ദമ്മാം•ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്ക് എത്തിയ മലയാളി വനിത, ഏറെ ദുരിതങ്ങൾ നേരിട്ട് ആ പ്രതീക്ഷകൾ തകർന്നപ്പോൾ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
കോതമംഗലം സ്വദേശിനി ലിസ്സി ബേബി എട്ടു മാസങ്ങൾക്ക് മുൻപാണ് സൗദിയിൽ ദമ്മാമിലെ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത്. എന്നാൽ വളരെ മോശം ജോലിസാഹചര്യങ്ങളാണ് അവർക്ക് ആ വലിയ വീട്ടിൽ നേരിടേണ്ടി വന്നത്. അമിതമായ ജോലിഭാരവും, മതിയായ ഭക്ഷണമോ വിശ്രമമോ കിട്ടാത്ത അവസ്ഥയും, നിരന്തരമായ ശകാരവും, ശമ്പളം സമയത്ത് കിട്ടാത്തതും കാരണം അവർ ശാരീരികമായും, മാനസികമായും തളർന്നു. ആ ജോലിയിൽ ആറു മാസത്തോളം പിടിച്ചു നിന്നെങ്കിലും, സഹിയ്ക്കാനാകാത്ത അവസ്ഥയായപ്പോൾ, പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.
അവിടെ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ബേബി സ്വന്തം അവസ്ഥ വിവരിച്ച് ,നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകൻ ഉണ്ണി പൂച്ചെടിയലും, ബേബിയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, താൻ ലിസ്സിയുടെ ഒരു കാര്യത്തിലും ഇടപെടില്ലെന്ന് പറഞ്ഞ് അയാൾ കൈയൊഴിഞ്ഞു.
തുടർന്ന് മഞ്ജുവിന്റെ അപേക്ഷ പരിഗണിച്ച്, വനിതാ അഭയകേന്ദ്രം തലവൻ ബേബിയ്ക്ക് ഫൈനൽ എക്സിറ്റ് നൽകാൻ ഉത്തരവിട്ടു. നവയുഗത്തിന്റെ അഭ്യർത്ഥനപ്രകാരം പെരുമ്പാവൂർ അസോഷിയേഷൻ നേതാവായ സുബൈറിന്റെ സഹായത്തോടെ വിമാനടിക്കറ്റും ബേബിയ്ക്ക് കിട്ടി. താമസിയ്ക്കാതെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞ് ലിസി ബേബി നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments