ഹൈദരാബാദ്: തന്റെ പേരിന്റെ അവസാനം ഗാന്ധി എന്നില്ലായിരുന്നെങ്കില്‍ ഇന്ന് ഒരു സ്ഥാനത്തും എത്തുമായിരുന്നില്ലെന്നും ഗാന്ധി എന്ന പേരാണ് തന്നെ ഇവിടംവരെ എത്തിച്ചതെന്നും ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. തന്നെ രണ്ടു തവണ ലോക്സഭ അംഗമാക്കാന്‍ സഹായിച്ചതിന്റെ കാരണവും ഇതുതന്നെയാണെന്നും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അച്ഛനോ മുത്തച്ഛനോ ഇല്ലെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്താന്‍ കഴിയില്ലെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഞാന്‍ നിങ്ങള്‍ക്കരികിലേക്കു വന്നിരിക്കുന്നു. നിങ്ങള്‍ എന്നെ ശ്രവിക്കുന്നു. എന്നാല്‍ എന്റെ പേരിലൊരു ഗാന്ധി ഇല്ലായിരുന്നെങ്കില്‍ ഇത്ര ചെറുപ്പത്തിലേ ഞാന്‍ എം.പിയാവുകയോ നിങ്ങള്‍ ഇതുപോലെ എന്നോട് പെരുമാറുകയോ ചെയ്യില്ലായിരുന്നു എന്നതാണ് യാഥാര്‍ഥ്യമെന്നും വരുണ്‍ പറഞ്ഞു. വ്യക്തമായ പാരമ്പര്യമില്ലാത്തതിനാല്‍ കഴിവുള്ള ഒട്ടേറെ യുവാക്കളാണ് രാഷ്ട്രീയത്തിലെത്താതെ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ 25,000 രൂപ വായ്പയടയ്ക്കാന്‍ കഴിയാത്തതിനാല്‍ 14 ലക്ഷത്തോളം കര്‍ഷകരാണ് ജയിലില്‍ അടയ്ക്കപ്പെടേണ്ടി വന്നിട്ടുള്ളത്. പണക്കാരും പാവപ്പെട്ടവരും ഒരുപോലെ ആകുന്ന കാലം വന്നില്ലെങ്കില്‍ ഒരിക്കലും നമ്മള്‍ സ്വപ്നം കാണുന്ന ഇന്ത്യ നടപ്പാകില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ഹൈദരാബാദില്‍ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ എം.പിയായ വരുണ്‍ ഗാന്ധി.
Post Your Comments