Latest NewsKeralaNews

കൊച്ചിയിലെ ആഡംബര ഹോട്ടല്‍ ജപ്തി ചെയ്തതിനു പിന്നില്‍ …

കൊച്ചി: കൊച്ചിയില്‍ ആഡംബര ഹോട്ടല്‍ റവന്യൂ വകുപ്പ് ജപ്തി ചെയ്തു. ഹോട്ടലിലുണ്ടായിരുന്ന ഇരുപതോളം അതിഥികളെ പുറത്താക്കിയ ശേഷമാണ് വാണിജ്യആഡംബര നികുതി കുടിശ്ശിക തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ ദ് ഫേണ്‍ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂമോണ്ട് അടച്ചു പൂട്ടിയത്.

നികുതി കുടിശ്ശികയായ രണ്ടു കോടി രൂപയില്‍ ഒന്നരക്കോടി രൂപ തിരിച്ചടച്ചെന്നും ബാക്കിയുള്ള തുക അടയ്ക്കാന്‍ സമയം ചോദിച്ചുള്ള ഹര്‍ജി 22നു സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണു ഹോട്ടല്‍ പിടിച്ചെടുത്തതെന്നും മാനേജ്‌മെന്റ് ആരോപിച്ചു. എന്നാല്‍, പത്തു കോടി രൂപ നികുതിയായി അടയ്ക്കാനുണ്ടെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. അതേസമയം കളക്‌റ്റ്രേറ്റിലെ റവന്യു റിക്കവറി വിഭാഗത്തിന്റെ കണക്കനുസരിച്ച് ഹോട്ടലിന്റെ പാര്‍ട്ണര്‍മാര്‍ എല്ലാവരും ചേര്‍ന്ന് 10 കോടി രൂപയാണ് കുടിശ്ശികയായി അടയ്ക്കാനുള്ളത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ജപ്തി നടപടികള്‍ നടന്നത്. ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലില്‍ എത്തുകയും ജപ്തി ചെയ്തതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഈ സമയം ഇരുപതോളം അതിഥികള്‍ ഹോട്ടലിലുണ്ടായിരുന്നു. ഇവരെ ഉദ്യോഗസ്ഥ സംഘം ഒഴിപ്പിച്ചു. ഹോട്ടലില്‍ നടക്കേണ്ടിയിരുന്ന രണ്ടു സ്വകാര്യ പരിപാടികളും റദ്ദായി.

വാണിജ്യആഡംബര നികുതി കുടിശ്ശികയായി രണ്ടു കോടി രൂപ അടയ്ക്കണമെന്നു 2014ല്‍ നോട്ടിസ് ലഭിച്ചിരുന്നതായി ഹോട്ടല്‍ എംഡി ദീപക് സത്യപാലന്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തവണകളായി ഒന്നരക്കോടി രൂപ അടച്ചുതീര്‍ത്തു. ബാക്കി തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടു പല തവണ റവന്യു വകുപ്പില്‍നിന്നു നോട്ടിസ് ലഭിച്ചപ്പോള്‍, തുക അടയ്ക്കാമെന്നും സാവകാശം നല്‍കണമെന്നും കലക്ടറോട് അഭ്യര്‍ത്ഥിച്ചിരുന്നു. സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

അതേസമയം, കുടിശ്ശിക തുക 10 കോടി രൂപയാണെന്നും ഇത് 20 തവണയായി അടയ്ക്കാമെന്നു ഹൈക്കോടതിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചതാണെന്നും റവന്യു റിക്കവറി വിഭാഗം പറയുന്നു. ആദ്യ ഗഡു ഡിസംബര്‍ 15 നുള്ളില്‍ അടച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 17നു റവന്യു റിക്കവറി നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button