KeralaLatest NewsNews

ഇല്ലാത്ത കാശുണ്ടാക്കി മകന് ഫോണ്‍ വാങ്ങി നല്‍കിയ മാതാവും കുടുംബവും പെരുവഴിയില്‍: 42 കാരിക്കൊപ്പം ഒളിച്ചോടിയ മകന്‍ ജയിലിലും

പത്തനംതിട്ട•പ്ലസ് ടു പാസായ മകന്റെ ആവശ്യമായിരുന്നു ഒരു ബൈക്ക്. അത് ആ നിര്‍ധനയായ മാതാവിന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുന്നതല്ലായിരുന്നു. പകരം ഇല്ലാത്ത കാശുണ്ടാക്കി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി മകന് സമ്മാനിക്കുമ്പോള്‍ ഇത് തങ്ങളുടെ ജീവിതം തകര്‍ക്കുമെന്ന് ആ മാതാവ് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. സമ്മാനമായി ലഭിച്ച മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട 42 കാരിയോടൊപ്പം ഒളിച്ചോടിയ ആ 17 കാരന്‍ ചതിയില്‍ കുടുങ്ങിയതോടെയാണ്‌ നിര്‍ധന കുടുംബത്തിനു കിടപ്പാടം പോലും നഷ്ടപ്പെടുത്തി പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവന്നത്.

കഴിഞ്ഞദിവസം പത്തനംതിട്ട കലക്ടറേറ്റില്‍ വനിതാ കമ്മിഷനു മുന്നില്‍ തന്റെ ദുരനുഭവം മാതാവ് വിവരിച്ചു. താന്‍ വാങ്ങി നല്‍കിയ സ്മാര്‍ട്ട്‌ഫോണിലൂടെ മകന്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഹോം നഴ്‌സുമായി ചങ്ങാത്തത്തിലായി. 42 വയസുള്ള ഹോം നഴ്‌സ് മകന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ ഈ സ്ത്രീ പതിനേഴു വയസുകാരനുമായി ഒളിച്ചോടി. ആറുമാസം മകന്‍ ഇവര്‍ക്കൊപ്പം ബംഗളൂരുവിലായിരുന്നു. പിന്നീട് ഇരുവരും അടിച്ചുപിരിഞ്ഞു നാട്ടിലെത്തി. ഇതോടെ തന്റെ 43,000 രൂപ തിരികെ ആവശ്യപ്പെട്ട് ഹോം നഴ്സ് കോടതിയില്‍ ക്രിമിനില്‍ കേസും നല്‍കി.

ഇതിനിടെ 18 വയസ് പൂര്‍ത്തിയായ മകന്‍ ഹോം നഴ്സിന്റെ പരാതിയില്‍ ജയിലിലുമായി. ഒടുവില്‍ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകനു വിദേശത്ത് ജോലി തരപ്പെടുത്തി. വിദേശത്ത് ജോലി ലഭിച്ചതോടെ 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്ന ആവശ്യമായി ഹോം നഴ്‌സ് വീണ്ടും മുന്നോട്ടുവന്നു.” പണം ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു ഹോം നഴ്‌സും ഇന്നലെ വനിതാ കമ്മിഷനു മുമ്പാകെ എത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍ കേസില്‍പെടുത്തുകയും ചെയ്ത നടപടി അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്നു കമ്മിഷന്‍ വിലയിരുത്തി. ഹോംനഴ്‌സിന്റെ പരാതിയില്‍ നടപടിയെടുക്കുക കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും കമ്മീഷന്‍ അറിയിച്ചു. കുട്ടികള്‍ക്ക് ആവശ്യപ്പെടുന്നതെന്തും വാങ്ങി നല്‍കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button