റിയാദ് : സൗദിയില്‍ ചുരുങ്ങിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഇരുട്ടടിയായി മാസാന്ത ലെവി ഇരട്ടിപ്പിച്ചതിനെതിരെ പ്രശസ്ത അറബ് എഴുത്തുകാരന്‍ താരിഖ് അല്‍ മഈന സൗദി ഗസറ്റില്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
സൗദിയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ വിദേശികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള മാസാന്ത ലെവി ഇരട്ടിപ്പിക്കല്‍ പ്രാബല്യത്തില്‍ വന്നതോടെ നിലവിലുള്ള 200 റിയാലിന് പകരം 400 റിയാല്‍ ഇനി ഓരോ തൊഴിലാളിയും അടക്കേണ്ടിവരും. ഇഖാമ പുതുക്കുന്ന സമയത്ത് ഒരു വര്‍ഷത്തേക്കുള്ള തുകയായ 4800 റിയാല്‍ ഒന്നിച്ചടക്കുകയും വേണം. ഇത് കുറഞ്ഞ ശമ്പളമുള്ള പ്രവാസികളെ ഏറെ ദുരിതത്തിലാക്കും.
വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളാണ് ലെവി അടക്കേണ്ടത്. വന്‍ തുക തൊഴിലാളികള്‍ക്കായി കമ്പനികള്‍ ഈയിനത്തില്‍ അടക്കേണ്ടിയും വരും. വ്യക്തിഗത ജോലിയിലുള്ള വിദേശികള്‍ ഈ തുക സ്വന്തം ശമ്പളത്തില്‍ നിന്നും നീക്കിവെക്കുകയും വേണം. ഇതോടെ ഇവരുടെ കാര്യം ദുരിതത്തിലാകും. അടുത്ത വര്‍ഷം ലെവി 600 റിയാലാകും. 2020 ല്‍ 800 ഉം. ഇത്തവണ ബജറ്റിലെ പ്രധാന വരുമാനങ്ങളിലൊന്നാണ് മാസാന്ത ലെവി.
ഭൂരിഭാഗം കമ്പനികളും തൊഴിലാളികളില്‍ നിന്നാണ് ഈ തുക ഈടാക്കുന്നത്. 12 മാസത്തേക്കുള്ള സംഖ്യ ഒന്നിച്ച് മുന്‍കൂറായി അടക്കണം. കുറഞ്ഞ ശമ്പളമുള്ളവര്‍ ഇതോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരേണ്ടിവരും. ധനകാര്യ മന്ത്രാലയമാണ് മാസാന്ത ലെവി ഇരട്ടിപ്പിച്ചത്.
സൗദിയിലെ പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്കു മടങ്ങുന്നതോടെ രാജ്യത്ത് സംഭവിച്ചേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണങ്ങളും സജീവമായി നടന്നുവരുന്നുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും വിവിധ കോണുകളിലൂടെയാണു പുതിയ സാഹചര്യത്തെ നോക്കിക്കാണുന്നത്.
അതിനിടെ എല്ലാ പ്രവാസികളും തിരിച്ചുപോയാല്‍ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് പ്രശസ്ത അറബ് എഴുത്തുകാരന്‍ താരിഖ് അല്‍ മഈന സൗദി ഗസറ്റില്‍ എഴുതിയ കുറിപ്പിലൂടെ. കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ഇടയില്‍ അത് ചര്‍ച്ചയായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും കുറിപ്പ് വൈറലായി.
Post Your Comments