KeralaLatest NewsNews

സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികളുടെ ഏകോപനത്തിനും നിരീക്ഷണത്തിനും ഇനി പുതിയ സംവിധാനം

തിരുവനന്തപുരം : സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികളുടെ ഏകോപനത്തിനും നിരീക്ഷണത്തിനും വേണ്ടി തയ്യാറാക്കിയ വെബ് അധിഷ്ഠിത വിവര സാങ്കേതിക സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓരോ വകുപ്പിനു കീഴിലും നടപ്പിലാക്കുന്ന പ്രമുഖ പദ്ധതികള്‍, അടങ്കല്‍ തുക പത്തു കോടിയിലധികം വരുന്ന പദ്ധതികള്‍, പ്രധാനപ്പെട്ടതും മുന്‍ഗണനാധിഷ്ഠിതവുമായ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍, കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികള്‍, കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതും സമര്‍പ്പിക്കാനുള്ളതുമായ പദ്ധതികള്‍ എന്നിവയാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ സംവിധാനത്തിലൂടെ ഓരോ പദ്ധതിയുടെയും ഭൗതികവും സാമ്പത്തികവുമായ പുരോഗതി നിരീക്ഷിക്കാം. പദ്ധതി നിര്‍വഹണത്തിന്റെ പുരോഗതി വീക്ഷിക്കുന്നതിനും ഫലപ്രദമായ ഇടപെടലുകള്‍ അതത് തലങ്ങളില്‍ നടത്തി സമയബന്ധിതമായി ഓരോ പദ്ധതിയും പൂര്‍ത്തീകരിക്കുന്നതിനും മുഖ്യമന്ത്രിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്റിറിംഗ് ഗ്രൂപ്പിനെ സജ്ജമാക്കുന്നതാണ് ഈ വെബ് സംവിധാനം. ഇതോടൊപ്പം ഓരോ പദ്ധതിയുടെയും ഭൗതിക പുരോഗതി ഫോട്ടോ സഹിതം ശേഖരിക്കുന്നതിന് ആവശ്യമായ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച് ഒരുക്കിയിട്ടുണ്ട്.

പദ്ധതി സ്ഥലത്തെക്കുറിച്ചും ഓരോ ഘട്ടത്തിലും പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദീകരിക്കുന്നതുമായ ഫോട്ടോകളും ശ്രവ്യവിവരങ്ങളും ഉള്‍പ്പെടുത്തിയാണ് വികസിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആസൂത്രണ-സാമ്പത്തികകാര്യ (സി.പി.എം.യു) വകുപ്പ്, വിവരസാങ്കേതിക വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് – കേരള എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ വെബ്/മൊബൈല്‍ അധിഷ്ഠിത സംവിധാനം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button