തുറക്കുമ്പോള്‍ സംഗീതം പൊഴിക്കുന്നതും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വാക്കുകള്‍കൊണ്ട് ആശംസകള്‍ നടത്തിയിരുന്ന ക്രിസ്തുമസ് ആശംസാ കാര്‍ഡുകള്‍ ഓര്‍മ്മകളില്‍ മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുന്നു. സാധാരണ നവംബര്‍ അവസാനത്തോടെ സജീവമാകുന്ന ക്രിസ്മസ് കാര്‍ഡ് വിപണി ഡിസംബര്‍ രണ്ടാഴ്ച പിന്നിട്ടിട്ടും ഉണര്‍ന്നിട്ടില്ല. മനസ്സിന് ഇഷ്ടപ്പെട്ട കാര്‍ഡ് തിരഞ്ഞെടുത്ത് സ്വന്തം കയ്യക്ഷരത്തില്‍ സന്ദേശം കുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് എത്തിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ ക്രിസ്തുമസ് കാര്‍ഡുകള്‍ വാങ്ങിക്കുന്നത്.
പ്രമുഖ കമ്പനികളുടേയും പ്രാദേശികമായി നിര്‍മിച്ചതുമായ വൈവിധ്യമാര്‍ന്ന കാര്‍ഡുകള്‍ ഇത്തവണയും ക്രിസ്തുമസ് വിപണിയില്‍ എത്തിയിട്ടുണ്ട്. അഞ്ച് രൂപയുടെ ഏറ്റവും ചെറിയ കാര്‍ഡ് മുതല്‍ 500 രൂപയില്‍ അധികം വിലയുള്ള കാര്‍ഡുകള്‍ വരെ വിപണിയിലുണ്ട്. ഇപ്പോള്‍ ആഘോഷവേളകളില്‍ ഇ-കാര്‍ഡുകളുടെ തരംഗമാണ് എല്ലായിടത്തും കാണുവാന്‍ സാധിക്കുന്നത്. നവീന മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവയും ഇന്റര്‍നെറ്റും എസ് എം എസുമെല്ലാം പുതുതലമുറയെ കടലാസ് കാര്‍ഡുകളുടെ വിസ്മയങ്ങളില്‍ നിന്നും വിദൂരതയിലേയ്ക്ക് അകറ്റി. ഫ്‌ളാഷ് പോലുള്ള ആനിമേഷന്‍ വിദ്യകള്‍കൊണ്ട് സമ്പന്നമായ ഇ-ഗ്രീറ്റിംഗ്‌സില്‍ പലതും ചെറിയൊരു സിനിമ പോലെ കാണാനാവുന്നത്ര രീതിയിലേയ്ക്ക് മാറി.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് സമ്മാനപൊതിയുമായി വന്ന് പേര് ചൊല്ലി വിളിച്ച് ആശംസകള്‍ നേര്‍ന്ന് പോകുന്ന സാന്താക്ലോസ്, മഞ്ഞിന്‍ കണങ്ങളില്‍ നിന്ന് സംഗീതം പൊഴിച്ച് ഇറങ്ങിവന്ന് ആശംസകള്‍ അറിയിക്കുന്ന മാലാഖകൂട്ടം ഇതൊക്കെയാണ് ഇ-ഗ്രീറ്റിംഗ്‌സില്‍ ഉള്ളത്. കൂടാതെ സ്വന്തം ഫോട്ടോവെച്ച് ആനിമേഷന്‍ നടത്തി ആശംസകള്‍ അറിയിക്കുന്ന ജിഫ് ആപ്ലിക്കേഷനും ഇപ്പോഴുണ്ട്. ഹൈഡഫിനിഷന്‍ ദൃശ്യവും ത്രിഡി മികവോടെയുള്ള ശബ്ദവും ചേര്‍ത്തുള്ള ഇ-ഗ്രീറ്റിംഗ്‌സും പ്രചാരത്തിലുണ്ട്. എന്നാല്‍ കടലാസ് കാര്‍ഡിലെ ആശംസകള്‍ പോലെ ഇ-ഗ്രീറ്റിംഗ്‌സിന്റെ യാന്ത്രികതയ്ക്ക് സാധ്യമാകില്ലെന്ന് മനസ്സിലാക്കുന്ന യുവത്വം ആശംസാ കാര്‍ഡുകള്‍ തേടി എത്തുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
Post Your Comments