Latest NewsKeralaNews

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ആരോഗ്യ മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം•മെഡിക്കല്‍ റീ-ഇമ്പേഴ്‌സുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫീസ്. മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീ-ഇമ്പേഴ്‌സ്‌മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ല. മന്ത്രിമാരുടെ മെഡിക്കല്‍ റീ-ഇമ്പേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് റീ-ഇമ്പേഴ്‌സ്‌മെന്റിനുള്ള അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം. ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികിത്സാ ചിലവ് റീ-ഇമ്പേഴ്‌സ്‌മെന്റ് നടത്തുന്നതിന് തടസമില്ല. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികിത്സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയോ റീ-ഇമ്പേഴ്‌സ്‌മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികിത്സയ്ക്ക് മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയത്.

റീ-ഇമ്പേഴ്‌സ്‌മെന്റിന് ഹാജരാക്കിയ ബില്ലുകളില്‍ ആഹാര സാധനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പേരില്‍ അതിനും തുക വാങ്ങിയെന്ന തെറ്റായ പ്രചരണവും നടത്തുന്നുണ്ട്. ഭക്ഷണമുള്‍പ്പെടെയുള്ള ബില്ല് ഒന്നിച്ചുനല്‍കുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭര്‍ത്താവിനെ ചികിത്സിച്ച ആശുപത്രിയില്‍ നിന്നും ഇത്തരത്തിലുള്ള ബില്ലായിരുന്നു നല്‍കിയിരുന്നത്. ഇങ്ങനെ ചെലവായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അത് അനുവദിച്ച് നല്‍കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ പരിശോധനയില്‍ സ്വാഭാവികമായും അത് ഒഴിവാക്കിക്കൊണ്ടുള്ള റീ-ഇമ്പേഴ്‌സ്‌മെന്റാണ് അനുവദിച്ചത്.

മരിച്ചുപോയ അമ്മയുടെ ചികിത്സാ ബില്ലിനെ സംബന്ധിച്ച് ക്രൂരമായ പ്രചാരണം പോലും നടത്തുന്നുണ്ട്. ഇല്ലാത്ത ആശുപത്രിയുടെ ഒരു ബില്ലും എവിടേയും ഹാജരാക്കിയിട്ടില്ല. മട്ടന്നൂര്‍ എല്‍.എം. ആശുപത്രിയിലേയും എ.കെ.ജി. ആശുപത്രിയിലേയും ബില്ലുകള്‍ റീ-ഇമ്പേഴ്‌സ്‌മെന്റിനായി ഹാജരാക്കിയിരുന്നു. ഏതെങ്കിലും ആശുപത്രിയുടെ വ്യാജ ബില്ല് ഹാജരാക്കിയിട്ടുണ്ടെങ്കില്‍ വാര്‍ത്ത നല്‍കിയവര്‍ തെളിയിക്കണം.

അപേക്ഷയില്‍ ഒരിടത്ത് തലശേരി എന്ന് തെറ്റായി ടൈപ്പ് ചെയ്തതിനെ അപകീര്‍ത്തികരമായ പ്രചരണത്തിന്റെ വേദിയാക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്. അപേക്ഷയില്‍ സമര്‍പ്പിച്ച എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിലും രേഖകളിലും മട്ടന്നൂര്‍ എല്‍.എം. ആശുപത്രിയിലെ ഡോക്ടര്‍ തന്നെയാണ് ഒപ്പിട്ടതാണ്. മാത്രമല്ല മട്ടന്നൂര്‍ എല്‍.എം. ആശുപത്രിയിലെ ബില്ലാണിതെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും.

അമ്മ ഡിസാചാര്‍ജാകും മുമ്പ് ബില്ല് സമര്‍പ്പിച്ചു എന്ന പ്രചരണവും തികച്ചും തെറ്റാണ്. ഒന്നിലേറെ തവണ അമ്മ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയുടെ ഓരോ ഘട്ടത്തിലും റീ-ഇമ്പേഴ്‌സ്‌മെന്റ് നടത്തുകയാണ് ചെയ്തത്. ഇതിനെപ്പോലും വസ്തുതാവിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കുകയാണ്.

കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് അനുയോജ്യമായ കണ്ണടവാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button