അബുദാബി: എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തുന്നവരുടെ പഴ്‌സില്‍ നിന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്ന സംഘം പിടിയില്‍. ഗള്‍ഫ്, അറബ്, ഏഷ്യന്‍ സ്വദേശികളാണ് മോഷ്ടാക്കള്‍. ഇവരെ അബുദാബി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാഹനങ്ങളുടെ പിഴയും മറ്റും അടച്ച് ഓണ്‍ലൈനിലൂടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് കാര്‍ഡിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ വന്‍തുക അടയ്‌ക്കേണ്ടിവരുന്നു. ഇതുസംബന്ധിച്ചു ലഭിച്ച പരാതികളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് വന്‍ തട്ടിപ്പു സംഘം പൊലീസിന്റെ വലയിലകപ്പെട്ടത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് സിഐഡി ഡയറക്ടര്‍ താരീഖ് ഖല്‍ഫാന്‍ അല്‍ ഗോള്‍ അറിയിച്ചു.
ഇത്തരം കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും കൂട്ടുനില്‍ക്കുന്നവരെ കണ്ടെത്തിയാല്‍ അവരും ശിക്ഷിക്കപ്പെടും. അബുദാബിയിലെ റോഡ് ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഡിസ്‌കൗണ്ട് നിരക്കില്‍ അടച്ചുതരാമെന്ന വാഗ്ദാനവുമായി ഇടപാടുകാരെ കണ്ടെത്തി മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പേയ്‌മെന്റ് നടത്തുന്നതായി കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കുറ്റവാളികള്‍ക്ക് വളരെ കുറച്ചുതുക നല്‍കിയാല്‍ ട്രാഫിക് പിഴയുടെ കുടിശിക തീര്‍ക്കാം എന്ന വാഗ്ദാനവുമായാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
ഇത്തരം ഇടപാടുകളുടെ ഇടനിലക്കാരായെത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു. സമൂഹത്തിലെ ഇത്തരം ക്രിമിനല്‍ നടപടികള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി പൊതുജനങ്ങള്‍ പൊലീസുമായി സഹകരിക്കണമെന്ന് സിഐഡി ഡയറക്ടര്‍ താരീഖ് ഖല്‍ഫാന്‍ അഭ്യര്‍ഥിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് കാര്‍ഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കണം. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കോര്‍ഡോ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉടനെ പൊലീസിലും ബാങ്കിലും റിപ്പോര്‍ട്ട് ചെയ്യണമെന്നും കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകള്‍ ബ്‌ളോക്ക് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments