പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. നിരായുധയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്. വധ ശിക്ഷ ശരിയോ തെറ്റോ ആയികോട്ടെ. അതിനെ കുറിച്ചുള്ള ചര്‍ച്ചയല്ല. മറിച്ചു സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് മാതൃകാപരമായ കടുത്ത ശിക്ഷ നൽകണമെന്നു രാജ്യം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്ന ഈ കാലത്ത് ആ വികാരമാണ് ഈ വിധിയിലും പ്രകടമാകുന്നത്.
ഇന്ത്യയില്‍ ഏറെ കോളിളക്കമുണ്ടായ നിർഭയയുടെ ഡൽഹിയിൽനിന്നു നിയമ വിദ്യാർഥിനിയുടെ പെരുമ്പാവൂരിലേക്കു തീരെ ദൂരമില്ലായിരുന്നു. രാജ്യത്തെ മുഴുവൻ നടുക്കിയ നിര്‍ഭയയുടെ ആ ഓർമയ്ക്ക് നാളെ അഞ്ചു വർഷം തികയുകയാണ്. ആ പെൺകുട്ടി അന്നു മരണത്തിനു കീഴടങ്ങിയപ്പോൾ ‘ഞങ്ങളുടെ കുഞ്ഞിന്റെ മരണം രാജ്യത്തു സ്ത്രീസുരക്ഷയ്ക്കുവഴിയൊരുക്കട്ടെ’ എന്നായിരുന്നു അവളുടെ മാതാപിതാക്കൾ പറഞ്ഞത്. എന്നിട്ടും എന്തുണ്ടായി? നിരവധി പീഡനങ്ങള്‍ രാജ്യത്ത് നിരന്തരം നടക്കുന്നു. ഇത്തരം സംഭവങ്ങളിൽ കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങൾക്കു കൂടുതൽ ഊർജം പകരുകയാണ് ജിഷ കേസില്‍ ഉണ്ടായ വിധി. പന്ത്രണ്ടു വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ വ്യവസ്ഥ ചെയ്ത് മധ്യപ്രദേശ് നിയമസഭ പാസാക്കിയ ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിനു നൽകുകയാണ്. ഇതെല്ലം ഇത്തരം പ്രവര്‍ത്തികള്‍ കുറയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
വധശിക്ഷ നടപ്പാക്കുന്നതില്‍ ലോകത്ത് ഏഴാംസ്ഥാനത്താണ് ഇന്ത്യ. ശിക്ഷകാത്തു കഴിയുന്നവര്‍ ഇളവിനായി ദീര്‍ഘകാലം തടവില്‍ കഴിയുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയാണ് തടവുകാര്‍ വധശിക്ഷയ്ക്ക് ഇളവിനായി കാക്കുന്നത്. 2012 വരെ 447 പേരെയാണ് രാജ്യത്ത് വധശിക്ഷയ്ക്കു വിധിച്ചിട്ടുള്ളത്. 2015 ല്‍ ആറുപേരെ തൂക്കിക്കൊന്നിരുന്നു. ഏറ്റവും ഒടുവില്‍ യാക്കൂബ് മേമനെയാണ് രാജ്യത്ത് തൂക്കി കൊന്നത്- 2015 ജൂലൈ 30 ന്.
സംസ്ഥാനത്ത് വധശിക്ഷ കാത്തു കിടക്കുന്നവരുടെ എണ്ണം 19 ആയി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴുപേര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പത്തുപേര്‍ വിയ്യൂരില്‍ രണ്ടുപേര്‍. സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെയാണ്. 15 പേരെ കൊന്ന കേസിന് കണ്ണൂര്‍ ജയിലിലാണ് 1991 ജൂലൈ ആറിന് ചന്ദ്രനെ തൂക്കിലേറ്റിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒടുവിലായി ഒരു കുറ്റവാളിയുടെ കഴുത്തില്‍ കൊലക്കയര്‍ മുറുകിയത് 1979ല്‍ . കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിലേറ്റിയത്.
ആന്റണി- ആലുവ മാഞ്ഞൂരാന് കൂട്ടക്കൊലക്കേസ്. റഷീദ്- കണിച്ചുകുളങ്ങര കൊലക്കേസ്. എറണാകുളം സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. അബ്ദുള്‍ നാസര്‍- പ്രേമം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി 2013 ല്‍ ശിക്ഷിച്ചു. നാസർ, അബ്ദുൽ ഗഫൂർ- ഇരുവരും വയനാട്ടിൽ സ്ത്രീയെ പീഡിപ്പിച്ചുകൊന്ന കേസ്. ശിക്ഷിച്ചത് മഞ്ചേരി സെഷന്‍സ് കോടതി.
ഡേവിഡ്- തൊടുപുഴ പ്രത്യേക കോടതി 2012 ല്‍ വധശിക്ഷ വിധിച്ചു. പ്രദീപ് ബോറ- കോട്ടയം ജില്ലയില്‍ കൈനറ്റിക് റബേഴ്സ് ഉടമ ശ്രീധറിനേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍. പാലക്കാട് സ്വദേശി റെജികുമാര്‍- ഭാര്യയേയും രണ്ടു പെണ്‍കുട്ടികളേയും കൊലപ്പെടുത്തിയ കേസ്. ഷെരീഫ്, വിശ്വരാജന്- കായംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്.
രാജേഷ് – . വെമ്ബായത്ത് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തി. സന്തോഷ് കുമാര്‍- മാവേലിക്കരയില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസ്. നിനോ മാത്യു- ആറ്റിങ്ങല്‍ കൊലപാതക കേസ്. അനില്‍ കുമാര്‍ – ജെറ്റ് സന്തോഷ് വധം, നരേന്ദ്ര കുമാര്‍, രാജേന്ദ്രന്, കെ സി ഹംസ, കെ ആര് ഉണ്ണി, സോജു, തോമസ് തുടങ്ങിയവരും ശിക്ഷകാത്ത് കഴിയുന്നവരാണ്.
Post Your Comments