ജില്ലയിലെ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി (ഡി.എം) ബിപിന്‍ മാലിക് രാവിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു. മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങളിലും ആശുപത്രിയില്‍ തങ്ങള്‍ക്ക് ലഭിച്ച പരിചരണത്തിലും പൂര്‍ണ തൃപ്തിയുണ്ടെന്ന് ചികിത്സയില്‍ കഴിയുന്ന സൈമണ്‍, രാജു എന്നിവര്‍ സംഘത്തോട് പറഞ്ഞു. വേണ്ട തുടര്‍ ചികിത്സയും മറ്റുസൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ തൊഴിലാളികളെ അറിയിച്ചു.
വിഴിഞ്ഞത്തെത്തിയ സംഘം മത്സ്യത്തൊഴിലാളികളുമായും ദുരിതബാധിതരുടെ ബന്ധുക്കളുമായും സംസാരിച്ചു. ദുരന്തത്തില്‍പ്പെട്ടവരുടെ വേദനയില്‍ താനും പങ്കുചേരുന്നതായി സംഘാംഗം അവരെ അറിയിച്ചു. തുടര്‍ന്ന് ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. എം.വിന്‍സെന്റ് എം.എല്‍.എയും സന്നിഹിതനായിരുന്നു.അടിമലത്തുറയും പൂവാറും സന്ദര്‍ശിച്ച സംഘം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പൊഴിയൂരിലെത്തിയ നിരീക്ഷണ സംഘത്തെ കെ. ആന്‍സലന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വികരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ കൂടി പ്രാവീണ്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെ നേരിട്ട് കണ്ട് വിവരങ്ങള്‍ ആരാഞ്ഞ സംഘാംഗം ബിപിന്‍ മാലിക് നിര്‍ദേശിച്ചു. ഓഖി ബാധിതര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെ. ആന്‍സലന്‍ എം.എല്‍.എ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി മുഴുവന്‍ സമയവും സംഘത്തിനൊപ്പമുണ്ടായിരുന്നു.
സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്കായി തയ്യാറാക്കിയ സഹായ പാക്കേജിനെക്കുറിച്ച് കളക്ടര്‍ പൊതുജനങ്ങള്‍ക്ക് വിശദീകരിച്ചു.
സംഘാംഗങ്ങളായ കേന്ദ്ര ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡേ, കേന്ദ്ര ദുരന്തനിവാരണ വകുപ്പ് ടെക്‌നിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവരും റവന്യൂ, ഫിഷറീസ്, ഇറിഗേഷന്‍ വകുപ്പുദ്യോഗസ്ഥരും ബീമാപള്ളി, വലിയതുറ, ചെറിയതുറ എന്നിവിടങ്ങളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി.തകര്‍ന്ന വീടുകള്‍, റോഡുകള്‍, ബോട്ടുകളും വള്ളങ്ങളുമടക്കമുള്ള മത്സ്യബന്ധന സാമഗ്രികള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ സംഘം ശേഖരിച്ചു. ബീമാപള്ളി മേഖലയിലും വലിയതുറ മേഖലയിലും കടല്‍ക്ഷോഭം വന്‍തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ട നടപടികള്‍ക്കായി കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വി.എസ്. ശിവകുമാര്‍ എംഎല്‍എ, കൗണ്‍സിലര്‍മാരായ സജീന ടീച്ചര്‍, ഷീബ പാട്രിക്, തഹസീല്‍ദാര്‍ സുരേഷ് കുമാര്‍, ഫിഷറീസ് അഡീഷണല്‍ ഡയക്ടര്‍ കെ.എം. ലതി, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേന്ദ്രസംഘത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
Post Your Comments