Latest NewsKeralaNews

കാണാതായ യുവാവിന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി : മരണം കൊലപാതകം : അരുംകൊല നടത്തിയത് ദമ്പതികളും മകനും

മൂലമറ്റം: പിതാവു പ്രതിയായ കേസില്‍ ജാമ്യം നില്‍ക്കാന്‍ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില്‍ ബന്ധുവിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയത്. രണ്ടുദിവസം മുമ്പ് കാണാതായ മൂന്നുങ്കവയല്‍ ഇടതൊട്ടിയില്‍ പരേതനായ ഇ.ജെ. മത്തായിയുടെ മകന്‍ ജോമോനാ (31) ണ് കൊല്ലപ്പെട്ടത്. ഇന്നലെ അറക്കുളം മൂന്നുങ്കവയലിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജോമോന്റെ നെഞ്ചില്‍ ആഴത്തില്‍ രണ്ടു കുത്തേറ്റിട്ടുണ്ട്. ശരീരം മുഴുവനും മുറിവുകളുമുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി.

പുതുപ്പറമ്പില്‍ (തോട്ടുചാലില്‍) ബിജോയാണ്(ജെറീഷ്) കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. പ്രതിയുടെ മാതാപിതാക്കളായ തോമസിനെയും ലീലാമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മകനാണു കൊലപ്പെടുത്തിയതെന്നു വെളിപ്പെടുത്തിയത്.

കഞ്ചാവിനു അടിമയാണ് ജെറീഷ് എന്നു പോലീസ് പറയുന്നു. കഞ്ചാവ് ലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംശയമുണ്ട്. ജെറീഷിന്റെ പിതാവ് തോമസ് കുറച്ചുനാള്‍ മുമ്പ് ഒരു സ്ത്രീയെ ചുറ്റികയ്ക്ക് അടിച്ചിരുന്നു. ഈ കേസില്‍ ജാമ്യം നില്‍ക്കാന്‍ ജോമോന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നു പോലീസ് കരുതുന്നു.

ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയാണ് ഓട്ടോറിക്ഷയിലെത്തിയ ജെറീഷ് വീട്ടില്‍ നിന്നു ജോമോനെ കൂട്ടിക്കൊണ്ടു പോയിരുന്നു. ഓട്ടോറിക്ഷയില്‍ മറ്റു രണ്ടു പേരു കൂടി ഉണ്ടായിരുന്നു. സ്വന്തം വീട്ടില്‍ക്കൊണ്ടു പോയി അന്നു തന്നെ കൊലപ്പെടുത്തിയെന്നാണു കരുതുന്നത്.

ജോമോനെ അമ്മ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. അതിനാല്‍, ജെറീഷിന്റെ ഫോണിലും വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിറ്റേദിവസം അമ്മ മറിയാമ്മയും മകള്‍ വല്‍സയും ജെറീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചിരുന്നു. മകന്‍ എവിടെയെങ്കിലും പോയി വെള്ളമടിച്ച് കിടപ്പുണ്ടാകുമെന്നും ആരെങ്കിലും തല്ലിക്കൊന്നു കാണുമെന്നും പ്രതിയുടെ പിതാവ് പറഞ്ഞു.

ഇതോടെ, ഇവര്‍ കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ കാഞ്ഞാര്‍ സി.ഐ: മാത്യു ജോര്‍ജും എസ്.ഐ: ജോണ്‍ സെബാസ്റ്റ്യനും ജെറീഷിന്റെ വീട്ടിലെത്തി മാതാപിതാക്കളോടു വിവരങ്ങള്‍ ആരാഞ്ഞു. ജെറീഷ് എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു മറുപടി. ഇരുവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. അതിനാല്‍, വീട്ടില്‍ കയറി പരിശോധിച്ചു.
തറയില്‍ രക്തവും രക്തംപുരണ്ട തുണിയും കണ്ടു. തുടര്‍ന്നു സമീപത്തെ തോട്ടത്തില്‍ റബര്‍ വെട്ടിക്കൊണ്ടിരുന്ന മൂലേച്ചാലില്‍ ടോമിയെ കൂട്ടി സമീപ പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തി. തോടിനു സമീപത്തുനിന്നു ലുങ്കി കണ്ടെത്തി. ഇതിനുശേഷം തോട്ടില്‍ ജോമോന്റെ നഗ്‌നമായ മൃതദേഹം കമിഴ്ന്നനിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് രക്തംപുരണ്ട ഷര്‍ട്ടുമുണ്ടായിരുന്നു. ഇതോടെ, തോമസിനെയും ലീലാമ്മയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

താനും മകനും കൂടി മൃതദേഹം വലിച്ചുകൊണ്ടുവന്നാണു തോട്ടില്‍ ഇട്ടതെന്നു തോമസ് മൊഴി നല്‍കി. ഇടുക്കി ജില്ലാ പോലീസ് മേധാവി എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെിയിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button