KeralaLatest NewsNews

കൃഷി ജീവിതത്തിന്റെ ഭാഗമാക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം•കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ‘വസന്തോത്സവം 2018’ കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ തന്നെ ജൈവപച്ചക്കറി കൃഷിയും അലങ്കാര സസ്യോദ്യാനവും ഉണ്ടാക്കാവുന്നതാണ്. ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തി നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാം. രാജ്ഭവനില്‍ ഇരുനൂറില്‍പ്പരം ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ക്കിഡ് കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ആഗോളവിപണിയില്‍ കേരളത്തിലെ ഓര്‍ക്കിഡുകള്‍ക്ക് വന്‍ വിപണി സാധ്യതയാണ് ലഭിക്കുന്നത്. ആഗോളവിപണി തൊണ്ണൂറ് കോടി പൂക്കളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു ശതമാനത്തിനു താഴെ മാത്രമേ നമ്മുടെ രാജ്യത്തിന് നല്‍കാന്‍ കഴിയുന്നുള്ളൂ. അതിനാല്‍ പുഷ്പകൃഷിയില്‍ ഒരോ കുടുംബവും പങ്കാളികളാകണം.

പതിനായരിത്തില്‍പ്പരം വര്‍ണപുഷ്പങ്ങള്‍ വസന്തോത്സവത്തിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട്. ഔഷധസസ്യങ്ങളുടെ അപൂര്‍വശേഖരം, കാര്‍ഷിക പ്രദര്‍ശന വിപണനം, ഗോത്രവര്‍ഗക്കാരുടെ പാരമ്പര്യ അറിവുകള്‍, അക്വാഷോ, കേരളത്തിന്റെ തനതു കാവുകളുടെ പുനരാവിഷ്‌കാരം, വനക്കാഴ്ചകള്‍, ശലഭോദ്യാനം, വയനാടന്‍ വിത്തുപുര, വിവിധ സാംസ്‌ക്കാരിക പരിപാടികള്‍, ഭക്ഷ്യമേള എന്നിവയെല്ലാം പുഷ്‌പോത്സവത്തോടൊപ്പം ടൂറിസം വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന വികസനത്തില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ലോക കേരള സഭയിലൂടെ സാധ്യമാക്കുന്നത്. ലോക കേരള സഭയിലേക്ക് എത്തിച്ചേരുന്ന ലോക പ്രവാസികള്‍ക്കുള്ള സമ്മാനമാണ് വസന്തോത്സവം. ഈ വര്‍ഷം ലോക കേരള സഭയുടെ ഭാഗമായിട്ടാണ് പുഷ്‌പോത്സവം സംഘടിപ്പിക്കുന്നതെങ്കിലും അടുത്തവര്‍ഷം മുതല്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളേയും പുറത്തുള്ള സ്ഥാപനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് വസന്തോത്സവം പുഷ്പമേള എന്ന പേരില്‍ നടത്തുന്നതായിരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button