Latest NewsNewsGulf

വാറ്റില്ല : ദുബായില്‍ 33 കിലോ സ്വര്‍ണം സ്വന്തമാക്കാന്‍ സുവര്‍ണാവസരം

ദുബായ് : ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (ഡിഎസ്എഫ്)നോടനുബന്ധിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പി(ഡിജിജെജി)ന്റെ സമ്മാന പദ്ധതിയെ ജനുവരി മുതല്‍ രാജ്യത്ത് നടപ്പാക്കുന്ന മൂല്യ വര്‍ധിത നികുതി (വാറ്റ്) ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ പിന്നീട് വ്യക്തത വരുത്തും.

ഈ മാസം 26 മുതല്‍ 2018 ജനുവരി 27 വരെ നടക്കുന്ന 23-ാമത് ഡിഎസ്എഫിനോടനുബന്ധിച്ച് 33 ദിവസങ്ങളിലായി നടക്കുന്ന നറുക്കെടപ്പില്‍ 50 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന 33 കിലോ ഗ്രാം സ്വര്‍ണമാണ് സമ്മാനമായി നല്‍കുക. ഒരു ദിവസം മൂന്ന് പേര്‍ക്ക് ആകെ ഒരു കിലോ സ്വര്‍ണം പ്രകാരം 100 വിജയികള്‍ക്ക് സമ്മാനം ലഭിക്കുമെന്ന് ഡിജിജെജി ബോര്‍ഡ് സ്ഥിരാംഗവും ഡിടിസിഎം ആന്‍ഡ് എന്‍ടിറ്റീസ് സ്ട്രാറ്റജിക് അലയന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ് സെക്ടര്‍ സിഇഒയുമായ ലൈലാ സുഹൈല്‍, ദുബായ് ടൂറിസം ദുബായ് ഫെസ്റ്റിവല്‍സ് ആന്ഡ് റിട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് , റാഫിള്‍സ് ആന്‍ഡ് പ്രമോഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല ഹസന്‍ അല്‍ അമീരി, ഡിജിജെജി ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല എന്നിവര്‍ പറഞ്ഞു.

ഡിജിജെജി അംഗങ്ങളായ ദുബായിലെ ജ്വല്ലറികളില്‍ നിന്ന് ഡിഎസ്എഫ് കാലത്ത് 500 ദിര്‍ഹമിന്റെ സ്വര്‍ണമോ മുത്തോ, വാച്ചോ വാങ്ങിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണ്‍ ലഭിക്കും. കിയോസ്‌ക്കുകള്‍, ദുബായ് രാജ്യാന്തര ടെര്‍മിനലിലുകളിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നും കൂപ്പണുകള്‍ ലഭ്യമാകും. എല്ലാ ദിവസവും രാത്രി എട്ടിന് ദെയ്‌റ ഗോള്‍ഡ് സൂഖിലായിരിക്കും നറുക്കെടുപ്പ്. ആദ്യത്തെ വിജയിക്ക് അര കിലോ, രണ്ടാമത്തെയും മൂന്നാമത്തെയും വിജയിക്ക് കാല്‍ കിലോ വീതവും സ്വര്‍ണം ലഭിക്കും. ഇവര്‍ക്ക് അവസാന ദിവസം നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ പങ്കെടുക്കാനും അവസരമുണ്ടാകും.

ലോകത്തെ വിവിധ രാജ്യക്കാര്‍ ഉറ്റുനോക്കുന്ന ഡിഎസ്എഫ് ഓരോ വര്‍ഷവും വളരുകയാണെന്ന് തൗഹീദ് അബ്ദുല്ല പറഞ്ഞു. സ്വര്‍ണ പദ്ധതിയാണ് ഉത്സവകാലത്തെ ഏറ്റവും ആകര്‍ഷകമായ പരിപാടികളിലൊന്ന്. ഈ പദ്ധതിയില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് സമ്മാനം ലഭിച്ചു. ഇവരുടേതടക്കം വിജയികളുടെയെല്ലാം ജീവിതം പാടെ മാറിമറിഞ്ഞു. ജ്വല്ലറികളിലെ സ്വര്‍ണവില്‍പനയിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഡിഎസ്എഫ് കാലത്ത് യുഎഇയിലെത്തുന്ന ആയിരക്കണക്കിന് വിദേശ സന്ദര്‍ശകര്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ഭാഗ്യ പരീക്ഷണത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുല്ല ഹസന്‍ അല്‍ അമീരി പറഞ്ഞു. റിട്ടെയില്‍ മേഖലയ്ക്ക് പുത്തനുണര്‍വേകുന്ന ഡിഎസ്എഫ് രാജ്യത്തെ സാമ്പത്തിക രംഗത്തിനും കുതിപ്പുണ്ടാക്കും. ഡിജിജെജി വൈസ് ചെയര്‍മാന്‍ ചന്തു സിറോയയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button