ന്യൂഡല്‍ഹി : ‘മൗലാനകള്‍ക്ക് ആരും ചെവി കൊടുക്കരുത്.സുപ്രീംകോടതി അസാധുവാക്കിയ ഒരു ആചാരത്തെ ദുരുപയോഗം ചെയ്യാന്‍ ഇനി അനുവദിക്കുകയും ചെയ്യരുത്. അവനെതിരേ പോലീസില്‍ പരാതി നല്‍കിയാല്‍ ക്രിമിനല്‍ കേസ് എടുപ്പിക്കാം.
മുത്തലാക്ക് ലോക്‌സഭയില്‍ പാസ്സായി പകുതി ദൂരം പിന്നിട്ടു കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇസ്‌ളാമിക സ്ത്രീകളുടെ മനുഷ്യാവകാശത്തിന് വേണ്ടി ആദ്യം മുതല്‍ സുപ്രീംകോടതിയില്‍ പോരാട്ടം നടത്തിയ അഭിഭാഷകരുടെ സ്ത്രീ സംഘം. ബഹുഭാര്യത്വം എന്ന ആചാരം നില നില്‍ക്കുന്ന സാഹചര്യത്തില്‍ മുത്തലാക്ക് നിരോധിക്കുന്നത് കൊണ്ടു മാത്രം പ്രശ്‌നം തീരില്ലെന്നും ഇവര്‍ പറഞ്ഞു. മുത്തലാക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന തന്നെ ശക്തമായ പ്രതികരണമാണ് മുസ്‌ളീം സ്ത്രീസമൂഹത്തില്‍ നിന്നും ഉയരുന്നത്.
മുത്തലാക്കിനെ ക്രിമിനല്‍ കുറ്റമാക്കിയ സര്‍ക്കാര്‍ അതിന് പറഞ്ഞിരിക്കുന്ന ശിക്ഷയായ മൂന്ന് വര്‍ഷം തടവ് ഏഴു വര്‍ഷമാക്കി ഉയര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് സുപ്രീംകോടതിയുടെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടു വന്ന അഭിഭാഷക സംഘത്തിലെ ഫൈസ് പറയുന്നു. ഭേദഗതി വന്നേക്കാമെങ്കിലും ഈ കാര്യത്തില്‍ ഒരു ചുവട്വെയ്പ്പ് നടത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചത് പുതിയ തുടക്കമാണെന്നും അവര്‍ പ്രതികരിച്ചു.
മുത്തലാക്കിനൊപ്പം ബഹുഭാര്യത്വം കൂടി നിരോധിച്ചാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് മുസ്‌ളീം സ്ത്രീകളാകും രക്ഷപ്പെടുകയെന്നും വെറും ഒരു എന്‍ജിഒ ആയ ഓള്‍ ഇന്ത്യാ മുസ്‌ളീം പേഴ്‌സണല്‍ ലോ ബോര്‍ഡിന് അതിന്റെ പേര് കൊണ്ട് ദിവ്യത്വം കല്‍പ്പിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഫൈസ് പറഞ്ഞു. തന്റെ ജീവിതം പൂര്‍ണ്ണമായും നശിപ്പിച്ച മുത്തലാക്ക് ഒരു കുറ്റകൃത്യം തന്നെയാണെന്നാണ് 16 ാം വയസ്സില്‍ വിവാഹിതയാകുകയും പെണ്‍മക്കളെ പ്രസവിച്ചതിന്റെ പേരില്‍ ഭര്‍ത്താവിനാല്‍ മുത്തലാക്ക് ചൊല്ലി മൊഴി ചൊല്ലപ്പെടേണ്ടിയും വന്ന റസിയയുടെ അഭിപ്രായം.
ഭര്‍ത്താവ് തന്നെ ഫോണിലൂടെയാണ് മൊഴി ചൊല്ലിയത്. പുതിയ നിയമം എല്ലാ സ്ത്രീകള്‍ക്കും നീതി കിട്ടുന്നതാകാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ബഹുഭാര്യത്വം കൂടി ഇല്ലാതാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇവര്‍ പറഞ്ഞു. പുതിയ നിയമം ചരിത്രത്തില്‍ നീണ്ടു നില്‍ക്കുന്ന പുതിയ അധ്യായം തുറക്കുന്നതാണെന്നാണ് ഓള്‍ ഇന്ത്യാ മുസ്‌ളീം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് അഭിഭാഷക പ്രതികരിച്ചത്. അതേസമയം പുതിയ നിയമം ഷരിയ കൃത്യമായി നിര്‍വ്വചിക്കപ്പെടാത്തത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതും ഫലമില്ലാത്തതുമാക്കി മാറ്റുമോ എന്ന ആശങ്കയാണ് ഇവര്‍ പങ്കുവെച്ചത്. കുട്ടികളുടെ സംരക്ഷണ മാതാവിന് കിട്ടണമെന്നതെങ്കിലും നിയമത്തില്‍ വ്യക്തമാക്കണമെന്ന് ഇവര്‍ പറഞ്ഞു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന മുസ്ലിം സ്ത്രീ (െവെവാഹികാവകാശ സംരക്ഷണ) ബില്ലിനെ രാജ്യസഭയെന്ന കടമ്പ കടത്താന്‍ സര്‍ക്കാര്‍ ശ്രമം. കനത്ത ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷവിയോജിപ്പുകള്‍ അപ്പാടെ തള്ളിയ സര്‍ക്കാര്‍ രാജ്യസഭയില്‍ ചില പ്രതിപക്ഷ കക്ഷികളെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ്. ചൊവ്വാഴ്ച രാജ്യസഭയിലെത്തുന്ന ബില്ല് പാര്‍ലമെന്ററി സമിതിക്കു വിട്ട് പാസാക്കുന്നതു വൈകിക്കാനുള്ള നീക്കം മുന്നില്‍ക്കണ്ടാണു സര്‍ക്കാര്‍ തിരക്കിടുന്നത്.
മുസ്ലിം ലീഗും എ.ഐ.എം.ഐ.എമ്മുമൊഴികെ ആര്‍ക്കും തത്വത്തില്‍ വിയോജിപ്പില്ലെന്നിരിക്കെ, പുരോഗമനപരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബില്ലിനെ പരാജയപ്പെടുത്തിയെന്ന ദുഷ്‌പേരു കേള്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ തുനിയില്ലെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ നേതാക്കളുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചര്‍ച്ച തുടങ്ങി. മറ്റു കക്ഷികളുമായും അനുരഞ്ജനത്തിനു നീക്കമുണ്ട്. മുത്തലാഖ് (തലാഖ്-ഇ-ബിദ്ദത്) ചൊല്ലി വിവാഹബന്ധം ഒഴിവാക്കിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയുമാണു ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. സ്ത്രീക്കും കുട്ടികള്‍ക്കും ജീവനാംശത്തിനും സ്ത്രീക്കു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണാവകാശത്തിനും വ്യവസ്ഥയുണ്ട്. ശബ്ദവോട്ടോടെ ബില്‍ പാസാക്കിയ ലോക്‌സഭയില്‍നിന്നു മുസ്ലിം ലീഗ് മാത്രമാണ് ഇറങ്ങിപ്പോയത്.
ബില്ലിനോടുള്ള സമീപനത്തെചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം പ്രകടമായിരുന്നു. പാര്‍ട്ടിയധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയതുമില്ല. ഉദ്ദേശ്യലക്ഷ്യങ്ങളോടു വിയോജിപ്പില്ലെന്നും െവെരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനായി ബില്‍ പാര്‍ലമെന്ററി സമിതിക്കു വിടണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ സ്വീകാര്യത കല്‍പ്പിക്കപ്പെടുന്ന നിയമനിര്‍മാണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് തയാറാകില്ലെന്നാണു വിലയിരുത്തല്‍.
രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണു സൂചന. മുസ്ലിം സ്ത്രീകളുടെ അവകാശസംരക്ഷണം ലക്ഷ്യമിടുന്ന ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നു പാര്‍ട്ടിയധ്യക്ഷ മമതാ ബാനര്‍ജി വിലയിരുത്തുന്നു. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്ത അണ്ണാ ഡി.എം.കെയും ബിജു ജനതാദളും രാജ്യസഭയിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ബി.ജെ.പിയെ സഹായിക്കുന്നവരാണ്. വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയോ ഇറങ്ങിപ്പോകുകയോ ചെയ്ത് ഇവര്‍ സര്‍ക്കാരിനെ തുണച്ചേക്കും. രാജ്യസഭയും കടന്നാല്‍ രാഷ്ട്രപതിയുടെ അംഗീകാരമെന്ന ഔപചാരികത മാത്രമാകും ശേഷിക്കുക.
ജനുവരി അഞ്ചിന് അവസാനിക്കുന്ന നടപ്പുസമ്മേളനത്തില്‍ ബില്‍ പാസാക്കാനാണു ബി.ജെ.പി. ലക്ഷ്യമിടുന്നത്. അഭിപ്രാെയെക്യത്തിനു ശ്രമിക്കണമെന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. വിവാദമായ പാക് പരാമര്‍ശത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരണം നല്‍കിയതും ഭരണഘടനയെ തള്ളിപ്പറഞ്ഞെന്ന ആക്ഷേപത്തില്‍ മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മാപ്പുപറഞ്ഞതും പ്രതിപക്ഷത്തെ മയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
Post Your Comments