Latest NewsKeralaNews

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന മുത്തലാഖ് ബില്ലിനെതിരെ മുസ്ലിംലീഗ് : പുരുഷന്‍മാര്‍ക്ക് ഇത്തരം ശിക്ഷാനടപടികള്‍ അപ്രായോഗികം

കോഴിക്കോട് : കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് നിരോധിത ബില്‍ അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ്. ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണു കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് സജാദ് നൊമാനി ആരോപിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കാനും മുത്തലാഖിലൂടെ വിവാഹമോചനം ചെയ്താല്‍ പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് കേന്ദ്രം രൂപം നല്‍കിയത്.

വാക്കാലോ രേഖാമൂലമോ ഇ-മെയില്‍, എസ്എംഎസ്, വാട്ട്‌സാപ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്ന് ബില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 22 നാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് താല്‍ക്കാലികമായി റദ്ദാക്കിയത്. ആറു മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button