ന്യൂഡല്‍ഹി: രാജ്യത്ത് വാതുവയ്പും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിയമ കമ്മിഷന്‍ തയ്യാറാക്കി. ശക്തമായ നിയമങ്ങളുടെ പിന്‍ബലത്തോടെ വാതുപയ്പും ചൂതാട്ടവും നിയമവിധേയമാക്കുന്നതിലൂടെ കള്ളപ്പണം തടയാന്‍ കഴിയുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇത് സര്‍ക്കാരിന് വരുമാനം ഉണ്ടാക്കുന്നതോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
വാതുവയ്പ് പൂര്‍ണമായും തടയാന്‍ കഴിയുമെങ്കില്‍ നല്ലതാണ്. അല്ലെങ്കില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക മാത്രമാണ് ഏക വഴി- കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിന് ശക്തമായ നിയമം കൊണ്ടുവരണമെന്നും ജസ്റ്റിസ് ബി.എസ്.ചൗഹാന്‍ അദ്ധ്യക്ഷനായ സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. 2016ലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയമ കമ്മിഷനെ നിയോഗിച്ചത്.
വാതുവയ്പും ചൂതാട്ടവും നടത്തുന്നതിലൂടെ പ്രതിവര്‍ഷം 13,000 കോടി രൂപയാണ് രാജ്യത്ത് കൈമറിയുന്നത്. ഈ തുക പലപ്പോഴും തീവ്രവാ ദ പ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ചെലവിടുന്നത്. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ പ്രലോഭിക്കപ്പെടാതിരിക്കാന്‍ വാതുവയ്പ്, ചൂതാട്ടം എന്നിവയെ വ്യക്തിയുടേയോ ഓപ്പറേറ്റര്‍മാരുടേയോ ആധാര്‍, പാന്‍ കാര്‍ഡുമായോ ബന്ധിപ്പിക്കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഇതോടെ ഇവ രണ്ടിനേയും പണരഹിത ഇടപാടുകള്‍ ആക്കി മാറ്റാനും സാധിക്കുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2013ലെ ഐ.പി.എല്‍ വാതുവയ്പ് വിവാദത്തെ തുടര്‍ന്നാണ് രാജ്യത്ത് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍, അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ എന്നിവരടക്കം അറസ്റ്റിലായിരുന്നു. ശ്രീശാന്തിനെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു.
Post Your Comments