ന്യൂഡല്‍ഹി : പുരുഷന്റെ കൂടെയല്ലാതെ ഹജ് തീര്‍ഥാടനത്തിനു സ്ത്രീകള്‍ക്കു സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ കാലങ്ങളായുള്ള അനീതി താന്‍ നീക്കിയെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. അതേസമയം നാലു സ്ത്രീകളുടെ വീതം സംഘങ്ങളെ അനുവദിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ച പശ്ചാത്തലത്തിലുള്ള നടപടി മാത്രമാണ് ഇന്ത്യയുടേതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
സൗദിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു സംഘമായുള്ള യാത്ര ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. അതനുസരിച്ചു കേരളത്തില്‍നിന്ന് 281 കവറുകളിലായി അപേക്ഷിച്ച 1124 സ്ത്രീകള്‍ക്ക് ഇത്തവണ കേന്ദ്ര ഹജ് കമ്മിറ്റി അനുമതി നല്‍കിയതായി സംസ്ഥാന ഹജ് കമ്മിറ്റി അധ്യക്ഷന്‍ തൊടിയൂര്‍ മുഹമ്മദ് മൗലവി പറഞ്ഞു.
പുരുഷന്‍മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ ഹജിന് എത്തുന്നതിനു നേരത്തെ വിലക്കുണ്ടായിരുന്നു. നൈജീരിയയില്‍ നിന്നു ഹജിനു ചെന്ന ആയിരത്തോളം സ്ത്രീകളെ സൗദി മടക്കിയയച്ചതു 2012ല്‍ വിവാദമായി. പിന്നീടാണു വ്യവസ്ഥ മാറ്റാന്‍ സൗദി തീരുമാനിച്ചത്. അതനുസരിച്ചു, പുരുഷന്‍മാരുടെ ഒപ്പമല്ലാതെ സ്ത്രീകളെ ഹജിന് അയയ്ക്കുന്നതിനു മറ്റു രാജ്യങ്ങള്‍ക്കു സൗദിയുമായി ഉഭയകക്ഷി കരാറാവാം. ഇതാണു കാലങ്ങളായുള്ള അനീതി താന്‍ നീക്കിയതായി ‘മന്‍ കി ബാത്’ റേഡിയോ പ്രഭാഷണത്തിലൂടെ മോദി അവകാശപ്പെട്ടത്.
45 വയസില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകളുടെ നാല്‍വര്‍ സംഘത്തെയാണു പുരുഷന്‍മാരുടെ ഒപ്പമല്ലാതെ ഹജിന് അനുവദിക്കുന്നത്. അത്തരത്തില്‍ യാത്ര ചെയ്യുന്നതിനു പിതാവോ ഭര്‍ത്താവോ സഹോദരനോ മകനോ അനുവദിക്കുന്നതായ രേഖ നോട്ടറി സാക്ഷ്യപ്പെടുത്തി നല്‍കണം. ഈ സൗകര്യത്തെ മലേഷ്യയും സിംഗപ്പൂരുമുള്‍പ്പെടെ പല രാജ്യങ്ങളിലുമുള്ളവര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു തൊടിയൂര്‍ മുഹമ്മദ് മൗലവി പറഞ്ഞു.
കേരളത്തില്‍നിന്ന് ഹജ് യാത്ര ഉറപ്പിച്ച് 2324 പേര്‍
കേരളത്തില്‍നിന്ന് 2324 പേരുടെ ഹജ് യാത്ര ഉറപ്പായി. 40 വയസ്സു കഴിഞ്ഞ സ്ത്രീ സംഘങ്ങളിലെ 1124 പേര്‍ക്കും 70 വയസ്സു കഴിഞ്ഞവരും അവരുടെ സഹായികളും ഉള്‍പ്പെടെയുള്ള 1200 പേര്‍ക്കുമാണിത്. ഇരുവിഭാഗത്തിനും നറുക്കെടുപ്പില്ല. സ്ത്രീ തീര്‍ഥാടകര്‍ക്കുള്ള സീറ്റുകള്‍ കേന്ദ്ര ക്വോട്ടയില്‍നിന്നു പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിനു കിട്ടുന്ന ഹജ് സീറ്റുകളെ അതു ബാധിക്കില്ല.
Post Your Comments