റിയാദ്: സൗദി രാജകൊട്ടാരം ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു. സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കിയാണ് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. യുദ്ധം നടക്കുന്ന യമനില്‍ നിന്നും ഇറാന്‍ അനുകൂല യമന്‍ വിമത വിഭാഗമായ ഹൂതികളാണ് മിസൈല്‍ ആക്രമണത്തിന് പിന്നില്‍. മിസൈല്‍ വേധ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ത്തതിനാല്‍ വന്‍ അപകടം ഒഴിവായി. റിയാദ് ആകാശത്തു വച്ചു തന്നെയാണ് മിസൈല്‍ തകര്‍ക്കാനായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അറബ് സഖ്യസേനയും സൗദി അധികൃതരും അറിയിച്ചു. റിയാദിലെ രാജ കൊട്ടാരം ലക്ഷ്യമാക്കി മിസൈലയച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു. റിയാദിന് തെക്ക് ഭാഗത്ത് വന്‍ സ്ഫോടക ശബ്ദം മുഴങ്ങിയതായി വിദേശികളും പ്രദേശവാസികളും അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് റിയാദ് ലക്ഷ്യമാക്കി മിസൈലുകളെത്തിയത്. സഊദി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് റിയാദിലെ അഹമ്മദിയ, സുവൈദി എന്നിവിടങ്ങളില്‍ വച്ച് മിസൈലുകള്‍ തകര്‍ക്കുകയായിരുന്നു. നിലം തൊടും മുമ്പ് ആകാശത്തു വച്ചു തന്നെ ഇവ തകര്‍ക്കാന്‍ കഴിഞ്ഞതായി സൗദി സൈന്യം അറിയിച്ചു.
റിയാദിലെ അല്‍യമാമ കൊട്ടാരം ലക്ഷ്യമാക്കിയാണ് തങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചതെന്ന് യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള മസീറ ടിവി അവകാശപ്പെട്ടു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റിയാദിലേക്ക് ഹൂതികള്‍ മിസൈലയക്കുന്നത്. നവംബര്‍ നാലിന് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കിയെത്തിയ മിസൈലും സൗദി സൈന്യം തകര്‍ത്തിരുന്നു. തുടര്‍ന്ന് ഹൂതികള്‍ക്കെതിരേ ശക്തമായ സൈനിക നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും മിസൈലാക്രമണമുണ്ടായിരിക്കുന്നത്.
Post Your Comments