
കൊച്ചി: സൈബര്‍ നിയമത്തിന്റെ പരിധിയില്‍ സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തിപരമായ കുറിപ്പെഴുത്ത് മാത്രമല്ല കുറ്റകരം. അശ്ലീലച്ചുവയോ അധിക്ഷേപമോ ഉള്ള ഒരു പോസ്റ്റിന് ലൈക്കടിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്.
സൈബര്‍ ഫൊറന്‍സിക് വിദഗ്ധനായ ഡോ. വിനോദ് ഭട്ടതിരിപ്പാട് മറ്റൊരാള്‍ എഴുതിയതിന് ലൈക്കും ഷെയറും നല്‍കുന്നവര്‍ അത് കൂടുതല്‍ പ്രചരിപ്പിക്കുകയാണ്. എഴുതിയ ആള്‍ക്കെന്ന പോലെ ഉത്തരവാദിത്വമുണ്ട് അത് പ്രചരിപ്പിക്കുന്നവര്‍ക്കും. ആ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.
എന്തും സോഷ്യല്‍മീഡിയയില്‍ ചെയ്യാമെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. ചെയ്യുന്നതിനെല്ലാം തെളിവ് ശേഷിപ്പിക്കുന്ന മാധ്യമമാണ് സൈബര്‍ ഇടമെന്നത് പലരും മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ ഏറെ നടക്കുന്നുണ്ടെന്ന് സംസ്ഥാന ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയിലെ ഉന്നതോദ്യോഗസ്ഥനും ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ചുരുക്കം ആൾക്കാരാണ് പരാതിയുമായി രംഗത്തെത്തുന്നത്. പരാതി നല്‍കുന്നവര്‍ കേസ് കോടതിയിലെത്തുമ്പോള്‍ പിന്‍മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശാണ് കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. റിപ്പോര്‍ട്ട് ചെയ്തത് 2639 കേസുകളാണ്. മഹാരാഷ്ട്രയും കര്‍ണാടകവും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 13-ാം സ്ഥാനത്താണ് കേരളം.
Post Your Comments