തിരുപ്പൂര്‍: ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമം രൂപീകരിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് കൗസല്യ. തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ ശങ്കറിന്റെ വിധവയാണ് 22കാരിയായ കൗസല്യ. മകള്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൗസല്യയുടെ മാതാപിതാക്കള്‍ കൊട്ടേഷന്‍ കൊടുത്ത് ശങ്കറിനെ കൊലപ്പെടുത്തുകയായിരുന്നു. ശങ്കറിന്റെ കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയാണ് കൗസല്യ.
കേസില്‍ കൗസല്യയുടെ പിതാവടക്കം ആറ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. കൗസല്യയുടെ അമ്മയെ വെറുതെവിട്ടു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കൗസല്യയുടെ പ്രതികരണം. വെള്ളിയാഴ്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് കൗസല്യ തന്റെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയത്. നീതിക്ക് വേണ്ടിയുള്ള പേരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായി കൗസല്യ പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് തടയിടുമെന്ന് പ്രതീക്ഷിക്കുന്നതായും കൗസല്യ പറഞ്ഞു.
പിതാവ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയതിനെ സ്വാഗതം ചെയ്ത കൗസല്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണമാണ് നടക്കുന്നത്. കൗസല്യയെ ശാരീരികമായി ആക്രമിക്കുമെന്ന ഭീഷണികള്‍ പോലും വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍, മാനസികനില തെറ്റിയത് പോലെയാണ് ചിലര്‍ പെരുമാറുന്നതെന്ന് കൗസല്യ പറഞ്ഞു. താനും സഹോദരന്‍മാര്‍ക്കുമൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ച് തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും കൗസല്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments