കൊല്ലം : കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ റെയിൽവേ സ്റ്റേഷൻ ഉപരോധത്തിനിടെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കരണത്ത് ഒരു പ്രവർത്തകൻ അടിച്ചത് വിവാദമായിരുന്നു. എന്നാൽ സംഭവം ഒതുക്കിത്തീർക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. സംഭവത്തിൽ ആർക്കെതിരെയും നടപടിയില്ലെന്ന തീരുമാനത്തിലാണ് കൊല്ലം ഈസ്റ്റ് പൊലീസ്. മെമു ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിനിടയിലാണ് സംഭവം നടന്നത്. ഉപരോധത്തിൽ തള്ളിക്കയറി അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയുമ്പോഴായിരുന്നു സംഭവം.
ഉപരോധ സമരത്തിനിടെ മർദനമേറ്റ പോലീസുകാരൻ സ്തബ്ധനായി നിൽക്കുന്നതും കൂടുതൽ പോലീസുകാർ പോലീസുദ്യോഗസ്ഥന് ചുറ്റും എത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് സേനക്ക് തന്നെ മാനക്കേടുണ്ടാക്കിയ സംഭവം ഒതുക്കി തീർക്കാനുള്ള നീക്കത്തിൽ പോലീസുകാർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉള്ളതായാണ് റിപ്പോർട്ട്. ബഹളത്തിനിടെ യാദൃശ്ചികമായി സംഭവിച്ച പ്രശ്നത്തിന് കേസെടുക്കേണ്ടന്ന നിലപാടും ഉണ്ട്.
Post Your Comments