ന്യൂഡല്‍ഹി: പോലീസുകാരിയെ മര്‍ദിച്ച കോണ്‍ഗ്രസ് എംഎല്‍എ മാപ്പുപറഞ്ഞു. എംഎല്‍എ പോലീസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംഎല്‍എയുടെ നടപടിയെ തള്ളി രംഗത്തെത്തിയിരുന്നു. ഒരാള്‍ക്കും മറ്റൊരാള്‍ക്കു നേരെ കൈയുയര്‍ത്താന്‍ അവകാശമില്ലെന്നും അത് കോണ്‍ഗ്രസ് സംസ്കാരമല്ലെന്നുമായിരുന്നു രാഹുലിന്റെ നിലപാട്. ഈ നിലപാട് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എംഎല്‍എ മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്തിറക്കിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശക്തമായ വിമര്‍ശനത്തെ തുടര്‍ന്നാണ് എംഎല്‍എ ആശാ കുമാരി മാപ്പുപറയാന്‍ തയാറായതെന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ മകളുടെ പ്രായമുള്ള പോലീസുകാരി തന്നെ അധിക്ഷേപിക്കുകയും തള്ളുകയും ചെയ്തുവെന്ന് ആശാ കുമാരി കുറ്റപ്പെടുത്തി. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതല യോഗം നടക്കുന്ന ഹാളിനു പുറത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് എംഎല്‍എ പോലീസുകാരിയെ മര്‍ദിച്ചത്.
യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് പോകണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വനിതാ എംഎല്‍എ ആശാകുമാരി ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് പോലീസുകാര്‍ തടഞ്ഞപ്പോള്‍ എംഎല്‍എ, വനിതാ കോണ്‍സ്റ്റബിളിന്റെ ചെകിട്ടത്തടിക്കുകയായിരുന്നു. അടികിട്ടിയ കോണ്‍സ്റ്റബിളാകട്ടെ ക്ഷണനേരത്തിനുള്ളില്‍ അത് തിരിച്ച് നല്‍കുകയും ചെയ്തു. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ് എംഎല്‍എ വാശിയുപേക്ഷിച്ച് മടങ്ങാന്‍ കൂട്ടാക്കിയത്.
Post Your Comments