KeralaLatest NewsNews

ഇന്ന് അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് : ഒപിയും പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ വികലമായ ആരോഗ്യ നയത്തിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ഒപിയും മറ്റ് സേവനങ്ങളും ഉണ്ടാകില്ല. അത്യാഹിതവിഭാഗത്തില്‍ അവശ്യസേവനം ഉറപ്പാക്കും. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ പകല്‍ 11ന് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തും. ഇതിനിടെ ബില്ലിലെ പ്രതിലോമനയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക് കടന്നു.

സംസ്ഥാനത്ത് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ മുഴുവന്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മറും സെക്രട്ടറി ഡോ. എന്‍ സുള്‍ഫിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐഎംഎ ഭാരവാഹികള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കണ്ട് ആശങ്ക അറിയിച്ചു. ഹോമിയോ-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധ-യുനാനി വൈദ്യന്മാര്‍ക്കും അലോപ്പതിചികിത്സ നടത്തുന്നതിന് ബ്രിഡ്ജ് കോഴ്സിന് രൂപംനല്‍കാനുള്ള ബില്ലിലെ വ്യവസ്ഥ ജനദ്രോഹപരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി) ബില്‍ ചൊവ്വാഴ്ച ലോക്സഭ ചര്‍ച്ചചെയ്യാനിരിക്കെയാണ് സമരപ്രഖ്യാപനം. സ്വകാര്യ ആശുപത്രികളിലടക്കം ഡോക്ടര്‍മാര്‍ ജോലിയില്‍നിന്നുവിട്ടുനിന്ന് കരിദിനം ആചരിക്കും. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 60 മുതല്‍ 100 ശതമാനംവരെ സീറ്റില്‍ ഫീസ് നിയന്ത്രണം എടുത്തുകളയുന്നതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകും. കോളേജ് അനുവദിക്കുന്നതിലും പരിശോധിക്കുന്നതിലും വ്യാപക അഴിമതിക്ക് ഇടയാക്കുന്നതാണ് ബില്‍. ജനാധിപത്യപരമായ മെഡിക്കല്‍ കൌണ്‍സിലിന് പകരം കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന കമീഷന്‍ ജനാധിപത്യസ്വഭാവവും സംസ്ഥാനങ്ങള്‍ക്കുള്ള പ്രതിനിധ്യവും ഇല്ലാതാക്കും.

ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അധികാരം ചെറിയ കോഴ്സിലൂടെ ഹോമിയോ-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധ-യുനാനി വൈദ്യന്മാര്‍ക്കും നല്‍കാനുള്ള നീക്കം വ്യാപകമായ വ്യാജവൈദ്യത്തിന് ഇടയാക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് നടത്തുന്നതിന് ദേശീയ യോഗ്യതാപരീക്ഷ കൊണ്ടുവരാനുള്ള നീക്കം എന്‍ട്രന്‍സ് മാഫിയയെ സഹായിക്കാനുള്ളതാണ്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകൂടാതെ പാസാക്കുകയാണെങ്കില്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡോ. ശ്രീജിത് എന്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button