കഴക്കൂട്ടം : വീട് നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി താല്‍ക്കാലിക ഷെഡില്‍ കഴിയവേ, തീപിടുത്തത്തില്‍ ദാരുണാന്ത്യം സംഭവിച്ച ലാംബര്‍ട്ട് ഫ്രാന്‍സിസ് പെരേരയുടെ സ്വപ്നം നിറവേറ്റാന്‍ സഹകരണ പ്രസ്ഥാനം. കഴിഞ്ഞ മാസം 24 നാണ് താല്‍ക്കാലിക ഷെഡിന് തീ പിടിച്ച് വലിയവേളി തൈവിളാകത്ത് ആറ്റുകാല്‍ ഹൗസില്‍ ലാംബര്‍ട്ട് മരിച്ചത്.
ലാംബര്‍ട്ടിന്റെ മക്കളായ പ്രിന്‍സിക്കും വിന്‍സിക്കും വീട് നിര്‍മ്മാണത്തിന് വേണ്ട സഹായം ചെയ്യാമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വീട് നിര്‍മ്മാണത്തിന് മുന്നോട്ട് വന്നത്. ലാംബര്‍ട്ടിന്റെ കുടുംബത്തെ സാക്ഷി നിര്‍ത്തി മന്ത്രി പുതിയ വീടിന് തറക്കല്ലിട്ടു.
ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നത്. രണ്ട് കിടപ്പുമുറികളും ഹാളും വരാന്തയും അടുക്കളയും ഉള്‍പ്പെടുന്ന നവീന രീതിയിലുള്ള വീടാണ് ഇവര്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്നത്.
Post Your Comments