ചെന്നൈ : ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞര്‍ പുതിയ ഗ്രഹം കണ്ടുപിടിച്ചു. ഭൂമിയില്‍നിന്ന് 600 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമാണ് കണ്ടെത്തിയത്. ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറു മടങ്ങ് വ്യാസവുമുള്ള പുതിയ ഗ്രഹം സൂര്യനു സമാനമായ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നുമുണ്ട്.
അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോട്ടറിയിലെ ശാസ്‌ത്രജ്‌ഞരാണ് ഗ്രഹം കണ്ടെത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ് റേഡിയല്‍ വെലോസിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഗ്രഹം കണ്ടുപിടിച്ചത്. ഗ്രഹം കണ്ടെത്താൻ ഏകദേശം ഒന്നരവർഷത്തോളം വേണ്ടിവന്നു. ഇതോടെ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.
പുതിയ ഗ്രഹത്തിനു എപ്പിക് 211945201 അല്ലെങ്കില്‍ കെ2-236ബി എന്നു പേരിടും. ഈ ഗ്രഹം 19.5 ദിവസം കൊണ്ടു ഭ്രമണം പൂര്‍ത്തിയാക്കുന്നതായി ഐ.എസ്.ആര്‍.ഒ. വെബ്‌സൈറ്റിലൂടെ വ്യക്‌തമാക്കി. നക്ഷത്രത്തോടു വളരെ അടുത്തായതിനാല്‍ ഗ്രഹത്തിന്റെ താപനില 600 ഡിഗ്രി സെല്‍ഷ്യസാണ്. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തെക്കാള്‍ ഏഴിരട്ടി അടുത്താണ് പുതിയ ഗ്രഹവും നക്ഷത്രവും.
Post Your Comments