Latest NewsKeralaNews

കേരളത്തെ നടുക്കിയ കൊലപാതക -പീഡന പരമ്പരകള്‍

കേരളത്തെ നടുക്കിയ ഒട്ടേറെ കൊലപാതക പരമ്പരകളിലൂടെയാണ് 2017 കടന്ന് പോയത്. അച്ഛനും അമ്മയും ഉള്‍പ്പെടെ നാലു പേരെ ചുട്ടുകൊന്ന കേദല്‍ ജെന്‍സന്‍ രാജയെയും, സ്വാമിയുടെ ജനനേന്ദ്രീയം വെട്ടിമാറ്റിയ പെണ്‍കുട്ടിയെയും കേരളത്തിന് മറക്കാനാകില്ല. ലൈഗിംകാരോപണ കേസില്‍ ഒരു എംഎല്‍എ ജയിലിലായതും കോടികളുടെ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പും അടക്കം പലതരം കുറ്റകൃത്യങ്ങള്‍ക്കും കേസുകള്‍ക്കും സംസ്ഥാനം സാക്ഷിയായി.

കേരളത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളിലൂടെ…..

2017 ഏപ്രില്‍ 9ന് പുലര്‍ച്ചെ കേരളം ഞെട്ടലോടെയാണ് ഉണര്‍ന്നത്. തിരുവനന്തപുരം നഗരത്തിലെ നന്ദന്‍കോട്ടെ കൊട്ടാരം പോലുള്ള വീട്ടിനുള്ളില്‍ പ്രൊഫ.രാജാതങ്കം, ഭാര്യ ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരുടെ കത്തി കരിഞ്ഞ മൃതദേഹങ്ങള്‍. മകന്‍ കേദല്‍ ജിന്‍സന്‍ രാജയെ കാണാനില്ല. മതില്‍ ചാടിപോകുന്ന കേദലിനെ അയല്‍വാസി കണ്ടതാണ് കേസില്‍ നിര്‍ണാകമായത്. പൊലീസ് കേദലിനു വേണ്ടി വലവിരിച്ചു.. ചെന്നൈയിലേക്ക് ഒളിവില്‍ പോയ കേദല്‍ തിരിച്ചെത്തി പൊലീസിനു മുന്നില്‍ചാടി.

മനോരോഗമുണ്ടെന്ന അഭിനയിച്ച കേദലില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ മനശാസ്ത്രജന്റെ സഹായം പൊലീസ് തേടി. ആസ്ട്രല്‍ പ്രൊജ്ക്ഷനെന്ന സാങ്കല്‍പ്പിക ലോകത്തെ കുറിച്ചായിരുന്നു കേദലിന്റെ വിവരം. പക്ഷെ പിന്നീട് കേദല്‍ തന്നെ അച്ഛനോടുള്ള പകയാണ് കൂട്ടകുരുതിയിലേക്ക് നയിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. വീട്ടിലെ അവഗണനയും അച്ഛന്റെ ഉപദ്രവും കേദലിന്റെ മനസില്‍ പകയേറ്റി. വ്യക്തമായ പദ്ധതി തയ്യാറാക്കി ഓരോരുത്തരെയും കേദല്‍ വീടിന്റെ രണ്ടാം നിലയില്‍ കൊണ്ടുപോയി വെട്ടിക്കൊന്ന ശേഷം മണ്ണെണ ഒഴിച്ച് തീകൊളുത്തിയെന്ന പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേദല്‍ ഇപ്പോഴും ജയിലിലാണ്…

തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് കേരളം ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്തു. കണ്ണമ്മൂലയിലെ ഒരു വീട്ടില്‍ അതിഥിയായെത്തിയ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം വീട്ടിലെ പെണ്‍കുട്ടി വെട്ടിമാറ്റി. സ്വാമിയുടെ പീഡനശ്രമം തടയാനാണിതെന്നായിരുന്നു ആദ്യമൊഴി. അതോടെ കേസ് വലിയ ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ദിവസങ്ങള്‍ക്കുള്ളില്‍ കേസില്‍ വന്‍ വഴിത്തിരിവുണ്ടായി. പെണ്‍കുട്ടി സ്വാമിക്കനുകൂലമായി മൊഴി മാറ്റി. സ്വാമിയുടെ സഹായി അയ്യപ്പദാസിന്റെ പ്രേരണകൊണ്ടാണ് താനിതുചെയ്തതെന്നും സ്വാമി ആക്രമിച്ചില്ലെന്നുമായിരുന്നു പുതിയ വെളിപ്പെടുത്തല്‍. അയ്യപ്പദാസിനെതിരെ പെണ്‍കുട്ടി പരാതിയും നല്‍കി. ഇപ്പോഴും കുഴഞ്ഞുമറിഞ്ഞു കേകസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നു.

കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ അയല്‍വാസിയായ വീട്ടമ്മയുടെ ആത്മഹത്യ ശ്രമത്തിന് ശേഷമാണ് ചില വിവാദങ്ങള്‍ തലപൊക്കുന്നത്. വിന്‍സന്റ് ബാലസംഗം ചെയ്തുവെന്നും മാനസിക പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നും വീട്ടമ്മ പോലീസിന് മൊഴി കൊടുത്തു. ഇതോടെ വിന്‍സന്റിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. എംഎല്‍എ ഹോസ്റ്റില്‍വച്ച് ചോദ്യം ചെയ്യല്‍. ശേഷം നാടകീയമായ അറസ്റ്റ്… തുടര്‍ന്ന് തുടര്‍ച്ചയായ പലതരം സംഘര്‍ഷങ്ങള്‍. എംഎല്‍എ ജാമ്യത്തിലിറങ്ങിയെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനാക്കി കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

പാപ്പരത്വം പ്രഖ്യാപിക്കാന്‍ അപേക്ഷ സമപ്പിച്ച് ചിട്ടി കമ്ബനി ഉടമ മുങ്ങിയതോടെയാണ് പുതിയൊരു സാമ്ബത്തിക തട്ടിപ്പിന് കേരളം സാക്ഷ്യംവഹിക്കുന്നത്. ആയിരക്കണക്കിന് പേരില്‍ നിന്നായി 1000 കോടിയിലധകം രൂപ തട്ടിയെടുത്ത് മുങ്ങിയ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി കമ്പനി ഉടമ നിര്‍മ്മല്‍ ഒടുവില്‍ കീഴടങ്ങി. .കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള സാധാരണക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും. കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് നിര്‍മ്മല്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് സ്വത്തുക്കള്‍ ബിനാമിപ്പേരില്‍ മാറ്റിയതിരുന്നതായി പൊലീസ് പറയുന്നു.മധുര കോടതിയില്‍ കീഴടങ്ങിയ നിര്‍മ്മല്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

2017 മാര്‍ച്ച് ഇരുപതിന് രാത്രി പതിനൊന്നരയോടെയാണ് മധൂര്‍ പഴയചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കിടന്നിരുന്ന റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കല്ലെറിഞ്ഞ് ഭീഷണിപെടുത്തി . റിയാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നെയങ്ങോട്ട് ഉത്തരമലബാര്‍ മുള്‍മുനയില്‍ നിന്ന ദിവസങ്ങളായിരുന്നു. വര്‍ഗീയ ചേരിതിരിവ്, ഹര്‍ത്താല്‍, ഒരാഴ്ചക്കാലം നീണ്ട നിരോധനാജ്ഞ…. പക്ഷേ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലും കണ്ണൂര്‍ ക്രൈബ്രാഞ്ച് എസ്പി ഡോ എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ടാം ദിവസം തന്നെ പ്രതികളെ പിടികൂടി.

മധൂര്‍ കേളുഗുഡെ സ്വദേശികളും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരായിരുന്നു പ്രതികള്‍. അറസ്റ്റ് ചെയ്ത് കൃത്യം 88-ാംഎണ്‍പത്തി എട്ടാം ദിവസം അന്വേഷണ സംഘം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. അമ്ബതോളം തൊണ്ടി മുതലുകളെ കുറിച്ചുള്ള വിവരവും 137 സാക്ഷി മൊഴികളും കുറ്റപത്രത്തിലുണ്ട്. ഡി.എന്‍.എ പരിശോധനാ ഫലമടക്കം നിരവധി ശാസ്ത്രീയ തെളിവുകളും ആയിരം പേജുള്ള കുറ്റപത്രത്തിന്റെ ഭാഗമാണ്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മികച്ച തയ്യാറെടുപ്പോടെ കേസ് കോടതിയിലെത്തിച്ച പോലീസിനെ സഹായിക്കാനായി അഡ്വ എം അശോകനെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.

റിയാസ് മൗലവി വധം കഴിഞ്ഞാല്‍ കാസര്‍ഗോഡ് ജില്ലയെ ഞെട്ടിച്ച മറ്റൊരു ക്രൂരകൃത്യം ചീമേനിയില്‍ മോഷണസംഘം റിട്ടേയര്‍ഡ് അധ്യാപികയെ കഴുത്തറുത്ത് കൊന്നതായിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന കൊലപാതകത്തില്‍ ഇതുവരേയും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. വയോധികരായ അധ്യാപിക ദമ്പതികള്‍ താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ 13 ന് രാത്രി മോഷണ സംഘമെത്തിയത്. കാളിംഗ് ബെല്ലടിക്കുന്നത് കേട്ട് വാതില്‍ തുറന്ന ഉടനെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന സംഘം ഇരുവരേയും ബന്ദികളാക്കി വീട് കൊള്ളയടിച്ചു. ജാനകിയെ മര്‍ദ്ദിച്ച് കൈകാലുകള്‍ കൂട്ടിക്കെട്ടി വായില്‍ പ്ലാസ്റ്ററുമൊട്ടിച്ചു. ബഹളം കേട്ടെത്തിയ കൃഷ്ണനേയും സംഘം മര്‍ദ്ദിച്ചു. തുടര്‍ന്ന് വീട്ടിലെ ആഭരണങ്ങളും പണവും കവരുകയായിരുന്നു. തിരിച്ച് പോകുന്നതിനിടയിലാണ് കത്തി ഉപയോഗിച്ച് കഴുത്തിന് മുറിവേല്‍പ്പിച്ചത്. ബോധം തിരിച്ച് കിട്ടിയതോടെ കൃഷ്ണന്‍ പൊലീസിലും നാട്ടുകാരേയും ഫോണ്‍ വിളിയിച്ചറിയിച്ചു.അപ്പോഴേക്കും ജാനകി രക്തം വാര്‍ന്ന് മരിച്ചിരുന്നു. കൃഷ്ണന്‍ ഗുരുതരമായി പരിക്കേറ്റനിലയിലും. കണ്ണൂര്‍ റൈഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേ ഒരു തുമ്പുമുണ്ടാക്കാനായില്ല. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ മോഷ്ടാക്കള്‍ വിദഗ്ദമായി നടത്തിയ നീക്കമാണ് തിരിച്ചടിയായത്.

ഒറ്റപ്പെട്ട സ്ഥലത്താണ് സംഭവം നടന്ന വീടിരിക്കുന്നത്. വീടിനെകുറിച്ച് ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. പ്രാദേശിക സഹായവും ലഭിച്ചിരിക്കാം. മഹാരാഷ്ട്ര അടക്കം മറ്റു സംസ്ഥാനങ്ങളില്‍ വരെ അന്വേഷണ സംഘം എത്തി. കര്‍ണാടകയില്‍ നിന്നുള്ള പൊലീസ് സംഘത്തിന്റെ സഹായവും തേടി. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. നാട്ടുകാരേയും സംശയം തോന്നിയവരേയും എല്ലാം ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തുമ്ബുണ്ടാക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.ഇതോടെ കേസ് ക്രൈബ്രാഞ്ചിന് വിടണമെന്ന ആവശ്യം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

കൊലപാതകങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാ തലവന്‍ കാലിയ റഫീഖ് വെട്ടേറ്റ് മരിച്ചതും ഇതേവര്‍ഷമാണ്. മംഗളുരുവില്‍ വച്ച് ടിപ്പര്‍ ലോറി കൊണ്ട് ഇടിച്ചിട്ട് വെടിവെച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഗുണ്ടാ കുടിപ്പകയായിരുന്നു കൊലപാതകത്തിന് കാരണം.ബേക്കലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദേവകി കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷമായിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതാണ് പൊലീസിനെ ഏറ്റവും ക്ഷീണിപ്പിച്ച കേസ്. സിനാന്‍ വധക്കേസ് പോലുള്ള പ്രമാദമായ കേസുകളില്‍ പ്രതികളെ കോടതി വെറുതെ വിട്ടതും കാസര്‍ഗോട്ടെ സമാധാനകാംക്ഷികളെ നിരാശരാക്കിയ സംഭവമായിരുന്നു.

പുരോഹിതന്റെ പ്രകൃതിവിരുദ്ധ പീഡനവും യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതും രണ്ടു കൊലപാതകങ്ങളുമാണ് വയനാട് ജില്ലയില്‍ ഈ വര്‍ഷം ഏറ്റവും കുപ്രസിദ്ധമായ കുറ്റകൃത്യങ്ങള്‍. ഈ കേസുകളിലെല്ലാം പ്രതികള്‍ വിചാരണ കാത്ത് കഴിയുകയാണ്. ദൃശ്യം മോഡലില്‍ മാനന്തവാടിയില്‍ നടന്ന കൊലപാതകത്തില്‍ പ്രതികള്‍ കൊല്ലപ്പെട്ടയാളുടെ മക്കള്‍ തന്നെയായിരുന്നു. കല്‍പ്പറ്റയിലെ യംത്തിഖാനക്ക് സമീപമുള്ള കടയില്‍ വെച്ച് ഏഴുകുട്ടികള്‍ ബലാല്‍സംഗത്തിനിരയായെന്ന വിവരം കൗണ്‍സിലിംഗിനിടെയാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് കല്‍പറ്റ പോലീസ് അന്വേഷണം തുടങ്ങി. പ്രതികളായ ആറുപേരെയും അറസ്റ്റുചെയ്യുന്നത് മാര്‍ച്ച് 3ന്. ബത്തേരി രണ്ടാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മിഥുന്‍ റോയ് മുമ്പാകെ കുട്ടികള്‍ പ്രതികളെ തരിച്ചറിഞ്ഞു. മുട്ടില്‍ കുട്ടമംഗലം പിലാക്കാല്‍ ഹൗസില്‍ സജദാന്‍ജുലൈബ്,കുട്ടമംഗലം നൈയ്യന്‍ വീട്ടില്‍ അസ്ഹര്‍ ,നെല്ലിക്കല്‍ വീട്ടില്‍ എന്‍ മുസ്തഫ, ആരീക്കല്‍ വീട്ടില്‍ എ ജുമൈദ,് ഓണാട്ട് മുഹമ്മദ് റാഫി ബലാല്‍സംഗം നടന്ന ഹോട്ടലിന്റെ ഉടമ നാസര്‍ എന്നിവരാണ് പ്രതികള്‍ യംത്തിംഖാനക്കടുത്ത നാസറിന്റെ ഹോട്ടലില്‍ കോണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് തിരിച്ചറിയല്‍ പരേഡിനിടെ കുട്ടികള്‍ ജഡ്ജി മിഥുന്‍ റോയിയെ അറിചിച്ചത്. മിഠായി നല്‍കിയും മൊബൈല് ചിത്രങ്ങളും ദൃശ്യങ്ങളും കാട്ടി ഭീക്ഷണിപെടുത്തിയുമായിരുന്നു പീഡനം. 11 കേസുകളിലായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായതില്‍ നാലുപേര്‍ കുട്ടികളെ ബലാസംഗം ചെയ്തിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളെല്ലാം ഇപ്പോള്‍ ജയിലിലാണ്.

മീനങ്ങാടിയില്‍ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതാണ് വയനാടിനെ നടക്കിയ മറ്റൊരു സംഭവം. അവധികാലത്ത് കുട്ടികളെ മുറിയിലേക്കുവിളിച്ചുകോണ്ടുപോയി പീഡിപ്പിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയാണ് അന്വേഷണത്തിന് വഴിവെച്ചത്. ബാലഭവന്റെ നടത്തിപ്പുകാരനായ വൈദികന്‍ സജി ജോസഫിനെ പിന്നീട് മംഗലാപുരത്ത് വെച്ച് അറസ്റ്റു ചെയ്തു. അറസ്റ്റ് നടന്നത് ജൂലൈ പതിനേഴിന്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ക്വട്ടേഷന്‍ നല്കി തിരുവനന്തപുരം സ്വദേശയായ യുവാവിനെ വയനാട്ടില്‍വെച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത് ജൂലൈയിലാണ്. ആറ്റിങ്ങല്‍ സ്വദേശിയായ സുനിലിന്റെ മരണം ആത്മഹത്യയെന്ന് നിഗമനത്തിലായിരുന്നു ആദ്യ ഘട്ടത്തില്‍ പോലീസ്. പിന്നീട് സുഹൃത്തായ ബിനുവിനേയും വീട്ടുവേലക്കാരിയായ യുവതിയേയും ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നത്.

തെളിവുകള്‍ ശേഖരിച്ചശേഷം പോലീസ് ബിനുവിന്റെ വീട്ടുവേലക്കാരി അമ്മുവിനെ അറസ്റ്റുചെയ്തു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു മുന്നുപേരെയും. കുടുംബഓഹരി വിറ്റുകിട്ടിയ മുന്നുകോടിയോളം രുപയുമായി വയനാട്ടിലെത്തിയ സുനിലില്‍ നിന്നും ബിനു ലക്ഷകണക്കിന് രുപ കൈക്കലാക്കിയിരുന്നു. ഈ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. സുനിലിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ വീട്ടുജോലിക്കാരായ അമ്മുവിനും പ്രശാന്തിനും രണ്ടുലക്ഷം രൂപയ്ക്ക് നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളെല്ലാം ഇപ്പോള്‍ വിചാരണകാത്ത് ജെയിലില്‍ കഴിയുന്നു.

2017-ല്‍ ജില്ലയെ ഞെട്ടിപ്പിച്ച മറ്റൊരു കുറ്റകൃത്യം നടക്കുന്നത് മാനന്തവാടിയിലാണ്.ദൃശ്യം മോഡലില്‍ പിതാവിനെ കോന്ന് കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മക്കളടക്കം മുന്നുപേരെ അറസ്റ്റു ചെയ്തു. കൊലപാതകം നടന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. അമ്മയെക്കുറിച്ച് പിതാവ് മോശമായി സംസാരിക്കുന്നുവെന്ന കാരണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മക്കളായ അരുണ്‍പാണ്ടി,ജയപാണ്ടി സുഹൃത്ത് അര്‍ജ്ജുന്‍ എന്നിവര്‍ കേസില്‍ ഇപ്പോഴും ജയിലിലാണ്.

കോട്ടയത്ത് കാണാതായ രണ്ട് ദമ്പതിമാരെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം ഇനിയും ഫലം കണ്ടിട്ടില്ല. ഏട്ട് മാസം മുന്‍പ് കാണാതായ ഹാഷിം ഹബീബ ദമ്പതിമാരെക്കുറിച്ചുള്ള അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. കോട്ടയത്ത് തന്നെയുള്ള എബ്രഹാം തങ്കമ്മ ദമ്പതികളെ
കാണാതായി രണ്ട് മാസമായിട്ടും ഒരു വിവരവുമില്ല. ഏപ്രില്‍ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം,ഭാര്യ ഹബീബ എന്നിവരെ കാണാതായത്. ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറില്‍ പോയ ഇവരെക്കുറിച്ച് പിന്നീട് ഒരു വിവരവും കിട്ടിയില്ല. തമിഴ്‌നാട്,കര്‍ണ്ണാടക,ആന്ധ്ര ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സി ഡാക്കിന്റേയും കൊച്ചിയിലെ മുങ്ങല്‍ വിദഗ്ദരുടേയും സഹായത്തോടെ കോട്ടയത്തെ വിവിധ ജലാശയങ്ങളില്‍ പരിശോധന നടത്തി നോക്കിയെങ്കിലും അതും ഫലം കണ്ടില്ല. ലോക്കല്‍ പൊലീസിന്റെ അന്വേഷണം അനന്തമായി നീണ്ടതോടെ തിരോധാനത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഹബീബയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്പതികളുടെ തിരോധനത്തെ ചൊല്ലി ഹാഷിമിന്റെയും ഹബീബയുടേയും ബന്ധുക്കള്‍ തമ്മില്‍ ആരോപണപ്രത്യാരോപണങ്ങളും ഇതിനിടയിലുണ്ടായി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബന്ധുക്കള്‍ തൃപ്തരല്ല.

സമാനമായ മറ്റൊരു സംഭവത്തിലാണ് കോട്ടയം മാങ്ങാനത്ത് റിട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ പി സി എബ്രഹാം,ഭാര്യ തങ്കമ്മ എന്നിവരേയും കാണാതായത്. കഴിഞ്ഞ നവംബര്‍ 13-ന് ശേഷം ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ മകന്‍ ടിന്‍സിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. കടബാധ്യതയാണ് ടിന്‍സിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.

അതേസമയം കോട്ടയത്ത് മാങ്ങാനത്ത് യുവാവിനെ തലയും ശരീരവും വെട്ടിനുറുക്കി കൊന്ന സംഭവത്തില്‍ 24 മണിക്കൂറിനകം പ്രതികളെ പിടികൂടി പോലീസ് കഴിവ് തെളിയിക്കുകയും ചെയ്തു.കുപ്രസിദ്ധ ഗുണ്ട വിനോദ് കുമാറും ഭാര്യയും പ്രതിയായ കേസില്‍ പോലീസ് ഇതിനോടകം കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം തലയറ്റ നിലയിലൊരു മൃതദേഹം കണ്ടെടുത്തതോടെയാണ് ഈ കേസ് ഓപ്പണാവുന്നത്. അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷാണെന്ന് തിരിച്ചറിഞ്ഞത്. സന്തോഷിനെ മൊബൈലില്‍ അവസാനം വിളിച്ച കുഞ്ഞുമോളിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കുഞ്ഞുമോളെയും ഭര്‍ത്താവും കുപ്രസിദ്ധ ഗുണ്ടയുമായ കമ്മല്‍ വിനോദ് എന്നറിയപ്പെടുന്ന എ ആര്‍ വിനോദ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുമോളാണ് സന്തോഷിനെ വീട്ടിലേക്ക് വിളിച്ചത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലക്കടിച്ച് കൊലപ്പെടുത്തി. കഷ്ണങ്ങളാക്കി മീന്തലയാറില്‍ എറിയാന്‍ പോയങ്കിലും വണ്ടി ബ്രേക്ക് ഡ്രൗണായി. തുടര്‍ന്ന് മാങ്ങാനത്ത് ശരീരവും തുരുത്തേപ്പാലത്തിനടുത്ത് തലയും ഉപേക്ഷിച്ചു വിനോദിന്റെ ഭാര്യ കുഞ്ഞുമോള്‍ കുറ്റം സമ്മതിച്ചതോടെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി. കുഞ്ഞുമോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിന്റെ തല കണ്ടെത്തിയത്. വിനോദിന്റെ അച്ഛനെ കൊന്ന കേസില്‍ പ്രതിയാണ് സന്തോഷ് ഈ കുടിപ്പകയാണ് ഭാര്യയെ വച്ച് വിനോദ് തീര്‍ത്തത്.

കൊല്ലം കുളത്തൂപ്പുഴയില്‍ 7 വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ നാട്ടുകാര്‍ക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന അടുത്ത ബന്ധു തന്നെയാണ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ പിടികൂടിയ പൊലീസ് രണ്ട് മാസം കൊണ്ട് കുറ്റപത്രവും സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 27നായിരുന്നു നാടിനെ ഞെട്ടിച്ച ആ കൊലപാതകം. രാവിലെ അമ്മൂമ്മയേയും കൂട്ടി ട്യൂഷന്‍ സെന്ററിലേക്ക് പോയതാണ് ഏഴ് വയസുള്ള പെണ്‍കുട്ടി. വഴിയില്‍ വച്ച് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കുട്ടിയെ താന്‍ കൊണ്ടുവിടാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ഇവരെല്ലാം ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.

എന്നാല്‍ പിന്നീട് പെണ്‍കുട്ടി ട്യൂഷന്‍ സെന്റിറിലോ സ്‌കൂളിലോ എത്തിയിട്ടില്ലെന്ന് അമ്മയെ അറിയിച്ചിതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇവര്‍ രണ്ട് പേരും കൂടി ഏരൂര്‍ ജംഗ്ഷനിലേക്ക് നടക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ ഒരു കടയിലെ സിസിടിവിയില്‍ നിന്നും കണ്ടെത്തി. അവിടെ നിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് ബസില്‍ കയറി പോയതായും മനസിലാക്കി. തുടര്‍ന്ന് പൊലീസ് സംഘം രാത്രി മുഴുവന്‍ കുളത്തൂപ്പുഴ ഭാഗത്ത് അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയേയോ ബന്ധുവിനെയോ കണ്ടെത്താനായില്ല. കുളത്തൂപ്പുഴയിലുള്ള ഇയാളുടെ വീട്ടില്‍ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. അടുത്ത ദിവസം രാവിലെ കുളത്തൂപ്പുഴ റബര്‍ ഏസ്റ്റേറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടതായി പൊലീസിനെ അറിയിക്കുന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ സമീപത്ത് നിന്ന് നാട്ടുകാര്‍ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

ഏറ്റവും ഒടുവില്‍ കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത് തിരുവനന്തപുരത്താണ്. മകന്‍ അമ്മയെ കൊലപ്പെടുത്തി വീടിനു പുറത്തെ ചവറുകൂനയില്‍ കത്തിച്ചത് കഴിഞ്ഞ ആഴ്ചയാണ്. മയക്കുമരുന്നിന് അടിമയായ മകന്‍ ട്യൂഷന്‍ ഫീസായ 18,000 രൂപ അമ്മ ദീപയോട് ആവശ്യപ്പെട്ടെങ്കിലും അമ്മ ആ തുക നല്‍കാന്‍ തയ്യാറാകാത്തതില്‍ പ്രകോപിതനായാണ് ഈ ക്രൂരകൃത്യം ചെയ്തത്. എന്‍ജിനിയറിംഗ് ബിരുദദാരിയായ അക്ഷയ് ചെയ്തത് കേട്ട ക്രൂരകൃത്യം സ്വന്തം അമ്മയോടാണ് എന്ന സത്യത്തില്‍ കേരളം നടുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button