Latest NewsKeralaNews

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊളളലേറ്റു മരിച്ച സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ചു

മാവേലിക്കര: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹത്തെ തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊളളലേറ്റു മരിച്ചതാണെന്നാണ് നിഗമനം. തഴക്കര അറനൂറ്റിമംഗലം തോട്ടിങ്കല്‍ വീട്ടില്‍ പരേതനായ ശുഭേന്ദ്രന്റെ ഭാര്യ സരസ്വതി(65)യുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് തെരുവുനായ്ക്കള്‍ ഭക്ഷിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് കരുതുന്നതായി ഫോറന്‍സിക് വിഭാഗം പറഞ്ഞു.

ഒറ്റയ്ക്കു താമസിച്ചിരുന്ന ഇവര്‍ മാനസികവെല്ലുവിളി നേരിടുന്ന ആളായിരുന്നു. സരസ്വതിയുടെ ഇടതു കൈയും ശരീരത്തിന്റെ കുറച്ചുഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. ഇരുകാലുകളിലെയും അസ്ഥികള്‍ മാത്രമാണ് അവശേഷിക്കുന്നത്. രണ്ടുവര്‍ഷം മുൻപാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. ഇവർക്ക് മക്കളില്ല. കുറച്ചു നാൾ മുൻപ് ഇവരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വൃദ്ധസദനത്തിൽ ആക്കിയിരുന്നു. പിന്നീട് ഒരുവർഷം മുൻപ് അവിടെ നിന്ന് ഇവർ ഇറങ്ങിപ്പോരുകയായിരുന്നു. ഇവര്‍ പലപ്പോഴും അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ട്.

അടുത്തിടെ രോഗം മൂർച്ഛിച്ച നിലയിലായിരുന്നു ഇവർ. കുറച്ചുദിവസങ്ങളായി വീടിനു പുറത്തെങ്ങും അയല്‍വാസികള്‍ കണ്ടിരുന്നില്ല. കഴിഞ്ഞദിവസം ബന്ധുവായ സ്ത്രീ ആഹാരവുമായി ചെന്നപ്പോള്‍ വീട്ടില്‍ മൃതദേഹം നായ്ക്കള്‍ ഭക്ഷിക്കുന്നതാണ് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button