ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണം മൂന്നാം തവണയും വിജയിച്ചു. ശത്രു മിസൈലുകള്‍ താഴ്ന്ന് പറന്നാലും അവയെ തകര്‍ക്കുമെന്നതാണ് ഈ സൂപ്പര്‍ സോണിക് മിസൈലിന്റെ പ്രത്യേകത. മാര്‍ച്ച് ഒന്നിനും ഫെബ്രുവരി 11-നും ഇതേ മിസൈല്‍ പരീക്ഷിച്ചിരുന്നു.
ബാലിസ്റ്റിക് മിസൈലുകളെ 30 കിലോമീറ്റര്‍ അകലെ നിന്നുതന്നെ അന്തരീക്ഷത്തില്‍വെച്ച് നശിപ്പിക്കാന്‍ ശേഷിയുള്ള ഇന്റര്‍സെപ്റ്ററാണിത്. ഇന്റര്‍സെപ്റ്ററിന്റെ ആക്രമണ ലക്ഷ്യമായ പൃഥ്വി മിസൈല്‍ ചാന്ദിപുരില്‍ നിന്നാണ് വിക്ഷേപിച്ചത്. റഡാറുകളുപയോഗിച്ച് സിഗ്‌നലുകള്‍ പിടിച്ചെടുത്ത ശേഷം പൃഥ്വിയെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലെ വീലര്‍ ദ്വീപില്‍നിന്ന് പ്രതിരോധ മിസൈല്‍ വിക്ഷേപിക്കുകയാണ് ചെയ്തത്.
ദിശാനിര്‍ണയ സംവിധാനം, ഹൈടെക് കമ്പ്യൂട്ടര്‍, ഇലക്ട്രോ മെക്കാനിക്കല്‍ ആക്ടിവേറ്റര്‍ എന്നിവയുപയോഗിച്ചാണ് 7.5 മീറ്റര്‍ നീളമുള്ള മിസൈലിന്റെ പ്രവര്‍ത്തനം. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ഇത് പ്രതീക്ഷ പകരും. പ്രതിരോധ മിസൈല്‍ ശേഷിയുള്ള ലോകരാജ്യങ്ങളുടെ പട്ടികയില്‍ നേരത്തേതന്നെ ഇന്ത്യ ഇടംപിടിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ യു.എസ്, റഷ്യ, ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
Post Your Comments