‘നിര്‍ത്താതെ ഇരിക്കുക’- ബികാനറില്‍ വച്ചുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ ഇരു കൈകളും നഷ്‌ടമായ മാളവിക അയ്യര്‍ നല്‍കുന്ന രണ്ടുവാക്ക് സന്ദേശമാണിത്. ഇരു കൈകളും നഷ്ടമായിട്ടും അവള്‍ മനോധൈര്യം കൈവിട്ടില്ല. പഠിച്ച് പി.എച്ച്ഡി ബിരുദം കരസ്ഥമാക്കി. ഇപ്പോള്‍ 28 വയസുള്ള പെണ്‍കുട്ടി പേരിന് മുന്നില്‍ ഇപ്പോള്‍ “ഡോക്ടര്‍” എന്ന് കൂടി എഴുതുന്നു.
പക്ഷേ, 13 ാം വയസില്‍ ഇരു കൈകളും നഷ്‌ടമായ ഒരു പെണ്‍കുട്ടി എങ്ങനെയാകും തന്റെ ഗവേഷണ പ്രബന്ധം തയ്യാറാക്കിയിട്ടുണ്ടാവുക? അതിനുള്ള ഉത്തരം മാളവിക പങ്കുവച്ച ഒരു ചിത്രത്തിലുണ്ട്.
2002 മേയ് 26, അന്നാണ് മാളവിക ജീവിതം കീഴ്മേല്‍ മരിച്ച ശപിക്കപ്പെട്ട ദിവസം. പക്ഷേ, വീട്ടിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്നു കൈകള്‍ നഷ്ടമായതും 18 മാസം നീണ്ട ആശുപത്രി വാസവും ആ 13 കാരിയെ തളര്‍ത്തിയില്ല.
ഇപ്പോള്‍, എങ്ങനെയാണ് താന്‍ പ്രബന്ധം എഴുതിയതെന്ന് ഒരു ചിത്രം പങ്കുവച്ചുകൊണ്ട് മാളവിക വെളിപ്പെടുത്തിയിരിക്കുകയാണ്. ആ ചിത്രത്തിനൊപ്പം മാളവിക ഇങ്ങനെ കുറിച്ചു,
“ഞാന്‍ എങ്ങനെയാണ് ടൈപ്പ് ചെയ്യുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ട്. എന്റെ വലതുകൈയില്‍ ഉന്തിനില്‍കുന്ന എല്ല് നിങ്ങള്‍ കണ്ടുവോ? അതാണ് എന്റെ ഒരേ ഒരു അസാധാരണമായ വിരല്‍. എന്റെ പി.എച്ച്.ഡി തീസിസ് ടൈപ്പ് ചെയ്തത് വരെ അതുകൊണ്ടാണ്”
ഒരാളുടെ ജീവിതത്തിലെ വൈകല്യം മോശം മനോഭാവം മാത്രമാണെന്ന് മാളവിക വിശ്വസിക്കുന്നു. തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച മാളവിക ബികാനറിലാണ് വളര്‍ന്നത്. ജലവിതരണ വകുപ്പില്‍ എന്‍ജിനീയര്‍ ആയിരുന്നു പിതാവ്.
വൈകല്യങ്ങളുള്ളവരെ മുദ്രകുത്തി മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചായിരുന്നു മാളവികയുടെ പ്രബന്ധം. ഇന്നൊരു അന്താരാഷ്ട്ര പ്രചോദന പ്രസംഗികയും വികലാംഗ അവകാശ പ്രവര്‍ത്തകയുമാണ് മാളവിക.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പെടുക്കാനായി ശ്രമിക്കുമ്പോഴും ഫാഷന്‍ മോഡലായും മാളവിക പ്രവര്‍ത്തിക്കുന്നു. ഉള്‍ക്കൊള്ളുക എന്ന ആശയത്തില്‍ നിര്‍മ്മിച്ച ‘ദി ഫീനിക്സ്’ എന്ന ഷോര്‍ട്ട് ഫിലിമിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
മാളവിക ശരിക്കും ആദരിക്കപ്പെടേണ്ട ഒരു വനിതയാണ്.
Post Your Comments