Latest NewsNewsInternational

അന്യഗ്രഹ ജീവന്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവ്

 

ഭൂമിക്കു സമാനമായ ഒരു ഗ്രഹം അന്വേഷിച്ച് മനുഷ്യന്‍ യാത്ര തുടങ്ങി എത്രയോ കാലമായിരിക്കുന്നു. പക്ഷേ എല്ലായിടത്തും എന്തെങ്കിലും പ്രതിസന്ധി ഉറപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം അന്തരീക്ഷമായിരുന്നു. മനുഷ്യജീവന് ഒരു കാരണവശാലും നിലനില്‍ക്കാനാകാത്ത അന്തരീക്ഷമാണ് പല ഗ്രഹങ്ങള്‍ക്കും. എന്നാല്‍ മനുഷ്യന്, അല്ലെങ്കില്‍ ഭൂമിയിലെ മറ്റു ജീവജാലങ്ങള്‍ക്ക്, ജീവിക്കാന്‍ സാധിക്കാത്ത അന്തരീക്ഷമുള്ളയിടങ്ങളില്‍ മറ്റു സൂക്ഷ്മജീവികള്‍ വളരുകയില്ലേ? കൊടുംചൂടിലും തണുപ്പിലുമിട്ടാലും യാതൊരു കുഴപ്പവും പറ്റാത്ത ജീവികള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ തെളിവാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്. ജീവന്‍ നിലനില്‍ക്കാന്‍ അത്യാവശ്യമാണെന്നു കരുതിയിരുന്ന ഊര്‍ജസ്രോതസ്സുകളൊന്നും ഇല്ലെങ്കിലും ചില ജീവികള്‍ സുഗമമായി നിലനില്‍ക്കും എന്നതാണത്. അവയ്ക്ക് നൈട്രജനോ സൂര്യപ്രകാശമോ ഒന്നും ആവശ്യമില്ല. അതേസമയം ദോഷകരമെന്നു നാം കരുതിയിരുന്ന കാര്‍ബണ്‍മോണോക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും ഹൈഡ്രജനും ഉണ്ടായാല്‍ സുഖമായി ജീവിക്കുകയും ചെയ്യും.

അന്റാര്‍ട്ടിക്കയിലെ കൊടുംതണുപ്പുള്ള മേഖലയില്‍ നിന്നു ശേഖരിച്ച മണ്ണില്‍ നിന്നാണ് ഇത്തരം പ്രത്യേക തരം സൂക്ഷ്മജീവികളുടെ ‘പുത്തന്‍ കൂട്ടായ്മ’ തിരിച്ചറിഞ്ഞത്. ഈ ജീവികള്‍ക്ക് വളരാന്‍ സഹായകമായ വാതകങ്ങള്‍ക്ക് ‘അറ്റ്മോസ്ഫറിക് ട്രേസ് ഗ്യാസസ്’ എന്നാണു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഇവയ്ക്കാവശ്യമായ ഊര്‍ജവും മറ്റു പോഷകവസ്തുക്കളുമെല്ലാം ഈ വാതകങ്ങളില്‍ നിന്നു ലഭിക്കും. അതായത് ഭൂമിയോ സൂര്യനോ ആവശ്യമില്ല ഇത്തരം ജീവികള്‍ക്ക് വളരാന്‍. ഭൂമിയില്‍ ജീവികള്‍ക്കാവശ്യമായ ഊര്‍ജത്തിന് സൂര്യപ്രകാശം അത്യന്താപേക്ഷിതമാണെന്നുറപ്പിച്ചിരിക്കെയാണ് ഇതൊന്നുമില്ലെങ്കിലും ‘കൂളായി’ ജീവിക്കുമെന്നു പ്രഖ്യാപിച്ച് ഒരു കൂട്ടം മൈക്രോസ്‌കോപ്പിക് ജീവികള്‍ രംഗത്തു വന്നിരിക്കുന്നത്. ഇതാണ് അന്യഗ്രഹജീവന്‍ തേടുന്ന നാസയിലെ ഗവേഷകര്‍ക്കുള്ള പിടിവള്ളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. ജീവന്‍ നിലനില്‍ക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നു കരുതി ‘ഉപേക്ഷിച്ച’ ഗ്രഹങ്ങളില്‍പ്പോലും ഇനി രണ്ടാമതൊന്നു പോയി നോക്കാന്‍ നാസ മെനക്കെടേണ്ടി വരുമെന്നു ചുരുക്കം. ഒരുപക്ഷേ ഇന്നേവരെ കാണാത്ത തരം ജീവന്റെ സാന്നിധ്യവും അവിടെ തിരിച്ചറിഞ്ഞേക്കാം.

നിലവില്‍ ബഹിരാകാശ ഗവേഷകരുടെ ശ്രദ്ധ ഏറ്റവുമേറെയുള്ള ചൊവ്വയിലും സമാനജീവികളുടെ സാന്നിധ്യമുണ്ടായേക്കാമെന്ന നിഗമനത്തിലെത്തിയാലും തെറ്റു പറയാനാകില്ല. അത്രയേറെ ശക്തമായ തെളിവാണ് ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്. അതേസമയം ഇത്തരം സൂക്ഷ്മജീവികള്‍ ഭൂമിയില്‍ എവിടെയെല്ലാം ഉണ്ട് എന്ന കാര്യത്തില്‍ വിശദമായ പഠനം വേണ്ടി വരും. ഇനിയിപ്പോള്‍ പഠനത്തിന് നാസയെയും മറ്റു ബഹിരാകാശ ഏജന്‍സികളെയും ഒപ്പം കൂട്ടാമെന്ന ആശ്വാസവുമുണ്ട്. അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള മണ്ണിന്റെ വിശദപഠനത്തിനൊപ്പം സൂക്ഷ്മജീവികളുടെ ഡിഎന്‍എ സീക്വന്‍സിങ്ങും ഗവേഷകര്‍ നടത്തിയിരുന്നു. സഹിക്കാനാകാത്ത കൊടുംതണുപ്പ്, കാര്‍ബണിന്റെയും നൈട്രജന്റെയും ജലത്തിന്റെയും ദൗര്‍ലഭ്യം തുടങ്ങിയവ മേഖലയില്‍ ഏറെക്കുറെ ജീവിതം അസാധ്യമാക്കിയിരുന്നു. അതിനിടയിലാണ് നിര്‍ണായക വഴിത്തിരിവായി പുതിയ സൂക്ഷ്മജീവികളുടെ വരവ്. നേച്ചര്‍ ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് സയന്‍സില്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button