Latest NewsNewsGulf

ബിന്‍ തലാലിനെ മോചിപ്പിക്കാം.. പക്ഷേ.. ലോകത്തെ ഏറ്റവും വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് സൗദി അറേബ്യ

റിയാദ്: ലോകസമ്പന്നരില്‍ പ്രമുഖനാണ് സൗദി അറേബ്യന്‍ രാജകുമാരനായ അല്‍ വലീദ് ബിന്‍ തലാല്‍. കഴിഞ്ഞ മാസം നിരവധി രാജകുടുംബങ്ങള്‍ക്കും വ്യവസായികള്‍ക്കുമൊപ്പം ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തതില്‍ ആഗോള വ്യവസായ സമൂഹം ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കി മോചനത്തിനുള്ള വഴി തേടുകയാണ് അറസ്റ്റിലായവരെല്ലാം. ബിന്‍ തലാല്‍ രാജകുമാരനോടും സൗദി ഭരണകൂടം പണമടച്ച് രക്ഷപ്പെട്ടോളൂവെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ എത്ര തുകയാണ് ബിന്‍ തലാലിനോട് മോചന ദ്രവ്യമായി കെട്ടിവയ്ക്കാന്‍ പറഞ്ഞിട്ടുള്ളത്? ഇത്രയധികം തുക കെട്ടിവെച്ച് മോചിതനാകാന്‍ അദ്ദേഹം ആഗ്രഹിക്കുമോ. തന്റെ ആസ്തിയുടെ വലിയൊരു ഭാഗം സര്‍ക്കാരിലേക്ക് അടയ്ക്കണമത്രെ. ബിന്‍ തലാലിന്റെ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്ത വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. വിശദീകരണങ്ങള്‍ ഇങ്ങനെ…

സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള രാജകുടുംബത്തിലെ പ്രമുഖരെയും വ്യവസായികളെയും കൂട്ടമായി അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന് ലഭിക്കേണ്ട കോടികള്‍ ഇവര്‍ അഴിമതിയിലൂടെ കൈക്കലാക്കിയെന്നാണ് സമിതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് ഏറെ നാളത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കര്‍ശന വ്യവസ്ഥകള്‍
ഇതുമായി ബന്ധപ്പെട്ട തടവിലുള്ളവരുമായി സര്‍ക്കാര്‍ വ്യവസ്ഥയുണ്ടാക്കി. വ്യവസ്ഥ അംഗീകരിക്കുന്നവര്‍ക്ക് മോചനം നല്‍കും. അല്ലാത്തവര്‍ക്ക് വിചാരണ നേരിടാം. അവരുടെ ഭാവി കോടതി തീരുമാനിക്കും. ചിലപ്പോള്‍ ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ചേക്കാമെന്നു കണ്ടാണ് പലരും പണമടച്ച് മോചിതരാകുന്നത്.

നടപടികള്‍ ഇങ്ങനെ

അഴിമതി നടത്തിയെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ തുകയുടെ നിശ്ചിത ശതമാനം സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ ചെയ്താല്‍ യാതൊരു വിചാരണയും മറ്റു നിയമനടപടികളും നേരിടേണ്ട ആവശ്യമില്ല. വ്യവസ്ഥ അംഗീകരിക്കാത്തവരെ കോടതിയില്‍ ഹാജരാക്കും. ആറ് മാസത്തിനകം കോടതി ഇവുരടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

ബിന്‍ തലാല്‍ മോചിതനാകുമോ

ഈ വ്യവസ്ഥകള്‍ തടവിലുള്ള 95 ശതമാനം വ്യക്തികളും അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോഴും ബാക്കിയായ ചോദ്യം ബിന്‍ തലാലിനെ കുറിച്ചായിരുന്നു. അദ്ദേഹം മോചിതനാകുമോ? ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.

600 കോടി ഡോളര്‍

600 കോടി ഡോളര്‍ കെട്ടിവെച്ചാല്‍ മോചിപ്പിക്കാമെന്നാണ് ബിന്‍ തലാലിനോട് അഴിമതി വിരുദ്ധ സമിതി നിര്‍ദേശിച്ചതത്രെ. ഇത്രയും തുക കെട്ടിവെയ്ക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ആസ്തിയുടെ വലിയൊരു ഭാഗം വില്‍ക്കേണ്ടി വരും. തടവുകാരില്‍ ഏറ്റവും തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതും ബിന്‍ തലാലിനോടാണ്.

വ്യവസായ സാമ്രാജ്യം

പണമായി ഇത്രയും കോടി ഡോളര്‍ നല്‍കാന്‍ പ്രയാസമാണെന്ന് സര്‍ക്കാരിനും ബോധ്യമാണ്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. വ്യവസായത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

1800 കോടി ഡോളര്‍

സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങി ലോകത്തെ വന്‍കിട കമ്പനികളില്‍ കോടികള്‍ നിക്ഷേപമുള്ള വ്യക്തിയാണ് ബിന്‍ തലാല്‍. ലോക സമ്പന്നരില്‍ പത്താമനാണ് ഇദ്ദേഹമെന്ന് നേരത്തെ ഫോബ്‌സ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടെത്തിയിരുന്നു. 1800 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കിങ്ഡം ഹോള്‍ഡിംഗ്‌സ് കമ്പനി കൈമാറുമോ

ആഗോളതലത്തില്‍ ബിന്‍ തലാല്‍ നിക്ഷേപം നടത്തിയത് അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ്‌സ് കമ്പനി മുഖേനയാണ്. ഈ കമ്പനിയുടെ ഒരു ഭാഗം സര്‍ക്കാരിന് കൈമാറണമെന്ന നിര്‍ദേശവും അഴിമതി വിരുദ്ധ വിഭാഗം മുന്നോട്ട് വച്ചിട്ടുണ്ടത്രെ. കള്ളപ്പണം വെളുപ്പിച്ചു, കൈക്കൂലി നല്‍കി കരാറുകള്‍ സ്വന്തമാക്കി തുടങ്ങിയ ആരോപണങ്ങളാണ് ബിന്‍ തലാലിനെതിരേയുള്ളത്.

കുറ്റം ചുമത്തിയിട്ടില്ല

എന്നാല്‍ ഔദ്യോഗികമായി അഴിമതി വിരുദ്ധ വിഭാഗം ബിന്‍ തലാലിനെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്ന്. നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് ബിന്‍ തലാലിന്റെ ആവശ്യം. ബിന്‍ തലാലിനെതിരേ പിടിമുറുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

200ഓളം പേരെയാണ് സൗദി അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരില്‍ പ്രധാനപ്പെട്ട ചിലരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് തടവിലാക്കിയിരിക്കുന്നത്. ചിലരെ റിയാദിലെ തന്നെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചിരിപ്പിക്കുകയാണ്. ബിന്‍ തലാല്‍ ഈ രണ്ടിടങ്ങളില്‍ എവിടെയാണെന്ന് വ്യക്തമല്ല. റിറ്റ്‌സ് കാള്‍ട്ടണിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പശ്ചിമേഷ്യയിലെ ബില്‍ഗേറ്റ്‌സ്

ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളാണ് സൗദി അറേബ്യയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. പശ്ചിമേഷ്യയിലെ ബില്‍ഗേറ്റ്‌സ് എന്നാണ് അദ്ദേഹത്തെ അമേരിക്കന്‍ വ്യവസായികള്‍ വിളിക്കാറ്. സൗദി രാജകുടുംബാംഗമായ ഇദ്ദേഹത്തെ കഴിഞ്ഞമാസം അഞ്ചിനാണ് അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്തത്.

5500 കോടി നഷ്ടം

വളരെ പരിതാപകരമായ അവസ്ഥയിലാണ് ബിന്‍തലാലിന്റെ വ്യവസായങ്ങളെല്ലാമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 850 കോടി ഡോളറിന്റെ (ഏകദേശം 5500 കോടി രൂപ) നഷ്ടമാണ് ഒരു മാസത്തിനിടെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കുണ്ടായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും അദ്ദേഹം പുറത്തിറങ്ങിയില്ലെങ്കില്‍ അമേരിക്കയും യൂറോപ്പും വ്യാപിച്ചു കിടക്കുന്ന ബിസിനസ് ശൃംഖലയ്ക്ക് കനത്ത തിരിച്ചടിയാകും.

1300 കോടി ഡോളര്‍

എന്നാല്‍ ബിസിനസില്‍ ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും തിരിച്ചുപിടിക്കാന്‍ സാധിക്കുന്നതേയുള്ളൂവെന്നാണ് കിങ്ഡം ഹോള്‍ഡിങിന്റെ സിഇഒ തലാല്‍ അല്‍ മയ്മന്‍ പറയുന്നത്. 1300 കോടി ഡോളര്‍ ഏതുസമയവും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കമ്പനിയുടെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ബിന്‍ തലാല്‍ അടുത്തൊന്നും പുറത്തിറങ്ങാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ബിന്‍ തലാലുമായി വര്‍ഷങ്ങള്‍ ബന്ധമുള്ളവരെ ഉദ്ധരിച്ചാണ് വാര്‍ത്തയെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കിങ്ഡം ഹോള്‍ഡിങ്‌സിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ അനിശ്ചതത്വം നിലനില്‍ക്കുകയാണെന്നും അവര്‍ പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖനായിരുന്നു മയ്തിബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍. സൗദി സുരക്ഷാ ഗാര്‍ഡിന്റെ മേധാവിയായിരുന്നു ഇദ്ദേഹം. ഒരു പക്ഷേ, അടുത്ത രാജാവായി വരെ പരിഗണിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് മയ്തിബ്. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇദ്ദേഹം പണം നല്‍കി മോചനത്തിന് തയ്യാറായിട്ടുണ്ട്.

അഴിമതിയുടെ പേരില്‍ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതില്‍ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളില്‍ ജയിലില്‍ അടച്ചു. പ്രമുഖര്‍ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ആഡംബര ഹോട്ടലിലാണ്. ഭൂരിഭാഗം പേരും സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button