ആലപ്പുഴ: മൂന്നു മക്കളുടെ അമ്മയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചയാള്‍ക്കെതിരേയുള്ള പരാതിയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ ഇടപെട്ടെങ്കിലും പ്രശ്‌ന പരിഹാമില്ല. മക്കളുമായി യുവതി പള്ളിക്കുമുമ്പില്‍ സമരം നടത്തിയതിനെത്തുടര്‍ന്നാണിത്. തുറവൂര്‍ പാട്ടുകുളങ്ങര കോട്ടയ്ക്കല്‍ (ഷെരീഫ മന്‍സില്‍) നിഷയാണ് മുത്തലാഖിനെതിരെ പള്ളിക്ക് മുമ്പില്‍ സമരം നടത്തിയത്.
മുത്തലാഖ് ചൊല്ലി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചയാള്‍ക്കെതിരേയുള്ള പരാതി പള്ളിക്കമ്മിറ്റി നടത്തിയ ചര്‍ച്ചയിലും തീര്‍പ്പായില്ല. തുറവൂര്‍ സ്വദേശിനി നിഷയുടെ പരാതിയില്‍ നോര്‍ത്ത് ആര്യാട് സ്വദേശി ഷിഹാബുമായുള്ള തര്‍ക്കമാണ് തീര്‍പ്പാകാതെ പിരിഞ്ഞത്. നിഷ പള്ളിക്കുമുന്നില്‍ സത്യാഗ്രഹം നടത്തിയതിനെത്തുടര്‍ന്നാണ് മഹല്ലുകളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.
മുത്തലാഖ് നിയമവിരുദ്ധമായാണ് നടത്തിയതെന്നും നഷ്ടപരിഹാരവും ജീവനാംശവും നല്‍കാതെയാണ് ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ഒരുമിച്ച് ജീവിക്കുന്നതെന്നും നിഷ ആരോപിച്ചു. നിഷയുടെ പരാതിയില്‍ 17 ലക്ഷം രൂപയും ജീവനാംശമായി പ്രതിമാസം 8000 രൂപയും നല്‍കണമെന്ന് കുടുംബക്കോടതി വിധിച്ചെങ്കിലും ഇത് നല്‍കാന്‍ ഷിഹാബ് തയ്യാറായില്ല. ആര്യാട്, മണ്ണഞ്ചേരി, കുത്തിയതോട് മഹല്ല്കമ്മിറ്റി പ്രതിനിധികള്‍ കുടുംബക്കോടതി വിധിച്ച തുക നല്‍കണമെന്ന് ഷിഹാബിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. കോടതിയില്‍ കേസ് നടത്തുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്ന് അടുത്തമാസം വീണ്ടും ചര്‍ച്ച നടത്താമെന്നു പറഞ്ഞ് യോഗം പിരിയുകയായിരുന്നു.
നിഷയും മൂന്നു മക്കളും പ്രായമായ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത്. സ്വന്തമായി വരുമാനമില്ല. പതിനൊന്നും എട്ടും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും എങ്ങനെ നല്‍കുമെന്നുപോലും അറിയാത്ത അവസ്ഥയിലാണ് താനെന്ന് നിഷ പറഞ്ഞു. പള്ളിക്കുമുന്നില്‍ നിഷ സത്യാഗ്രഹമിരുന്നതിനെത്തുടര്‍ന്ന് കളക്ടര്‍ ടി.വി.അനുപമ പ്രശ്‌നത്തില്‍ ഇടപെട്ടത്. നിഷയ്ക്ക് സഹായം നല്‍കുന്നതിന് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഷിഹാബിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നിഷ.
വടക്കനാര്യാട് മുസ്ലിം പള്ളിക്കുമുമ്പില്‍ സത്യാഗ്രഹം നടത്തിയാണ് നിഷ വിഷയം പൊതുജനമധ്യത്തിലെത്തിച്ചത്. രാത്രി 12-മണിയോടെ സമീപത്തുള്ള മണ്ണഞ്ചേരി കിഴക്കേ മഹല്ല് ജനറല്‍ സെക്രട്ടറി ടി. ഷാജി, പൊതുപ്രവര്‍ത്തകനായ ബി. അനസും ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്കിയാണ് നിഷയെ സമരത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. നിഷയുടെ ബാപ്പ മരിച്ചു. പ്രായമായ ഉമ്മയ്‌ക്കൊപ്പമാണ് താമസം. ജോലിയുമില്ല. മൂത്തമോള്‍ക്ക് 11 വയസ്. എട്ടും ആറും വയസ്സുണ്ട് ഇളയ കുട്ടികള്‍ക്ക്.
മൂന്നുമക്കളുടെ അമ്മയാണ് ഞാന്‍. മൂന്നു തലാക്കുകള്‍ പെട്ടെന്നു ചൊല്ലി തന്നെ മൊഴി ചൊല്ലുകയായിരുന്നു. ജീവനാംശം നല്കണമെന്ന പരാതിയില്‍ കുടുംബകോടതി ഇടപെട്ടതാണ്. 15 ലക്ഷംരൂപയും പ്രതിമാസം 8000 രൂപവീതവും നല്കണമെന്നായിരുന്നു വിധി. ഇതു പാലിക്കാതെ ഭര്‍ത്താവ് ഷിഹാബ് ഹൈക്കോടതിയില്‍ കേസുനല്കി. ഇതിനിടയില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഷിഹാബ് തലാക്ക് ചൊല്ലിയത്. ഇതൊന്നും പരിശോധിക്കാതെ ആര്യാട് മഹല്ല് രണ്ടാംകല്യാണം നടത്തിക്കൊടുത്തു. കോടതിയില്‍ ജീവനാംശം കൊടുക്കാന്‍ കഴിവില്ലെന്നാണ് ഷിഹാബ് അറിയിച്ചത്. ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാന്‍ കഴിവില്ലാത്തവന്‍ രണ്ടാംവിവാഹം കഴിക്കാമോ? പള്ളിക്കമ്മിറ്റി ഇക്കാര്യം പരിശോധിക്കണം. ഞാനും മുസ്ലിമല്ലേ എന്ന ചോദ്യമാണ് നിഷ ഉയര്‍ത്തുന്നത്.
2016-ലാണ് നിഷയെ മുത്തലാഖ് ചൊല്ലിയത്. അന്ന് മുത്തലാഖ് നിയമവിരുദ്ധമായിരുന്നില്ല. നിഷയ്ക്ക് പണക്കൊതിയാണ്. ഇത്രയുംവലിയ തുക ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മക്കളെ നോക്കാന്‍ തയ്യാറാണ്. 7000 രൂപവീതം ജീവനാംശം നല്കുന്നുമുണ്ട്. അഞ്ചുവര്‍ഷമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. വേര്‍പിരിഞ്ഞ് നില്ക്കുമ്പോള്‍ സമയമെടുത്ത് മുത്തലാഖ് ചൊല്ലേണ്ടകാര്യമില്ലെന്നാണ് ഷിഹാബിന്റെ വാദം.
Post Your Comments