തിരുവനന്തപുരം: പെറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം വീട്ടുപറമ്പില്‍ കത്തിച്ചുകൊണ്ടിരിക്കെയാണ് അക്ഷയിന് കൂട്ടുകാരൻ ഹരികൃഷ്ണന്റെ ഫോൺ വന്നത്. ഐസ്ക്രീം കഴിക്കാൻ ഉള്ള കൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച അക്ഷയ്, അമ്മയുടെ മൃതദേഹത്തിന് മേല്‍ ശേഷിച്ച മണ്ണെണ്ണകൂടി തൂവി വിറകും കൊതുമ്പും മൂടി കത്തിച്ചു. പിന്നീട് കൈകാലുകള്‍ കഴുകിയശേഷം ബൈക്കെടുത്ത് നാലാഞ്ചിറയിലെ ഐസ് ക്രീം പാര്‍ലറിലേക്ക് എത്തുകയും ചെയ്തു. നാലുമണിവരെ സുഹൃത്തുക്കള്‍ക്കൊപ്പം ഐസ് ക്രീം കഴിച്ചും കളിതമാശകള്‍ പറഞ്ഞ് ചിരിച്ചുല്ലസിച്ചും കഴിഞ്ഞു.
നഗരത്തിലെ ഒരു തീയറ്ററില്‍ സിനിമ കഴിഞ്ഞ് വീട്ടില്‍ വന്നശേഷമുണ്ടായ അരുതാത്ത സംഭവങ്ങളുടെ ഭാവഭേദങ്ങളൊന്നും അക്ഷയിന്റെ മുഖത്ത് ആര്‍ക്കും കാണാൻ കഴിഞ്ഞതുമില്ല. കൂട്ടുകാരുമായി പിരിഞ്ഞ ശേഷം അക്ഷയ് വീട്ടിലെത്തിയപ്പോഴും അമ്മയുടെ മൃതദേഹത്തിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കൂടി അവിടെചെന്ന് ശരീരം മുഴുവന്‍ കത്തിയോയെന്ന് നോക്കിയശേഷം ചുറ്റും ചിതറിക്കിടന്ന വിറകും കൊതുമ്പും അതിലേക്കിട്ടു കത്തിച്ചു. കുളിമുറിയില്‍ കയറി കുളിച്ച് വൃത്തിയായി വീട്ടില്‍ കയറി കതകടച്ചു.
സന്ധ്യാനേരമായതോടെ വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കുശേഷം അമ്മയുടെ പ്രാണന്‍ പിടഞ്ഞ വീട്ടിലെ ഡൈനിംഗ് ഹാളില്‍ അമ്മ തയ്യാറാക്കി വച്ചിരുന്ന ചോറും കറികളും കഴിച്ചു.അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കുറ്റബോധമോ വിഷമമോ ഒന്നും കാട്ടാതെ സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. രാവിലെ തന്നെ ഹരികൃഷ്ണനെന്ന സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു.
ഹരികൃഷ്ണനെത്തിയപ്പോള്‍ കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു. ഹരികൃഷ്ണന്‍ അവിടെ പോയി നോക്കിയശേഷം മൃതദേഹം കത്തിച്ചതാണെന്നും ഉടന്‍ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു. അല്‍പ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി. അതിനു ശേഷം ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു.
പഠനകാലത്ത് അമ്മയ്ക്കൊപ്പം അമ്പലത്തില്‍ പോവുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ട് പോകുന്ന മകനെയുമാണ് നാട്ടുകാര്‍ക്ക് കണ്ട് പരിചയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പലംമുക്ക് മണ്ണടി ലെയിനില്‍ താമസിക്കുന്നതിനായി അമ്മയുടെ കൈപിടിച്ച് വന്ന ആ കുട്ടിയാണ് ഇന്ന് അമ്മയുടെ ഘാതകനായതെന്ന് വിശ്വസിക്കുന്നതെങ്ങനെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
Post Your Comments