
റിയാദ്: ജിദ്ദ വിമാനത്താവളത്തിന് ഇനിമുതല്‍ മുഖച്ഛായ മാറുന്ന സേവന ക്രമീകരണങ്ങള്‍. 2018 മെയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ വിമാനത്താവളത്തില്‍ വനിതാജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനം. ആരംഭ ഘട്ടത്തില്‍ വിമാനത്താവളത്തിലെ വ്യത്യസ്ത കൗണ്ടറുകളിലും ഓഫീസുകളിലുമായാണ് വനിതാ ഉദ്യോഗസ്ഥകളെ നിയോഗിക്കുന്നതെങ്കിലും അടുത്തഘട്ടത്തില്‍ കൂടുതല്‍ കായികാധ്വാനം ആവശ്യമായ ജോലികളിലും വനിതകളെ നിയോഗിക്കാന്‍ തീരുമാനിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
വനിതാജീവനക്കാര്‍ക്കുള്ള യൂണിഫോം ഇതിനകം വിതരണം ചെയ്തതായി വിമാനത്താവളത്തിലെ ജീവനക്കാരനായ നവ്‌റാസ് ഉസാമ അറിയിച്ചു. 2018 മെയ് മാസം മുതല്‍ പരിശീലനത്തിന് ശേഷം ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇത്തവണത്തെ ഹജ്ജ് കര്‍മത്തിനെത്തുന്ന തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ജിദ്ദ വിമാനത്താവളത്തില്‍ വനിതാ ജീവനക്കാരുമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിഷന്‍ 2030ന്റെ ഭാഗമായി സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി.
വിമാനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ഗ്രൗണ്ട് സ്റ്റാഫിലും വനിതകളെ ഉള്‍പ്പെടുത്തുമെന്നും ഇവരുടെ പരിശീലന കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ ജോലിക്ക് നിയോഗിക്കുമെന്നും സൗദി ഗ്രൗണ്ട് സര്‍വീസസ് കമ്പനി വ്യക്തമാക്കി.
Post Your Comments