ദിനം പ്രതി റോഡാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. അമിത വേഗവും അശ്രദ്ധയും ഇതിനു പ്രധാനകാരണം ആകുന്നു. എന്നാല്‍ റോഡില്‍ പൊലിയുന്ന ജീവനെ രക്ഷിക്കാന്‍ കണ്ടു നില്ക്കുന്നവര് ശ്രമിക്കാറുണ്ടോ? പോലീസ് കേസ്, സമയ നഷ്ടം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സ്വയം ഉള്‍വലിയുന്ന പുതിയ തലമുറയില്‍ മനുഷത്വം നഷ്ടപ്പെടാത്തത് ചിലര്‍ക്ക് മാത്രം. മറ്റുള്ളവര്‍ ജീവന്റെ വിലയേക്കാള്‍ കിട്ടുന്ന ലൈക്കുകള്‍ക്കായി പ്രാധാന്യം നല്കുന്നു. ഒരു ജീവന് പിടയുമ്പോള്‍ ചോരയില്‍ കുളിച്ച ചിത്രമെടുത്ത് ആദ്യം ഷയര്‍ ചെയ്യാന്‍ വെമ്പുന്ന യുവ ഹൃദയങ്ങള്‍ ഇങ്ങനെ ആകാന്‍ കാരണം എന്ത്?
നമ്മുടെ സംസ്കാരത്തിന് വന്ന മാറ്റമാണ് ഇതില്‍ പ്രധാനം. സിംഗിള്‍ ഫാമിലിയായി ചുരുങ്ങുകയും ഫ്ലാറ്റ് ജീവിതത്തിലേയ്ക്ക് ഒതുങ്ങുകയും ചെയ്തതോടെ നമ്മുടെ ഉള്ളിലെ നന്മയും ചുരുങ്ങി തുടങ്ങി. ആരും ആര്‍ക്കും പരിചിതരല്ല. ജോലിയും ജീവിതവും യാന്ത്രികമായി മാറിയതോടെ ബന്ധങ്ങള്‍ക്കിടയില്‍ സ്നേഹം കുറഞ്ഞു വന്നു. ആഘോഷ ദിനങ്ങളിലെ ഒത്തു ചേരല്‍ മാത്രമായി ബന്ധങ്ങള്‍ മാറി. ഇത്തരം പുത്തന്‍ ജീവിത രീതികള്‍ പിന്തുടരുന്ന നമ്മള് അപകടരംഗങ്ങളിൽ കാഴ്ചക്കാരുടെ റോളിൽ ഒതുങ്ങുന്നു. ഇവിടെ നിന്നും രക്ഷകരുടെ റോളിലേക്കു മാറാന്‍ നമ്മള്മടികാണിക്കുന്നത് എന്തുകൊണ്ട്?
വാഹനാപകടങ്ങളിൽ പ്രത്യേകിച്ചും, നടുറോഡിൽ വാഹനമിടിച്ചു രക്തം വാർന്നു കിടക്കുന്നവർക്കു പ്രഥമ ശുശ്രൂഷ നൽകുകയോ അവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയോ ചെയ്യാത്തതുകൊണ്ടാണു കേരളത്തിലെ വാഹനാപകട ങ്ങളിൽ ഭൂരിപക്ഷത്തിലും മരണം സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഡപകടങ്ങളിൽപ്പെടുന്ന അപരിചിതരെ ആശുപത്രിയിലെത്തിക്കുന്നതിൽ നമ്മള് കാട്ടുന്ന കടുത്ത അലംഭാവമാണു ഇതിനു പിന്നില്‍. ഇത് ഒരു ദിവസത്തെ സംഭവമല്ല. നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ നമ്മുടെ കണ്മുന്നില് നടന്നാലും അറിഞ്ഞില്ലെന്ന ഭാവത്തോടെ നടന്നകലുകയാണ് നമ്മള് ചെയ്യുന്നത്. മനുഷത്വ രഹിതമായ ഈ പ്രവര്‍ത്തി ശരിയാണോ?
റോഡിൽ ഒരപകടമുണ്ടായാൽ നാട്ടുകാർ ഓടിക്കൂടുകയും കഴിയുന്ന രക്ഷാപ്രവർത്തനങ്ങളെല്ലാം നടത്തി പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്ന രീതിയാണു മലയാളികൾക്ക് ഉണ്ടായിരുന്നത്. കുറെക്കാലത്തിനുള്ളിൽ ഈ രീതി പാടേ മാറിയിരിക്കുന്നു. അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർ ചില സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങാമെന്ന ഭയമാണ് ഇത്തരം സഹായങ്ങൾ ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. പിന്നീടു പോലീസിൽനിന്നും മറ്റുമുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പലരെയും ആ നന്മ ചെയ്യുന്നതിൽനിന്നു പിന്നോക്കം വലിക്കുന്നത്. റോഡപകടങ്ങളിൽപെടുന്നവർക്ക് എത്രയും പെട്ടെന്നു വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ട്രോമ കെയർ പദ്ധതി ആവിഷ്കരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.
ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ 48 മണിക്കൂർ സമയം രോഗിയിൽനിന്നോ ബന്ധുക്കളിൽനിന്നോ പണമൊന്നും ഈടാക്കാതെതന്നെ ചികിത്സ ഉറപ്പാക്കണമെന്ന നിർദേശമാണു യോഗം മുന്നോട്ടുവച്ചത്. സ്വകാര്യ ആശുപത്രിയിലാണെങ്കിൽ ആദ്യഘട്ടത്തിലെ ചികിത്സാച്ചെലവ് റോഡ് സുരക്ഷാ ഫണ്ടിൽനിന്നു സർക്കാർ വഹിക്കണമെന്നു യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കേരള റോഡ് സുരക്ഷാ ഫണ്ട്, കെഎസ്ടിപി സാമൂഹിക ഉത്തരവാദിത്വ ഫണ്ട് എന്നിവയും സർക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചു പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശ്യം. ഇതിനായി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ പദ്ധതി പ്രാവര്‍ത്തികമായോ എന്ന് ഇനിയും തീര്‍ച്ചയില്ല. എന്നാല്‍ ഒരു പദ്ധതിയാണോ നമുക്ക് വേണ്ടത്. അപകടത്തിൽപ്പെട്ടയാൾ രക്ഷപ്പെടാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ ആ സാധ്യത ഉപയോഗിക്കാനും അതിനുള്ള മനസ്സുമാണ് നമ്മളില്‍ ഉണ്ടാകേണ്ടത്. ആ ഒരു ചിന്ത നമുക്കും പുതിയ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും ഉണ്ടാവണം. അതിലൂടെ ഒരു ജീവന് എങ്കിലും രക്ഷിക്കാന്‍ നമുക്ക് സാധിക്കും. കുറ്റം പറഞ്ഞു ഒഴിഞ്ഞു മാറാതെ ജീവന് രക്ഷാ ദൗത്യത്തിനൊപ്പം നാമും പ്രവര്‍ത്തിക്കണം. അത്തരമൊരു ട്രോമാ കെയർ നയം നമുക്കുണ്ടാകണം.
Post Your Comments