരന്തരം ഈ ഹൈഡ്രസിനുമായി ബന്ധപ്പെടുന്നവര്‍ക്ക് അര്‍ബുദം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments