Latest NewsNewsInternational

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും ഹൃദയം സൂക്ഷിപ്പുകാരനായ ഛോട്ടാ ഷക്കീലും വഴി പിരിഞ്ഞു : ഇരുവരുടേയും വഴിപിരിയലില്‍ പ്രതിസന്ധിയിലായത് പാകിസ്ഥാന്‍

മുംബൈ : ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പ്രതിസന്ധിയിലാക്കി പാളയത്തില്‍ പട കനക്കുന്നതായി റിപ്പോര്‍ട്ട്. അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ദാവൂദിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍, സംഘത്തില്‍നിന്ന് വിട്ടുപോയതായും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ക്ലിഫ്റ്റന്‍ മേഖലയില്‍ താമസിക്കുന്ന ദാവൂദിന്റെ സംഘത്തില്‍നിന്ന് രക്ഷപ്പെട്ട ഷക്കീല്‍, ഒളിസങ്കേതത്തിലാണെന്നാണ് വിവരം.

ഇന്ത്യയുടെ നോട്ടപ്പുള്ളിയായതോടെ 1980കളില്‍ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് കടന്നതെങ്കിലും പിന്നീട് പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സ്ഥിരതാമസമാക്കിയത്. ദാവൂദ് നേതൃത്വം നല്‍കുന്ന അധോലോക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെയായി ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിം കൈകടത്തുന്നതിലുള്ള അതൃപ്തിയാണ് ഛോട്ടാ ഷക്കീല്‍ ഇടയാന്‍ ഇടയാക്കിയതെന്നാണ് വിവരം. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് ദാവൂദും അനീസും ഛോട്ടാ ഷക്കീലും.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദാവൂദ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഛോട്ടാ ഷക്കീലിനെ മറികടന്ന് ദാവൂദ് സംഘത്തിന്റെ തലപ്പത്തെത്താന്‍ അടുത്തകാലത്തായി അനീസ് ഇബ്രാഹിം ശ്രമിച്ചുവരികയായിരുന്നത്രെ. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ദാവൂദ് ഇതിനെതിരെ സഹോദരന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, ദാവൂദിന്റെ വാക്കുകളും മുഖവിലയ്‌ക്കെടുക്കാതിരുന്ന അനീസ് കഴിഞ്ഞ ദിവസം ഛോട്ടാ ഷക്കീലുമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. ഇതോടെയാണ് ഛോട്ടാ ഷക്കീല്‍ സംഘം വിട്ടത്. ഇതിനു പിന്നാലെ തനിക്കൊപ്പമുള്ള അനുയായികളുമൊത്ത് ഒരു പൂര്‍വേഷ്യന്‍ രാജ്യത്ത് ഷക്കീല്‍ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ദാവൂദിന്റെ സംഘത്തിലുണ്ടായ പടലപ്പിണക്കം ഏതുവിധേനയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാക്ക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിവരുന്ന ദാവൂദിന്റെ സംഘത്തിലുണ്ടായ വിള്ളല്‍, ഇന്ത്യാവിരുദ്ധ നീക്കങ്ങളെ ബാധിക്കുമെന്നാണ് ഐഎസ്‌ഐ നേതൃത്വത്തിന്റെ ആശങ്ക. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന നീക്കങ്ങളുമായുള്ള ഐഎസ്‌ഐയുടെ രംഗപ്രവേശം.

ദാവൂദ് ഇബ്രാഹിം

മുംബൈയില്‍ 1993 മാര്‍ച്ച് 12നു നടന്ന ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരന്‍. മുന്നൂറോളം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത് ആയുധക്കടത്ത്, കള്ളക്കടത്ത്, ലഹരിമരുന്നു വ്യാപാരം, കള്ളനോട്ട്, ഹവാല തുടങ്ങി ഒട്ടനവധി കേസുകള്‍ ദാവൂദിന്റെ പേരിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വീടുകളുണ്ടെങ്കിലും ദാവൂദിന്റെ സ്ഥിരം താവളം പാക്കിസ്ഥാനിലെ കറാച്ചിയാണ്.

ഛോട്ടാ ഷക്കീല്‍

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി. ഷക്കീല്‍ അഹമ്മദ് ബാബു എന്ന ചോട്ടാ ഷക്കീല്‍ 1986-ല്‍ ഇന്ത്യ വിട്ടു.1993-ലെ മുംബൈ സ്‌ഫോടനപരമ്പര അസൂത്രകരില്‍ ഒരാള്‍. ബിജെപി നിയമസഭാംഗം രാംനായികിനെ വധിച്ച കേസിലും മുംബൈ മേയറായിരുന്ന ശിവസേനാ നേതാവ് മിലിന്ദ് വൈദ്യയെ വധിക്കാന്‍ ശ്രമിച്ച കേസിലും ഒന്നാം പ്രതി. കറാച്ചിയില്‍ ദാവൂദിന്റെ അധോലോകപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതും മറ്റു രാജ്യങ്ങളിലെ ബിസിനസ് ഇടപാട് നോക്കുന്നതും ഷക്കീലാണെന്ന് പൊലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button